(Neelakantan Mahadevan)
സാങ്കേതികവിദ്യയഭ്യസിച്ചെങ്കിലും
വേഗം കോപിഷ്ഠനാകുമെങ്കിലും
കാവ്യദേവതതൻ നിത്യകാമുകനായ്
മാറിയതത്ഭുതംതന്നെയല്ലോ!
ആത്മാവുതൊട്ടുണർത്തുമാശയങ്ങളും
ഓമൽക്കിനാവേകും വരികളും
ഒന്നുപോലുൾച്ചേർന്നുള്ളതാമെണ്ണമറ്റ
ഗാനതല്ലജങ്ങൾ തന്നുവല്ലോ!
കാവ്യവും ഗാനവും തിരക്കഥകളും
സംവിധാനവും നിനക്കു ചേരും
കാണികൾതന്നന്തരംഗം കവരുന്ന -
താണുനിൻ ചലച്ചിത്രശില്പങ്ങൾ !
സന്താനനഷ്ടമേകിയതാം തീരാത്ത
വേദനയകതാരിലുൾക്കൊണ്ടു
കാവ്യമെഴുതി കണ്ണീർത്തുള്ളികൾ നൽകി
കേരളീയരെ ദുഃഖത്തിലാഴ്ത്തി!
കസ്തൂരിഗന്ധവും താമരത്തോണിയും
കണ്ണുനീരും പുഞ്ചിരിയും ചന്ദ്രികയും
ആകാശവും ഭൂമിയുമനുരാഗവു -
മുൾക്കൊള്ളുന്നു നിൻഹൃദയഗീതം!
എട്ടുപതിറ്റാണ്ടുകൾ സഫലമായ് പി -
ന്നിട്ട ജീവിതത്തിൽ സർഗ്ഗശക്തി
കുതിച്ചുയരട്ടെയിനിയുമേറെനാൾ ,
കൊതിപ്പൂ ഞങ്ങൾ നിൻ കവനങ്ങൾ !
[ 16- 3 - 22 -ശ്രീകുമാരൻ തമ്പി എന്ന സർവകലാവല്ലഭന്റെ എൺപത്തിൽരണ്ടാം ജന്മദിനം. ചില ചിന്തകൾ...]