Jnattuvela

Rajendran Thriveni

ഞാറ്റുവേലത്താളം പാടെ മറക്കുവാൻ 
തിരുവാതിരയ്ക്കെന്തു പറ്റീ?
മഴനൂലു പൊട്ടാതെ മണ്ണിലേക്കെത്തിയ
കുളിരിന്റെ തുള്ളികളെങ്ങേ?

ഏതൊരു കശ്മലൻ വീട്ടുതടങ്കലിൽ
നിന്നെയൊളിപ്പിച്ചു വെച്ചൂ?
ആകാശനാട്ടിലെ പീഡനമേറ്റു നീ
കണ്ണീരൊലിപ്പിച്ചിരിപ്പോ?

രോഗാതുരയായ്ക്കിടക്കയോയാതിര
പനിവന്നു വയ്യാതെയായോ?
ലഹരിക്കടിമയായ് പെയ്യാൻ മറന്നു നീ
ദു:ഖിച്ചു ദൂരേക്കകന്നതാണോ?

കാശിയോ, കേദാരനാഥിലോ ചുറ്റിയോ
ദേവനെക്കണ്ടു മറന്നു നിന്നോ?
പൃഥ്വിക്കു തലചുറ്റി ഭ്രമണം പിഴച്ചുവോ?
ഋതുതാളം ശ്രുതിഭംഗമായോ?

പേടിപ്പെടുത്തുന്ന ഏതോ വിനാശത്തിൻ
ചിറകൊച്ച കേൾക്കുന്ന പോലെ!
അടിവെച്ചടിവെച്ചടുക്കുമപചയം
ചിലമ്പൊലി തീർക്കുന്ന പോലെ!

താളംപിഴയ്ക്കാത്ത ഞാറ്റുവേലത്തുടി-
പ്പാട്ടുമായണയട്ടെ കാലം!
സത്യമങ്ങാകാതിരിക്കട്ടെ ശങ്കകൾ
ശംഖൊലി തീർക്കട്ടെ നല്ലകാലം!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ