പതിയെ ഞാൻ ചാരിയ
ജാലക വാതിലി-
ന്നരികിലൊരിത്തിരി-
ത്തിത്തിരിപ്പക്ഷികൾ...
പതിവായി കൊഞ്ചി-
ക്കുറുകുന്നുണ്ടെന്നോടു
പല നാട്ടുകാര്യങ്ങ-
ളെന്നും പറയുന്നു!
തത്തിപ്പറന്നവ,
ചിക്കിപ്പെറുക്കിയും
കൊത്തിയെടുത്തു തൻ
ചുണ്ടിലാക്കി,
നീളെപ്പറന്നു പാറുന്നുണ്ട-
കലേയ്ക്കു,
വീണ്ടും തിരിയേ
വരുന്നുമുണ്ട്...
അകലെയൊരൊറ്റയാ-
മാൽമരക്കൊമ്പിലാ-
യവനുടെ തോഴി-
യിരിപ്പതുണ്ടത്രേ,
അഞ്ചാറു മുട്ടകൾ-
ക്കടയിരിക്കു,ന്നവൾ;
തേടു, ന്നവൾക്കായി-
ട്ടന്ന, മിവനിപ്പോൾ.
മുട്ടകൾ വിരിയുമ്പോ-
ളച്ഛനായാ,ക്കുഞ്ഞു-
മക്കളെപ്പോറ്റുവാൻ
കാത്തിരിക്കുന്നവർ;
പാവമവർക്കറിയില്ല,
പണ്ടിതുപോലെ
ഞാനും പല നാളും
കാത്തിരുന്നെന്ന്;
ഇന്നതേ മക്കൾ
ത്യജിച്ചിട്ടനാഥനായ്-
ത്തീർന്നൊരീ ജന്മമിതെന്ന്...
അറിയാതെയെന്നിൽനി-
ന്നൂർന്നങ്ങു പോയൊരാ
സമയദലങ്ങളെ
കാത്ത വിധിയതോ,
ഞാൻ ചെയ്‌ത
പാപ കർമ്മങ്ങൾക്കുള്ള ശിക്ഷയോ,
അറിയില്ലെനിക്കെൻ
കിളിക്കൂട്ടുകാരേ!