വെള്ളിനിലാക്കായലോളങ്ങളിൽ
നീന്തുന്ന ഹംസമോ നീരദമോ,
രാവിന്റെ മൗനസംഗീതങ്ങളിൽ
പാടുന്ന വീണയോ ഗദ്ഗദമോ...
ദൂരെയാക്കൂട്ടിൽ വിതുമ്പുന്നുവോ,
ആരെയോ നിനവിൽ നിനച്ചൊരുനാൾ
പാടാൻ മറന്നൊരു രാപ്പാടിയോ,
പാതിരാപ്പൂവിന്റെ നിശ്വാസമോ!
പനിമതിപോലും മൂളുന്നതീ രാവിൽ
പരിദേവനത്തിന്റെ ശീലുകളോ;
പാതിരാമുല്ലകൾ കൺതുറന്നു,
താർമിഴികൂമ്പിയോ താരകളും...
വെൺപട്ടുടുത്തിന്നൊരുങ്ങിയിട്ടും,
വേദനയൂറുന്നു മിഴിയിതളിൽ;
മേദിനിയും മുഖം താഴ്ത്തി നിൽപ്പൂ,
മോദമിന്നാർക്കുമില്ലാഞ്ഞതെന്തേ!
പനിമതി, ശ്യാമവാനിൽ മറഞ്ഞു,
പാതിരാക്കാറ്റും വഴിപിരിഞ്ഞു;
പാതിമയക്കത്തിൽ നീ മാത്രമെന്തേ
പലവും പരിഭവമോതിടുന്നൂ...