നിൻ രാഗമഴയിലൂടുതിരുന്ന തുള്ളി-
യിലലിയുവാനീയെന്നെയനുവദിക്കൂ...
ആദ്യസമാഗമ ലജ്ജയിൽ കിനിയുന്ന,
ചൊടിമലരിതളിലെ മധു നുകരാൻ;
കരിമഷിയെഴുതിയ കടമിഴിക്കോണിലെ,
പരിഭവക്കൂട്ടിനാൽ കുറി വരയ്ക്കാൻ;
മാനസ നിളയിലൂടൊഴുകിയെന്നാശകൾ
അനുരാഗ വീണയിൽ ശ്രുതികളായി!
നുണക്കുഴിക്കവിളിലെ തൂമന്ദസ്മേരവും
ഒപ്പിയെടുത്തെന്റെ മിഴിയിണകൾ!
പനിമതികാന്തി തുളുമ്പിടുമാനനം
കോരിയെടുത്തെന്റെ കൈക്കുമ്പിളിൽ;
പാതിയടഞ്ഞ നിൻ പങ്കജലോചനം
ചുംബനപ്പൂക്കൾ കൊതിക്കയല്ലേ?
ഒരു പ്രേമലതികയായ് ചുറ്റിപ്പടർന്നു നീ,
ആത്മാവിന്നാഴിയിലടിയുകില്ലേ?