ഇനിയും തളിർക്കുമെങ്കിൽ നമുക്കൊരേ
വേരിൽ നിന്നും പിറക്കണം
തല്ലിയും തലോടിയും ഒന്നായി വളരണം
പൊള്ളുന്ന വേനലും വർഷവും വന്നിടും
ദുർഘട പാതകൾ പിന്നെയും നീണ്ടിടും
ദുഖവും രോഷവും ആയുധമാക്കി നാം
ഒഴുകിടാം കാലത്തിനൊപ്പമേ ...
അഗ്നിയായ് അവൾ കോപമാളിപ്പടർക്കുമ്പോൾ
പിടിതരാതെയെൻ വാശി ഓടിത്തളരുമ്പോൾ
മുഴങ്ങുന്ന നിശബ്ദതയിൽ ഒരു ചെറു മൊഴിയായ്
പടർന്നിടുമെൻ ചെറുതളിരിലയാണവൾ ..
അതെ, എന്റെ അക്ഷരനിഘണ്ടുവിലെ
സ്വന്തമെന്ന പദം, അത് അവളാണ്
എൻ്റേത് തന്റേതാക്കിയ എന്റെ കുഞ്ഞു നക്ഷത്രം ..
ഒടുവിലിരുട്ടിൻ ഭയനിഴൽ വീണുതുടങ്ങുമ്പോൾ
രാത്രിയോടായ് ഞാനുറക്കെ പറഞ്ഞിടും
എനിക്കെന്റെ കുഞ്ഞു നക്ഷത്രമുണ്ട്
കൂടെപ്പിറക്കാതെ കൂടപ്പിറപ്പായവൾ ...