(O.F.Pailly)
വിശ്വപ്രതീക്ഷയായ് വിരിയുന്നുനീയെന്നും,
വിഘ്നങ്ങളിൽ ഒരുവിൺമലരായ്.
തെളിയുന്നുനീയെന്നും സ്നേഹദീപമായ്,
യാത്രികരാകുമീ ദാസരിൻമേൽ.
അനുദിനമെൻ്റ ശുഭപ്രതീക്ഷയായ്,
അകതാരിൽ വന്നുനിറഞ്ഞീടണേ.
അഖിലലോകത്തിൻ ആലംബമേയെൻ,
അപരാധമെല്ലാം പൊറുത്തീടണേ.
അനുതാപമോടെയണയുന്നു മുന്നിൽ,
അനുഗ്രഹമെന്നിൽ വർഷിക്കണേ.
ഓരോ രാവിലും പൊഴിയുന്നകണ്ണീർ,
പൂജാപുഷ്പമായ് സ്വീകരിക്കൂ.
വാനിൽ വിരിയുന്ന താരാഗണങ്ങൾ,
ഭൂവിൽ പ്രതീക്ഷയായ് തീർന്നിടട്ടേ.
ആകാശദീപത്തിൻ അഗ്നിനാളങ്ങളിൽ,
തിരുമുഖദർശനം നൽകിടണേ.
അണയാതിരിക്കട്ടെ മന്നിലെന്നുംനിൻ,
അനശ്വരസ്നേഹത്തിൻ ദീപനാളം.