പിരിയുന്നനേരമെൻ കണ്ണുകൾ നിറയുന്നു
പിടയുന്നുപ്രാണനെൻ നെഞ്ചിലെക്കൂട്ടിൽ
പുകയുന്നു കണ്ണും, കരളുമെൻ കാഴ്ചയും
പുലരിയിൽ ഞാൻകണ്ട സ്വപ്നങ്ങളൊക്കെയും.
വേറെയേതോ തീരങ്ങൾതേടി
കാറ്റും അന്തിക്ക് യാത്രയായീടുന്നു
നീലവാനിന്റെ തേരിലേറിയാ
താരകങ്ങളും കണ്ണു ചിമ്മീടുന്നു
രാത്രിയേതോ കിനാവുകൾ കണ്ടുതൻ
നീണ്ട വാർമുടി പിന്നി കൊരുക്കുന്നു.
മൃതി തേടിയലഞ്ഞൊരാ രാവുകള്‍ പകലുകള്‍
മൃതുഭംഗമേറ്റതാം മൃദുലമോഹങ്ങളും
പടികടന്നീടുന്നു കരുതലും, സ്നേഹവും
പകരമെത്തീടുന്നു പകയും, വിദ്വേഷവും
തിരികെ തരുകയാണിന്നു ഞാനെന്റെ
പ്രണയവും, ജീവനും, മോഹങ്ങളൊക്കെയും.
പറയുവാനില്ലിനി എന്നിലായൊന്നുമി
സ്വാർത്ഥമോഹങ്ങൾതൻ ലോകത്തിനോടുമേ
പ്രാണനല്പം കടം തരുമെങ്കിലെൻ
വീണ്ടെടുപ്പിനായ് വീണ്ടും ഉണർന്നീടാം.