നിന്നോടുള്ള പ്രണയാസക്തികൊണ്ട്
ഞാൻ എന്നെ തന്നെ കീറി മുറിച്ചു
ആ രക്തതുള്ളികൾ കൊണ്ട്-
ഹൃദയലിഖിതത്തിൽ കോറിയിട്ട ആ
കടലാഴങ്ങളിലേക്ക്
ഒരിക്കൽ കൂടി മുങ്ങിത്തപ്പണം.
എന്നുള്ളിലെ ഹൃദയതാളത്തിന്റെ
ഓരോ മിടുപ്പും സ്പന്ദനവും
കാതോർത്തിരിക്കുന്ന നിനക്കായ്
മുളപൊട്ടിയതാ വിരഹിക്കുന്നു;
എന്റേത് മാത്രമാണ് നീയെന്ന ചിന്തയെന്നെ ഓരോ പുലരിയും
പ്രണയലോലയാക്കി, നീ എന്റേത് മാത്രം!
നിന്നിലെ ഓരോ നിശ്വാസവും;
ഒരിക്കൽ കൂടി ആ ഓർമകളുമായി..!
ആദ്യമായി എന്നിൽ ഉടക്കിയ ആ നീലമിഴികളായിരുന്നു സുഷുപ്തിയിലാണ്ട് ആലസ്യത്തിലമർന്നിരുന്ന എന്റെ ചേതോവികാരത്തെ ഉണർത്തിയത്. ആ പുഞ്ചിരിയെന്റെ മനസ്സിനെ വല്ലാതെ പൂത്തുലച്ചു ഉള്ളറയിലെ കടലാഴങ്ങളിലെ കാണാകാഴ്ച്ചയിലേക്ക് കൊണ്ടുപോയി.
പ്രണയമെന്ന വികാരത്താൽ മനസ്സിൽ നിറങ്ങൾ ചാർത്താത്തപ്രായം. അന്ന് വീട്ടിൽ വന്നിട്ടും, ആ മുഖമായിരുന്നു മനസ്സിൽ. രാത്രിയുടെ യാമങ്ങളിലെപ്പോഴോ ഉറക്കത്തിൽ നിന്നൊന്നു ഞെട്ടിയുണർന്നപ്പോഴും ആ മുഖമങ്ങിനെ മനസ്സിന്റെ കോണിൽ കോറിയിട്ടുട്ടുണ്ടായിരുന്നു.
'എന്തേ... ഇങ്ങിനെ?' ഒരായിരം വട്ടം മനസ്സിനോടു തന്നെ ചോദിച്ചു. പറഞ്ഞു ഫലിപ്പിക്കാൻ കഴിയാത്ത വികാരം കൊണ്ട് എന്തിനോ, സങ്കടവും, കരച്ചിലും വന്നു. അന്നാദ്യമായി പെയ്യുന്ന നിലാവിനോടും പൂക്കുന്ന നക്ഷത്രത്തോടും വല്ലാത്ത പ്രണയം തോന്നി. എങ്ങിനെയോ നേരം വെളുപ്പിച്ചു.
പിറ്റേന്ന് കലോത്സവം നടക്കുന്ന സമയമായിരുന്നു. ആരാണെന്നോ, എന്താണെന്നോ, പേര് പോലും അറിയില്ല. എന്റെ കണ്ണുകൾ അയാൾക്ക് വേണ്ടി ഉഴറി നടന്നു. പെട്ടെന്ന് അയാളുടെ സാന്നിധ്യം പോലെ, എന്നിൽ ഒരു മിന്നൽ പ്രവാഹം. ഞാൻ ഞെട്ടലോടെ തിരിഞ്ഞു നോക്കി, അയാൾ! കണ്ണുകൾ തമ്മിൽ തമ്മിൽ ഉടക്കിയപ്പോൾ, ആർദ്രമായ ഒരു പുഞ്ചിരി; അങ്ങോട്ടും കൈമാറി.
പിന്നെ ആ യുവ കോമളനെ, കണ്ടതേയില്ല. വെറുതെ, അവിടെയും, ഇവിടെയുമൊക്കെ പരതികൊണ്ടിരിരുന്നു. വീട്ടിലെത്തിയിട്ടും, പറഞ്ഞറിയിക്കാൻ പറ്റാത്ത അസ്വസ്ഥത, ഹൃദയത്തിനകത്ത് പിടച്ചിൽ; കീറിമുറിയുന്ന അവസ്ഥ.
നേരം വെളുത്തപ്പോൾ, മനസ്സിന് ചില ആശ്വാസ വചനങ്ങൾ ചൊല്ലി കെടുത്തു.
"ഒന്നു കണ്ടു ചിരിച്ചു... അത്രയല്ലേ....ഉള്ളൂ... അതിലെന്തിന് ഇത്ര വേവലാതിപ്പെടണം. ദിവസവും എത്രയാൾക്കാരെ കാണുന്നു. അത് പോലെയാണെന്ന് വിചാരിക്കുക. അത്രയേ ഉള്ളൂ..."
മറന്നു കളയാൻ ശ്രമിച്ചു. എന്നിട്ടും, വെറുതെ കണ്ണുകൾ കൊണ്ട് പരതൽ തുടർന്നുകൊണ്ടേയിരുന്നു. മനസ്സ് നമ്മളെ അനുസരിക്കാറില്ലല്ലോ... എങ്ങനെയൊക്കെയോ സ്കൂളിൽ ഇരുന്ന് വൈകുന്നേരം ആക്കി. സ്കൂൾ വിട്ടപ്പോൾ, വേഗത്തിൽ ഓടി. എന്തിനെന്നോ? വീട്ടിൽ പോയൊന്ന് പൊട്ടിപ്പൊട്ടി കരയണം. എല്ലാ വിർപ്പുമുട്ടലും, സങ്കടവുമെല്ലാം പെയ്തിറക്കണം.
സ്കൂൾ ഗേറ്റ് കടന്ന്, മെയിൽ റോഡിലേക്ക് എത്തി. കടല കച്ചോടക്കാരനിൽ മനസ്സ് ഉടക്കി.എന്റെ ഫേവറേറ്റ്. ചില്ലറ പൈസ തപ്പി അങ്ങോട്ട് നടക്കുന്നിടയിൽ ഞാൻ ഞെട്ടി പോയി. അതാ...ആ... യുവാവ്... തന്നെ തന്നെ നോക്കിനിൽക്കുന്നു. പെട്ടെന്ന് എന്റെയടുത്തേക്ക് വന്നു, ഒരുകവർ നീട്ടി.
"കുട്ടീ.... ഇതൊന്ന് വായിച്ചു നോക്കിയിട്ട്, മറുപടി തരുമോ? നാളെ ഇവിടെ തന്നെ, ഞാനുണ്ടാകും."
ഞാൻ ആർത്തിയോടെ കവർ കൈക്കലാക്കി, പുസ്തകത്തിൽ ഒളിപ്പിച്ചു.
വീട്ടിലത്തി, ഒരമൂല്യ നിധി പോലെ വായിച്ചു. ആദ്യമായി കിട്ടിയ ലൗലെറ്റർ. നൂറായിരം തവണ, അപ്പോൾ തന്നെ വായിച്ചിട്ടുണ്ടാകും. ചൂരൽ വടിയുമായി, റോന്ത് ചുറ്റുന്ന ഫാദറിനെ, കുറിച്ച് അപ്പോൾ ഒരു ചിന്തയും ഇല്ലായിരുന്നു. കുറച്ച് അല്ല. കുറെയധികം വികൃതി ത്തരം ഉള്ളത് കൊണ്ട്, ആ ചൂരലിന്റെ ചൂട് നന്നായി അനുഭവിച്ചിട്ടുള്ളതാണ് ഞാൻ. എന്നിട്ടും, എനിക്കൊരു കുലുക്കവും ഇല്ലായിരുന്നു. അതങ്ങനെ, ഉണ്ടാവാനാ... പ്രണയവലയത്തിൽ പെട്ട് പോയില്ലെ...!
മൂന്നുവർഷക്കാലം പ്രണയം കുളിര് കോരിയിട്ടു. ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത ആ ദിനകൾ!
അദ്ദേഹം എനിക്കുവേണ്ടി എഴുതുന്ന ലെറ്ററിന്റെ മറുപടിയായി ഞാൻ എഴുതി കൂട്ടിയത്, 200 പേജുള്ള ബുക്സ് മുഴുവൻ പ്രണയലിഖിതങ്ങൾ കൊണ്ട് കൂടൊരുക്കി കൊണ്ടായിരുന്നു. എന്നിലെ അക്ഷരങ്ങൾ മുഴുവൻ അദ്ദേഹത്തിനു വേണ്ടി പെയ്തിറങ്ങിയ പെയ്തിറങ്ങി എന്നിൽ കഥയും കവിതയും എത്തി നോക്കാനും തുടങ്ങി.
എന്നത്തേക്കുമായി ജീവിത സഖിയാക്കണം എന്ന് വല്ലാതെ മോഹിച്ചിരുന്നു അയാൾ, അതിന് വേണ്ടി പല ത്യാഗങ്ങളും സഹിച്ചു.
പക്ഷെ! കാലം... വർഷങ്ങൾക്ക് മുമ്പാണ്. ഫാദറിന്റെ മുഖത്തുനോക്കി സംസാരിക്കാൻ പോലും പേടിയുള്ള കാലം. അത് പോലെ തന്നെ, ഫാദറിന്റെ ചില പിടിവാശി മുന്നിൽ ഞങ്ങൾക്ക് സ്വയം പിൻവാങ്ങേണ്ടി വന്നു. എന്നാലും ആ പ്രണയിച്ച നാളുകൾ ഇന്നും, മനോഹരമായ ഓർമകളിലൂടെ എന്റെ താളുകളിൽ മയങ്ങി കിടപ്പുണ്ട്.
റുക്‌സാന അഷ്‌റഫ് വയനാട്.