(Nikhil Shiva)
കടമ്പിൻ ചോട്ടിൽ വീണുകിടന്ന
നിലാവിലാണ് ഞാനും അവളും
കരിനാഗങ്ങളെ പോലെ ഇണ ചേർന്നത്.
കാക്കപ്പൂവിന്റെ മണമുള്ള അവളുടെ
കാട്ടുതേനിന്റെ രുചിയുള്ള വിയർപ്പിൽ
വന്യമായി അലിയുമ്പോൾ
കാറ്റ് വന്നു... മഴ വന്നു
കടമ്പു പൂവിട്ടു നിന്നു.
ഊരി വെച്ച അവളുടെ ഉടയാടകളും
ഊരറിയാതെ ഞാൻ കൊടുത്ത ഉമ്മകളും
മണിക്കമ്മലും എടുക്കാതെ
മറന്നു വെച്ച കരിവളകൾ പോലുമെടുക്കാതെ
എന്റെ പ്രണയത്തിന്റെ മയിൽപീലി ചൂടാതെ
അവൾ പോയത്...
കാറ്റിനോപ്പമോ... മഴയ്‌ക്കൊപ്പമോ...
അല്ല..
നറുനിലാവിന്റെ തൂവെണ്ണ തുളുമ്പുന്ന,
അമ്പാടിഗോക്കൾ മേയുന്ന
പ്രണയയമുനയുടെ പ്രിയവഴിയിലൂടെ
ഈ കണ്ണന്റെ വേണുഗാനത്തിനൊപ്പമാണ്
എന്റെ രാധ....
കളഭം മണക്കുന്ന എന്റെ ഉടൽക്കരുത്തുo
കാമം തിളയ്ക്കുന്ന...
എന്റെ നീല വിരലുകളും..
അവളുടെ ചുണ്ടിൽ ഞാൻ ചേർക്കുന്ന,
എന്റെ പ്രണയത്തിന്റെ പൊന്നോടക്കുഴലും
പരിഭവം കൊണ്ടു മറന്നു പോയത്...
അവൾ വരും...
കടമ്പു പൂത്ത നിലാവിലേയ്ക്ക്...
അവളുടെ നൃത്തം തുടരുമ്പോൾ
അവളുടെ പാദങ്ങളിൽ എനിക്ക്
ചുംബനങ്ങളുടെ ചിലങ്കകൾ ചാർത്തണം.
അവളുടെ അരക്കെട്ടിൽ ചിലമ്പുന്ന
അരമണിയുടെ സംഗീതമാകണം.
കടൽ കോരി കുടിച്ചാലും ദാഹം മാറാത്ത അവളിൽ
നിലയ്ക്കാത്ത മഴയായി
എനിക്ക് തകർത്തു പെയ്തു തോരണം.
ഞാനും അവളും ഒന്നായി ചേരുന്ന
അനുഭൂതികളുടെ ആത്മനിർവൃതിയുടെ
പ്രണയനർത്തനം വീണ്ടും തുടരണം.
എന്റെ ചുണ്ടിലെ ചുംബനപ്പീലികളാൽ
അവളുടെ അനുഭൂതികളുടെ നിധിപേടകങ്ങളത്രയും
എനിക്ക് കൊള്ളയടിക്കണം.
ഒടുവിൽ ഞാൻ വാരിയെറിഞ്ഞ
ചുവന്ന മഞ്ചാടി മണികൾക്കുമേൽ
അവൾ മലർന്നു കിടക്കുമ്പോൾ
കരകവിഞ്ഞൊഴുകുന്ന യമുന പോൽ
അവളെ തഴുകിയുറക്കണം.
പ്രിയ രാധേ നീ നർത്തനം തുടരൂ...
കണ്ണന്റെ ആത്മവേദികയിൽ
നിന്റെ ചിലമ്പൊച്ചകൾ മാത്രം മുഴങ്ങട്ടെ
രാധാമാധവം മാത്രം നിറയട്ടെ.
രാധികേ വരാതിരിക്കുമോ
രാവു മായും മുൻപേ
നിലാവു താണിറങ്ങും മുൻപേ...
കണ്ണന്റെ വേണുനാദത്തിന്റെ
കന്നി പ്രണയത്തിൽ നിന്ന്
കാട്ടാറിൻ കുളിരുള്ള യമുനാനിലാവിൽ നിന്ന്
പ്രണയരാധ എങ്ങു പോവ്വാനാണ്...