mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

കരയരുതേ
പറയുവാനേറെയുണ്ടെങ്കിലും സഖീ
ഘടികാരമൊട്ടുമേ നിൽപ്പതില്ല.
സമയചക്രങ്ങളിൽ തട്ടിത്തെറിയ്ക്കുമെൻ
ഹൃദ്സ്പന്ദനങ്ങൾക്കിനിയെത്രദൂരം?


പരിഭവമേതുമില്ലെങ്കിലുമെൻപ്രിയേ
അരികത്തണയുവാൻ വൈകിയോ നീ?
വരളുമെൻ കരളിൻെറ ആഴങ്ങളിൽനിന്നു-
മുയരുമീ ഗദ്ഗദം കേൾപ്പതില്ലേ?
ശ്രുതിഭംഗമാർന്നൊരെൻ
സ്വരമിടറിയുയരുമീ
പടുപാട്ടിലുലയുന്നുവോ നിൻ മനം?
കരയുവതരുതേ!നിൻ, കണ്ണുനീർ വീണെൻെറ നെഞ്ചകം പൊളളുന്നു,
തളരുന്നു ഞാൻ
കരയരുതിനിയീ കഥ തീരുവോളം
കരയരുതെൻ പ്രാണനായികേനീ
ഇനിയീ യാത്രയിൽ ചിരിതൂകുമാ മുഖം
മതിവരുവോളം ഞാൻ കണ്ടിടട്ടേ!
കരയരുതിനിയീ തിരിയണയുംനേരം
കരയരുതോമനേ കരഞ്ഞിടല്ലേ.
ഇനിവരും ജന്മങ്ങളൊക്കെയും നിൻ
അരികിലുണ്ടായിടും മമ ജീവനാളം
മണിമുഴങ്ങുന്നു,ഇടവേള തീർന്നു
ഇരുളിൻെറ വാതായനം തുറന്നു
ഇവിടെയീ നാടകശാലയിലന്യോന്യം
ഇമയനങ്ങാതിരിക്കാമീയിരുട്ടിൽ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ