mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Saraswathi T)

എങ്ങോട്ടുമില്ല ഞാനെന്നെ വിളിക്കേണ്ട
എത്രയായാലുമെനിയ്ക്കിവിടം പ്രിയം!

കുഞ്ഞായിരുന്ന നാളെന്നമ്മയേകിയ
സ്നേഹാമൃതത്തെ മറക്കുവതെങ്ങനെ?

വിണ്ണിന്റെ മായികക്കാഴ്ചകളൊന്നുമേ,
മോഹിക്കയില്ല ഞാനെന്നറിഞ്ഞീടുക ...

കുഞ്ഞിളം കാലിനാൽ പിച്ചവെച്ചു ള്ളൊരീ
മണ്ണിന്റെ വാത്സല്യമിന്നു മറക്കയോ?

തേൻകിനിയുന്ന പഴങ്ങൾ തന്നൂ ,
ഇളനീരേകി ദാഹവും തീർത്തുതന്നൂ....

വൈവിധ്യമോലും നിറവും മണവുമായ്
നല്ലസൂനങ്ങൾ ചൊരിഞ്ഞു തന്നൂ...

നീന്തിത്തുടിച്ചൊന്നു മുങ്ങിക്കുളിക്കുവാൻ
നീർപ്രവാഹങ്ങൾ നിറയെ ത്തന്നൂ...

പഞ്ചമംപാടും കുയിൽ ഗാനവും കളഗീതമുതിരുന്ന ചോലകളും

കാനനഛായയും കാലിക്കിടാങ്ങളും
കണ്ണിനാനന്ദംപകർന്നു തന്നൂ .....

പച്ചിലക്കാടുകൾ പൂങ്കാവനങ്ങളും
പച്ച വിരിപ്പിട്ട പാടങ്ങളും

കുന്നും മലകളും, കെണ്ണഴുതിച്ചൊരാ -
കുന്നിമണികളുമെത്ര രമ്യം!

സപ്തവർണങ്ങൾ വിരാജിച്ച വാനവും
സപ്തസ്വരമാർന്ന സംഗീതവും!

സായന്തനത്തിന്റെ സൗമ്യതയും പിന്നെ
മാറിവരുന്ന ഋതു ശോഭയും. ..

ഇത്രയുമല്ലവയെണ്ണാൻ കഴിയാത്ത
ചിത്രതരക്കാഴ്ചയുണ്ടിവിടെ....!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ