ഹൃദയത്തിന്നിടനാഴിതന്നിലായെവിടെയോ
വഴി മറന്നൊരുവേള നിശ്ചലയായ്!
നഷ്ടമായുൾപ്പൂവിൻ ചിന്തകളൊക്കെയു-
മടിഞ്ഞുപോയേതോ തീരങ്ങളിൽ!
ചേതനയറ്റപോൽ ഗാഢമാം നിദ്രയി
ലെന്നെ മറന്ന വിനാഴികകൾ!
യാന്ത്രികമായുള്ളോരാജ്ഞകൾക്കനുസൃതം
വിധേയമായ്, മസ്തിഷ്കമുണർന്നിരിക്കേ...
മയക്കുമരുന്നിൻ്റെ ഊർജതന്മാത്രക-
ളൊഴുകിയെൻ സിരകളെ അടിമയാക്കി!
ബോധം മറഞ്ഞെൻ്റെ ദേഹം തളരവേ,
തല്പത്തിനുള്ളിലായ് ശവം കണക്കേ...
ഏതോ ഒരജ്ഞാത സീമയിലെൻ ചിത്തം,
ധ്യാനനിമഗ്നയായ് തീർന്നുവെന്നോ!
കത്രികാകിലുക്കങ്ങൾ കേട്ടതില്ലൊട്ടുമേ..
കത്തി താഴുന്നതുമറിഞ്ഞതില്ലാ...
ചോരപ്രവാഹത്തിന്നിടയിലും കണ്ഠത്തിൽ,
കരുതലിൻ വിരലുകൾ ചലിച്ചു മന്ദം!
വിദഗ്ധനാം സർജൻ്റെ അംഗുലീചലനങ്ങ
ളതിസൂക്ഷ്മം വളർച്ചയെ മുറിച്ചുമാറ്റി.
വൈദ്യനാം ദൈവത്തിൻ കൃപകളെൻ മേനിയെ
തഴുകിത്തലോടിക്കടന്നു പോകേ,
ആvസ്നേഹവാത്സല്യ കിരണങ്ങൾക്കുള്ളിലെ
പ്രാഭവവലയത്തിലുറങ്ങി ഞാനും!
നാലഞ്ചുനാഴികയേതോ തുരുത്തിലായ്
മൃത്യുവിൻ താഴ്‌വരയെന്നവണ്ണം!
ഗൂഢമാം നിദ്രതന്നാഴത്തിൽ നിന്നെ
ന്നെയാരോ തട്ടിവിളിച്ച നേരം,
എങ്ങോ മറഞ്ഞൊരെൻ ചേതനയാകവേ,
തിരികെയെൻ ഹൃത്തിലായലിഞ്ഞിറങ്ങീ...
ആ നിമിഷത്തിൻ്റെ ധന്യതയേറവേ,
ആവർത്തനങ്ങളായ് ചോദ്യങ്ങളും!
ആ പകൽവേളയിലാരോ കവർന്നതാ-
മാത്മാവിൻ രോദനം തേങ്ങലായോ?
ഉത്തരം കിട്ടാത്ത ചോദ്യങ്ങളാ,യാദിനം
ഇന്നുമെൻ സ്മരണയി ലുണർന്നിടുന്നു!