മകരത്തണുപ്പുമാറി പകൽ പുഞ്ചിരിച്ചുനിൽക്കെ
അറിയാതെ പൂമരങ്ങൾ സാന്ദ്രമായ് പുഞ്ചിരിച്ചു
ചില്ലകൾ പൂവിരിക്കാൻ മോഹമായ് മൊട്ടിട്ടു
മെല്ലമെല്ലെ ഊയലാടി പൂമരം ചഞ്ജലാക്ഷിയായി.
താലോലമാട്ടി ഓരോ മൊട്ടിനെയും തഴുകിയെന്നും
കാവലായി കൺമിഴിച്ചു കാത്തിരുന്നു മോഹം
നീലാംബരി രാഗം പാടി മാറോടു ചേർത്തുറക്കി
കല്യാണിരാഗമായി പുലരിയിൽ പുഞ്ചിരിച്ചു
നീലമേഘജാലങ്ങളിൽ കണ്ണെറിഞ്ഞു കണ്ണുപൊത്തി
വെൺമേഘ കൂട്ടങ്ങളും മൗനമായി പുഞ്ചിരിച്ചു
നീരദം സ്നേഹമായി നീഹാരമായ്പൊഴിഞ്ഞു
സൂര്യാംശു കൈകൾനീട്ടി മെല്ലെ മാറോടു ചേർത്തു
കുഞ്ഞിളം തെന്നലെന്നും പൊന്നിളം കവിൾ തടവി
ചെഞ്ചുണ്ടിൽ മുത്തിമുത്തി ഇതളുകൾ കൺതുറന്നു
പറന്നെത്തി ശലഭങ്ങൾ വർണ്ണമേറും പൂഞ്ചിറകാൽ
മെല്ലെ വീശിത്തലോടലിൻ ചെറുകുളിരലകളുമായി
കൺചിമ്മി നാണത്താൽ കൂമ്പിയോ ചെറുദലങ്ങൾ
കാതിൽമെല്ലെ മൊഴിഞ്ഞുവോ മധുവന്തി തരളമായി
ഭ്രമരങ്ങൾ വട്ടമിട്ടോതിയോ കിന്നാരം, നുകർന്നുവോ
അറിയാതെ നിന്നധരങ്ങൾ കാത്തുവച്ച മകരന്ദം
പൂമരം കേണുവോ നീപകർന്ന സുഖമാവോളം
നുകർന്നവർ നിന്നെയറിയാതെ പോയപ്പോൾ
ആലോലമാട്ടി മെല്ലെ നുള്ളിയെടുക്കുന്നോയെൻപ്രീയ
സൗഭഗങ്ങളെന്നു കാറ്റിനോട് ചില്ലകൾ പരിഭവിച്ചുവോ