അങ്ങയുടെ മുറിവുകൾ വീണ്ടും പഴുക്കുന്നു.
കണ്ണുനീർ ഗ്രന്ഥികൾ വേദനയോടെ പിടഞ്ഞുണരുന്നു.
ദൂരെയൊരു താഴ്വരയിലെ ഏകാന്ത ഭവനത്തിൽ
അങ്ങയുടെ കാമുകിക്കുറക്കം ഞെട്ടുന്നു.
പർവ്വതമുകളിൽ നിന്ന് ഒരരുവിയൊഴുകിത്തുടങ്ങുന്നു.
അതിന്റെ ശബ്ദസന്ദേശം അങ്ങയിലേക്കെത്തിക്കാനായ്
ഒരു കാറ്റ്
പർവ്വതങ്ങളുടേയും പാറക്കെട്ടുകളുടേയും മീതേ കുതിച്ചു ചാടുന്നു.
ഒരു വെള്ളക്കുതിര അങ്ങയുടെ കാൽച്ചുവട്ടിലെത്തിനിന്ന്
മേലോട്ടുനോക്കി മൃദുവായ് ചിനക്കുന്നു.
അന്നങ്ങയടെ കണ്ണുനീർ വിറയലോടേറ്റുവാങ്ങിയ ഭൂമി മാത്രം
വരണ്ടുണങ്ങിയൊരു ചിരി പകരുന്നു.
ആകാശമൊരു ചിറകായി
അങ്ങയെ വന്നു തൊടുമ്പോൾ,
ചങ്ങലക്കണ്ണികളെല്ലാമുടഞ്ഞൂർന്നുവീഴുന്ന
ശബ്ദം കേൾക്കുന്നു.
കാമുകിക്കും,
അരുവിക്കും,
കാറ്റിനും മുമ്പേ
ഒരു മഴയിരച്ചുവന്നങ്ങയെപൊതിയുന്നു.