(Krishnakumar Mapranam)
എരിക്കിന് പൂവുകള്‍
ഉള്ളുരുകി കരയുന്നു
ഇരുട്ടുപുതച്ച സമാന്തരങ്ങള്‍ക്കുമീതെ
കിതച്ചു പായുന്ന മങ്ങിയ മുറികളില്‍
അപഥസഞ്ചാരികളുടെ തേര്‍വാഴ്ച
പളുങ്കുപാത്രങ്ങള്‍
ഉടഞ്ഞ് പുറത്തേയ്ക്ക്
നിശബ്ദതയിൽ
നിലവിളികള്‍
കാറ്റില്‍ പതുങ്ങിയില്ലാതാവുന്നു
അപഹര്‍ത്താക്കളുടെ
ഘോഷയാത്രകള്‍ നീണ്ടുപോകുന്നു
ഉറഞ്ഞാടുന്നവരുടെ
കൊലവിളികളുയരുന്നു
മരകൊമ്പുകളില്‍ കൊക്കുരുമ്മിയിരുന്ന
കിളികള്‍ നടുക്കത്താല്‍ കൂടൊഴിയുന്നു
സമാന്തരങ്ങളിലെ
അന്ധതമസ്സിന്റെ ആഴങ്ങളില്‍
ഒരു വെളുത്ത പുഷ്പം
ദലങ്ങളടര്ന്ന് വീണുമലരുന്നു
ശവകച്ചപുതപ്പിക്കാന്
നിഴലുകള്‍ കൂട്ടമായെത്തുന്നു
സമാന്തരങ്ങളുടെ
ഇരുമ്പുപാളികള്ക്കുമപ്പുറത്തെ
വിജനവഴികളില്
എരിക്കിന് പൂവുകള്‍
ദൃക്സാക്ഷികളായി
നൊന്തുകരയുന്നു