ചീവീടുകളുടെ നിർത്താതെയുള്ള സംഗീതം
ഒരു മുഴക്കമായ് തലയിൽ കയറിയിട്ട് നാളുകൾ ആയി..
കൊത്തി മുറിക്കപെട്ട മാംസക്കഷ്ണങ്ങൾ അവിടിവിടെ ചിതറി കിടപ്പുണ്ട്.
പെറ്റ് നോവിന്റെ കിതപ്പ് അണച്ചു തീർത്തത് ഇപ്പഴാണ്.
ഉള്ളിൽ എവിടെയോ ഒരു പാതിരാ പുള്ളു ഉറക്കെ മോങ്ങുന്നുണ്ട്.
ചില രാത്രികളിൽ എന്റെ തേങ്ങലിനൊപ്പം ഉയർന്നു കേട്ടത്.
അവന്റെ കളിയൊച്ചകളുടെ മുഴക്കം തികട്ടി വന്നു.
ചോര കറ പിടിച്ച അരിവാൾ ചോദ്യചിഹ്നം പോലെ കിടക്കുന്നു.
തലച്ചോറിൽ കറുപ്പ് പടർന്നപ്പോൾ മറന്ന മുലപ്പാൽ മണവും, കൊഞ്ചലും അവന്റെ നെഞ്ചിലെ ആദ്യ വെട്ടിൽ തന്നെ ഒലിച്ചിറങ്ങി.
കാലുറക്കാതെ, തല ഉറക്കാതെ, കണ്ണുകളിൽ തിരിച്ചറിവ് നഷ്ടപ്പെട്ടു ഇനി അവൻ വരില്ല.
ചുടുചോര നേർത്ത ചാലുകളായി പുറത്തേക്ക് ഒഴുകി പടരുന്നു.
ഒപ്പം കാലുകൾ വലിച്ചു നീട്ടി അവളും.