സലോമി കവിത എഴുതുമ്പോളെ -
കെട്ടിയോൻ പുസ്തകമെറക്കും !
സലോമി അച്ചാറിടുമ്പോളെ -
കെട്ടിയോൻ കല്യാണ വീട്ടിൽ പോയി
ഓർഡർ പിടിക്കും !
സലോമി തയ്ക്കാൻ സൂചി എടുക്കുമ്പോളെ
കെട്ടിയോൻ തയ്യക്കട തുടങ്ങും !
കരക്കാരു മൂക്കുമ്മെ വിരൽ വെക്കും ,
പെണ്ണുങ്ങൾ അയാളെ കണ്ണ് വെക്കും ,
ഓ !!
സലോമി ഭയങ്കര ഭാഗ്യമുള്ളോളാ !!
കണ്ടില്ലേ അയാക്കൊള്ള സ്നേഹം?
സലോമി പണിയെടുത്ത് കുഴയും ,
അവര് ദീനം വന്നു കിടപ്പാകുമ്പോളെ -
അയാള് വേറെ പെണ്ണ് കെട്ടും !!
കരക്കാര് ശ്വാസം വലിച്ചു വിടും !!