ഈ കുഞ്ഞുമൂക്കുകൊണ്ടല്ലേ നീയളന്നത്
ഗന്ധത്തിന്റെ പലപല ഋതുക്കള്‍.....
കൂട്ടിമുട്ടി കൂട്ടിമുട്ടി
നീയുണര്‍ത്തിയ അഗ്നികള്‍....
ഓരോ മണവും നിന്നോട് പറഞ്ഞിരിക്കും
ഇത് കൂട്ടുകാരന്‍, ഇത് ശത്രു
ഇത് രണ്ടുമല്ലാത്തവന്‍..
ഒരു കൂട്ടത്തെയപ്പാടെ പ്രണയിക്കേണ്ടതെങ്ങിനെയെന്ന്
ഞങ്ങളെ പഠിപ്പിച്ചത് നീയാണ്
വരിയൊപ്പിച്ച് വരിയൊപ്പിച്ച് നടന്നുനീങ്ങി നീ
എനിക്ക് മണക്കാനാകാത്ത വഴികള്‍
എനിക്ക് അലയാനാകാത്ത ചാലുകള്‍...
ഉമ്മവെച്ച് ഉമ്മവെച്ച് നീയറിഞ്ഞിരിക്കുന്നു,
ലോകം മുഴുവന്‍...
ചുണ്ടുകളെകൊണ്ട് ഒരാളെപോലുമറിയാന്‍
ഞാന്‍ പഠിച്ചില്ലല്ലോ
പല മണങ്ങള്‍ വന്ന്
തിങ്ങിനിറഞ്ഞാകുമോ നിന്‍റെ മരണം?
പല മണങ്ങള്‍ ചുമക്കുന്ന
കാറ്റിന്‍റെ നിര്‍വൃതിപോലെയൊന്ന്..?
പിടഞ്ഞവസാനിക്കുമ്പോഴും
നീ കൊരുത്തിട്ടുണ്ടാകും
അവസാനത്തേക്കായ്
പ്രണയത്തിന്റെ രക്തപ്പശിമയുള്ള ഒരു ഗന്ധം....