ഒക്കെയും മറക്കുന്നു, പാതിരാ ചന്ദ്രനു
തേൻ നിലാരാത്രിയും അകലെയാകുന്നു.
ഇന്നോളമാരും എൻ ഹൃദയം പറിച്ചതില്ല-
നിന്നോളമാഴത്തിൽ, എവിടെയാണു നീയെൻ പ്രിയേ!
താരമേ, ചന്ദ്രകാന്തമേ നിൻ പുലരികളിൽ
സൂര്യനാകാൻ കൊതിച്ചിരുന്നു ഞാൻ.
മേഘങ്ങൾ ഒഴുകിയകന്ന മാനത്ത്
നിൻ കരംപിടിച്ച് മലർന്നുകിടക്കാൻ
കൊതിച്ചിരുന്നു ഞാൻ.
പറയാൻ മറന്നതോ, അറിയാതെ
പോയതോ!, ഏതാണേലും
നീ അറിയാതെപോയൊരു പ്രണയം
എന്നിലുണ്ട്, കനലിലും കാരിരുമ്പിലും
ഞാൻ നിന്റെ നാമം കൊത്തിവയ്ക്കുന്നു.
ഏഴുഭൂഖണ്ഡം മുഴുവൻ തിരഞ്ഞാലും
പകരമാകുമോ നിന്നെപ്പോലൊരാൾ എന്നിൽ!
എന്നു ചോദിക്കാൻ നാക്കുയർത്തവേ
നിൻ സ്വരഗാംഭീര്യതയിൽ ഞാൻ ഞെട്ടിത്തരിച്ചു.
എന്റെ വിശുദ്ധരാവുകളിൽ ഞാൻ നിന്നെ-
യോർത്തു കണ്ണീർവാർക്കും, എന്റെ
അവിശുദ്ധരാവുകളിൽ നിന്നെ മറക്കാൻ ശ്രമിച്ച്
ഞാൻ ഭൂമിയുടെ ആഴങ്ങളിൽ മറിഞ്ഞുവീഴും.
എന്റെ വിലാപേശ്വരീ, നൂറ്റാണ്ടുകണ്ട
പ്രണയസംഹിതയിലെ ആദ്യവചനം നിനക്കു
ഞാൻ വെളിപ്പെടുത്തുന്നു,, “ഇതു നിന്റെ
പ്രണയകാവ്യമല്ല, ഇതെന്റെ വിലാപരാഗമല്ല
നമ്മളിൽ അറിയാതെ പോയ നമ്മളാണ്. “