ലോകം വളരുകയാണ്
നമ്മുടെ നാടും വളരുകയാണ്
വളരുന്ന ലോകത്തിൽ
മാറ്റങ്ങൾ സ്വാഭാവികം
പലതും മാറിമറിയും
ഒരിക്കലും മാറ്റം വരാത്തത്
സാധാരണക്കാരനാണ്…
വർഷങ്ങൾക്ക് മുമ്പ്
സാധാരണക്കാരന്റെ
ശകടമായിരുന്നു സൈക്കിൾ…
സർക്കാർ ഓഫീസുകൾക്ക്
മുന്നിലും, സിനിമ കൊട്ടകയിലും
സൈക്കിളുകൾക്കായി പ്രത്യേകം
ഇടം നൽകിയിരുന്നു
സൈക്കിൾ വാങ്ങാൻ
കെല്പില്ലാത്തവന് വാടകക്ക്
സൈക്കിൾ ലഭ്യമായിരുന്നു
നാലാൾ കൂടുന്നിടത്ത്
ഓടിയെത്തുന്ന സൈക്കിൾ
അഭ്യാസികളും ഉണ്ടായിരുന്നു
കാണികളിലേക്ക് ആവേശം പകർന്ന്
ചില്ലറ തുട്ടുകൾക്കായുള്ള അഭ്യാസം …
സൈക്കിൾ വാടകക്ക് നൽകുന്നവനും
പ്രകടനം നടത്തുന്ന അഭ്യാസിയുമൊക്കെ
സൈക്കിൾ കൊണ്ട് മാത്രം
കുടുംബം പുലർത്തിയ കാലം
കടംകഥയായി….
ഇന്ന് സൈക്കിൾ വ്യായാമത്തിന്റെ
പ്രതീകമാണ്, ഭാഗമാണ്…
കാലം പിന്നെയും മാറി
തീവണ്ടി ഗതാഗതവും
റോഡ് വികസനവും
ആകാശ പാതയുമൊക്കെ
വികാസം പ്രാപിക്കുമ്പോൾ
നടപ്പാതകളില്ലാതാവുകയാണ്
ഉള്ളവ ശോഷിച്ച് വരികയാണ്
തട്ടി തടഞ്ഞ് നടക്കാനാണ് വിധി
നാടും നഗരവും മാറിയാലും
സാധാരണക്കാരൻ വെറും-
സാധാരണക്കാരനാണ്
അവൻ്റെ വോട്ട് നേടി
ജനപ്രതിനിധിയായവരിലധികവും
ഇന്ന് നടക്കാൻ അറിയാത്തവരാണ്..
കാലം മാറുമ്പോൾ കോലവും-
മാറും എന്ന് പണ്ടേ ആരോ-
പറഞ്ഞു വെച്ചിട്ടുണ്ടല്ലോ….