എഴുതുവാൻ വയ്യെനിക്കൊറ്റവരി പോലും...
കോവിഡിൻ ഭീതിയിൽ ഉലകം നടുങ്ങവെ
ഉരിയാടുവാനാവതില്ലൊറ്റ വാക്കു പോലും...
ഒരു ചെറുവണു കൊടുങ്കാറ്റായ് ആഞ്ഞടിച്ചീടവെ
പഠിപ്പിക്കുന്നിതു നമ്മെ പാഠങ്ങൾ പലതുമെ... (2)
ശമിപ്പിച്ചിടുന്നിന്നിൻ അതിമോഹാസക്തികൾ
ഒരു ചെറുവണുവാലെ വിറങ്ങലിക്കുവതത്രെ...
വൻകരകളേഴും വാനഗോപുരങ്ങളും
ഒരു ചെറുവണുവാലെ കീഴടക്കുവതത്രെ...
മഹാശക്തികളേതും സൈന്യബലങ്ങളും
ഒരു ചെറുവണുവാലെ മുടങ്ങപ്പെടുവതത്രെ...
ഉല്ലാസങ്ങളേതുമേ പൊള്ളത്തരങ്ങളും
ഒരു ചെറുവണുവാലെ മാറ്റപ്പെടുവതത്രെ...
ചട്ടക്കൂടുതീർത്തുള്ളൊരാ പഠനപ്പരാക്രമം
ഒരു ചെറുവണുവാലെ നിർത്തപ്പെടുവതത്രെ...
പണത്തിനായ് പാഞ്ഞിടും തത്രപ്പാടെല്ലാമെ
ഒരു ചെറുവണുവാലെ ആർജ്ജിക്കുവതത്രെ...
അടക്ക മിതവ്യയ അനുസരണാദികൾ
സർവ്വം വ്യാപിക്കയായ് ദീനവിലാപങ്ങൾ...(2)
പാതാളഗർഭിയാം അട്ടഹാസമെന്നപോൽ
കരിമുകിലെ വേർപെടും മഴത്തുള്ളികളെന്നപോൽ... (2)
കണക്കില്ലാതെ പൊലികയായ് വിലപ്പെട്ടോരുയിരുകൾ
പീരങ്കി അണുബോംബ് മിസൈലാദികളെല്ലാം ...
നിഷ്പ്രഭമത്രെ ഈ ചെറുവണുവിനു മുന്നിൽ
പൂജകൾ കുർബാന നിസ്ക്കാരാദികളെല്ലാം...
നിരർത്ഥകമത്രെ ഈ ചെറുവണുവിനു മുന്നിൽ
എവിടെ മനുഷ്യൻ നിഷ്ക്രിയനാക്കപ്പെടുവതോ ...
അവിടെസ്സജീവമാം പക്ഷി - മൃഗാദികൾ
ഇവിടെ പ്രകൃതിതൻ വിധിവൈപരീധ്യമോ...?
ഇവിടെ... പ്രകൃതി കാംക്ഷിക്കുമാ നീതിയോ...?
എത്ര കുസുമങ്ങൾ പൊഴിഞ്ഞിട്ടുണ്ടാകുമീ...
രചനതൻ ഇടവേളയ്ക്കുള്ളിലെന്നറിയില്ല !!!
ഇനിയൊരു രചന - വികൃതിക്കീ പാരിതിൽ...
ഞാനവശേഷിക്കുമോ എന്നതറിയില്ല !!!
സ്വജീവൻ പോലുമേ തൃണവത്ക്കരിച്ചവർ... (2)
പണിയുന്നു പാരിനായ് മാനവരാശിക്കായ്
അവരത്രെ സ്വഗ്ഗത്തിൻ സന്ദേശവാഹകർ...
അവർക്കല്ലൊ ഹൃദയംതൊട്ടുള്ളൊരെൻ കൂപ്പുകൈ
വരികയായ് കരുതലിൻ ഒരുമതൻ നിമിഷങ്ങൾ...
നിലകൊണ്ടിടാം സ്വസ്ഥം അതിജീവനത്തിനായ്
അധരത്തിൽ മിഴികളിൽ വദനത്തിൽ ഹൃത്തതിൽ ... (2)
ഉയരുന്നൊരേമന്ത്രം... അതിജീവന മഹാമന്ത്രം
പഠിപ്പിക്കുന്നിതു നമ്മെ പാഠങ്ങൾ പലതുമെ... (2)
പഠിക്കുക പാഠങ്ങൾ പുതിയ യുഗത്തിനായ്