ആകാശത്തിന്റെ നടുക്ക്
ഒരു ചിത്രകാരനുണ്ടായിരുന്നു.
വർണ്ണാന്ധത*യുള്ള
ഒരു ചിത്രകാരൻ!!!
ക്യാൻവാസുകൾ പരതി
നിറങ്ങൾ പകരാൻ
വെമ്പൽ കൊണ്ടയാൾ
ഭൂമിയിലുമെത്തി.
ആദിമഘട്ടത്തിൽ
വിപ്ലവത്തിനേതു
നിറവുമനുയോജ്യമാകവേ
ഉരച്ചാലും തേച്ചാലും
മാഞ്ഞു പോകാത്ത
ചോരച്ചുവപ്പടിച്ചത്
ചിത്രകാരനാണ്.
ജനാധിപത്യത്തിന്റെ
കോലം കത്തിച്ച്
മിച്ചം വന്ന ചാരത്തെ
നേർപ്പിച്ച് നേർപ്പിച്ച്
തൂവെള്ളയാക്കി.
പിന്നീട്,
ചിത്രകാരൻ പതുക്കെ
മഴക്കാടുകൾ കണ്ടെത്തി
ഓറഞ്ചും ചുവപ്പും മഞ്ഞയും
ലയിപ്പിക്കയാലവിടെ തീയുണ്ടായത്രേ.
സൗഹൃദത്തിന്റെ
മഞ്ഞ നിറത്തിനുമേൽ
നീല നിറവും ചേർത്തയാൾ.
അങ്ങനെയാണത്രെ - സൗഹൃദം,
പ്രണയമായിത്തീർന്നത്.
പ്രണയം നീലച്ചപ്പോഴാണ്
കാമുകൻ ആസിഡോഴിച്ചതും
കാമുകി തീ വെച്ചതും.
ക്യാൻവാസുകൾ തീർന്നപ്പോൾ
ഭൂമിയിൽ നിന്നും ചിത്രകാരൻ
ആകാശത്തേക്ക് നോക്കി.
"ദൈവം ആകാശത്തിനെപ്പോഴും
നീലനിറം വാഗ്ദാനം ചെയ്തിട്ടില്ലല്ലോ"
ശങ്കിച്ചു നിൽക്കാതെ
കറുത്ത നിറം പൂശി.
അങ്ങനെ ഭൂമിയിലുള്ളോരെല്ലാം
അന്ധരായിത്തീർന്നു.
* വർണ്ണാന്ധത - നിറങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത രോഗാവസ്‌ഥ.