എന്തു നീ തിരിച്ചെത്തി ഇത്തുരുത്തിലെച്ചിര-
സ്പന്ദനം കേൾക്കാൻ മാത്രം പിന്നെയുമണഞ്ഞെന്തേ?
ഉന്നതവരശ്രീമൽ സൗഭഗോപാന്തം തേടി
അന്നൊരു രാവിൻ കേവുവള്ളം നീ തുഴഞ്ഞുപോയ്.
ചിന്നിയവർഷാശ്രുക്കൾ, വിച്‌ഛിന്നനിനവുകൾ,
ഛിന്നഭിന്നമായിപ്പോയെൻ സ്വാസ്ഥ്യശാരദചിത്തം.
ഒന്നണഞ്ഞിരുന്നെങ്കി, ലൊന്നണച്ചിരുന്നെങ്കി-
ലെന്നു ഞാനുൾത്താപത്തിലെത്രയോ കൊതിച്ചുപോയ്.
പിന്നെയുൾക്കരുത്തിന്റെ തിടമ്പുമെടുത്തുകൊ-
ണ്ടിന്നലെപ്പോലും യുദ്ധം ചെയ്തു ഞാനശ്വാരൂഢ.
കണ്ണിമയ്ക്കുവാനൊരു തണൽ തേടീലൊരുവട്ടം
കൺകുളിർക്കുവാൻ വർണ്ണരാജികൾ തേടീലൊട്ടും.
സ്വർണ്ണമാകന്ദഫലസൗരഭം വിതറുന്ന
പൊന്മണിത്തെന്നൽ കാതിൽ പുന്നാരം പറഞ്ഞിട്ടും
ഒന്നു നിന്നീല, തിരിഞ്ഞൊന്നു നോക്കീലാ ചുറ്റും
പൊൻപ്രഭാതല്പം തീർത്തു ഭാസുര ദിവാകരൻ.
പർജ്ജന്യഭേരീനാദ വിസ്മയ മൊരുക്കിക്കൊ
ണ്ടശ്യാമവർണ്ണൻ മഴവില്ലൊന്നു കുലച്ചിട്ടും
പുൽക്കൊടിത്തുമ്പിൽ നിഴൽ വീഴ്ത്തിയെൻ ശ്യാമാശ്വങ്ങൾ
ഇക്ഷിതി വലം വച്ചു മേൽപ്പോട്ടു കുതിച്ചുപോയ്.
പണ്ടൊരുനാളിൻ ശപ്തശാന്തിയിലുപേക്ഷിച്ച
ചന്ദ്രകാന്തത്തെ വെല്ലും മാദക രജനിയെ
എന്തിനി തിരഞ്ഞു നീ പിന്നെയുമണയുന്നു
ഇന്ദുഗോപങ്ങൾ പോലെ രാവിനെ തളർത്തുവാൻ!