മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • ഓറിയന്റ് എക്സ്പ്രസ്

    Jojy Paul

    ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്.  പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട  മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.  

    Read more …

  • ബഡായിക്കഥ

    • MR Points: 100
    • Status: Ready to Claim

    badayikkadha

    Jojy Paul

    തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.

    Register to read more …

  • മസിനഗുഡി

    • MR Points: 100
    • Status: Ready to Claim
    masinagudi
    Joji Paul
    ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.

    Register to read more …

  • കുമ്പളങ്ങ കനവുകള്‍

    • MR Points: 100
    • Status: Ready to Claim

    ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.

    Register to read more …

  • ഇന്റർവ്യൂ

    interview

    മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്. 

    Read more …

തൃശൂർ 
28.04.1992

സ്നേഹം നിറഞ്ഞ പൈങ്കിളിക്ക്,

എന്റെ പ്രിയപ്പെട്ടവളെ ഞാനും അങ്ങനെ തന്നെ വിളിക്കാം. അതിനാണല്ലോ കുറച്ചു കൂടി കാല്പനികതയുടെ സൗരഭ്യമുള്ളത്. താൻ എന്റെ ആദ്യ പ്രണയിനിയാണെന്നതുപോലെ  ഇതെന്റെ ആദ്യ പ്രണയലേഖനവുമാണ്. കത്തെഴുതാൻ എത്രമാത്രം ബുദ്ധിമുട്ടുണ്ടെന്ന് ഇന്നു ഞാൻ ശരിക്കും മനസ്സിലാക്കി. അപക്വമായി എന്തെങ്കിലും എഴുതിക്കൂട്ടി, തന്നെ അമ്പരപ്പിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. പുഴയിൽ നിന്നും വെള്ളാരംകല്ലുകൾ പെറുക്കിയെടുക്കും പോലെ, ഓരോ വാക്കും തിരിച്ചും മറിച്ചും നോക്കി, തനിക്ക് ഇഷ്ടമാകാതിരിക്കുമോ എന്നു സംശയിച്ചു സംശയിച്ചു്, എത്ര സാവധാനമാണ് ഇതെഴുതിപ്പോകുന്നത്! എങ്കിലും ഈ ബുദ്ധിമുട്ട് എനിക്കൊരുപാടു സന്തോഷം പകരുന്നു. ഇതെന്നെ ഉന്മാദിയാക്കുന്നു.

നാം തമ്മിൽ രണ്ടു തവണ മാത്രമാണല്ലോ ഇതിനു മുൻപ് കണ്ടിട്ടുള്ളത്. സംസാരിച്ചിട്ടുള്ളതും വളരെ വിരളമായിട്ടു മാത്രം. എങ്കിലും ദൂരത്തിന്റെയും, കാലത്തിന്റെയും അകലങ്ങളിൽ ഒട്ടും ഒളി മങ്ങാതെ നിന്റെ രൂപം എന്റെ ഉള്ളിലുണ്ട്. നിന്റെ ശബ്ദം എന്റെ ഉൾക്കാതുകളിൽ സർവ്വ സമയവും സംഗീതമായി മുഴങ്ങുന്നു. സർവ്വദാ നിന്നോടു ഞാൻ സംവദിക്കുന്നു. ഇന്നലെ തീവണ്ടിയിൽ യാത്രചെയ്യവേ എതിർ ദിശയിൽ ഇരുന്ന വല്യമ്മച്ചി എന്നെ സംശയത്തോടെ പലവട്ടം നോക്കുന്നതുകണ്ടു. ഒറ്റയ്ക്ക് സംസാരിക്കുന്ന എന്നെ കണ്ട് 'വട്ടാണോ' എന്നവർ സംശയിച്ചു കാണും. പറയുവാൻ എന്തൊക്കെയാണ് എനിക്കുള്ളത് കൂട്ടുകാരീ! നിനക്കറിയുമോ എത്രമാത്രം നിന്നെ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് ! നിലാവു പൊഴിയുന്ന രാവുകൾക്കായി ഞാൻ കാത്തിരിക്കുകയാണ്, നിന്നെ കേൾക്കാൻ. ഹിമകണങ്ങൾ ഇറ്റുവീഴുന്ന പുലർച്ചകൾക്കായി ഞാൻ കാത്തിരിക്കുകയാണ്, പിന്നെയും പിന്നെയും നിന്നെ കേൾക്കാൻ. 
 
ഇതിനിടയ്ക്കു രണ്ടു വട്ടം ഞാൻ നാട്ടിൽ വന്നിരുന്നു. നേരിൽ കാണണമെന്നു കരുതിയാണ് രണ്ടു തവണയും എത്തിയത്. അമ്മച്ചി ചോദിച്ചു "പൈങ്കിളിയെ കാണാൻ പോകുന്നില്ലേ?" എന്ന്. "പോകണം" എന്നാണ് അമ്മച്ചിക്ക് മറുപടി കൊടുത്തത്. എങ്കിലും പിന്നീടു വേണ്ടെന്നു വച്ചു. നിന്റെ പി ജി പരീക്ഷാ പ്രാവുകളെ ഞാനായിട്ടു പ്രണയത്തിൽ മുക്കിക്കൊല്ലണ്ടാ എന്ന കടുത്ത തീരുമാനം ഞാൻ എടുത്തുകളഞ്ഞു (എന്താ എന്റെയൊരു കൺട്രോൾ!). പരീക്ഷകൾ ഇതിനോടകം കഴിഞ്ഞു കാണുമെന്നു വിശ്വസിക്കുന്നു.

എത്ര വിചിത്രമായ പ്രണയമാണ് നമ്മുടേത് എന്ന് ഞാൻ ആലോചിക്കാറുണ്ട്. ഒരേ പട്ടണത്തിൽ ജനിച്ചു ജീവിച്ചിട്ടും നാം തമ്മിൽ കണ്ടുമുട്ടാനുള്ള സാഹചര്യം  ഉണ്ടായത് നമ്മുടെ മാതാപിതാക്കൾ അങ്ങനെയാവട്ടെ എന്നു തീരുമാനിച്ചതിനു ശേഷമാണ്. ഒരുപക്ഷെ, പട്ടണത്തിലെ തിരക്കുള്ള ഏതെങ്കിലും നിരത്തിൽ വച്ചോ, കവലയിൽ വച്ചോ, ബസ് സ്റ്റാൻഡിൽ വച്ചോ, അല്ലങ്കിൽ പാലത്തിൽ വച്ചോ, അതുമല്ലെങ്കിൽ സിനിമാശാലയിൽ വച്ചോ നമ്മൾ കണ്ടിരിക്കാം. പതിനായിരക്കണക്കിന് ആളുകൾ അധിവസിക്കുന്ന വിശാലമായ ഒരിടത്തു, രണ്ടുപേർ യാദൃശ്ചികമായി കണ്ടുമുട്ടാനുള്ള സാധ്യത എത്രയോ വിരളമാണ് (കണക്കിൽ പൊതുവെ ഞാൻ വീക്കായിരുന്നെങ്കിലും, പ്രോബബിലിറ്റി എന്റെ വീക്നെസ് ആയിരുന്നു). എനിക്കുള്ളവൾ അരികിലുണ്ടായിരുന്നിട്ടും ഇത്രയും നാൾ കാണാൻ കഴിഞ്ഞിരുന്നില്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക് നഷ്ടബോധം ഉണ്ടാകാറുണ്ട്. പ്രണയപൂരിതമായ എത്രയെത്ര അമോഘ നിമിഷങ്ങളാണ് എനിക്കു ലഭിക്കാതെപോയത്! ആ നഷ്ടബോധമാകാം എന്നിലെ അതിതീവ്രമായ അനുരാഗത്തിന്റെ നീരുറവയ്‌ക്കു താപം പകരുന്നത്. പ്രിയപ്പെട്ടവളെ, അതിൽ നീ  ആവോളം നീന്തിത്തുടിക്കൂ.

നേരം പുലരാറായിരിക്കുന്നു. കുറച്ചു കഴിയുമ്പോൾ കനം തൂങ്ങിയ കൺപോളകളുമായി പ്രൊഫെസ്സറുടെ മുന്നിൽ പോയിരിക്കണം. ഡെസ്സേർട്ടേഷനെപ്പറ്റി ഒരു മീറ്റിംഗ് ഉണ്ട്. കത്തു നിറുത്തട്ടെ? വളരെ വൈകിപ്പോയ ഈ കത്തിന്, എന്നോടു പരിഭവിക്കില്ലെന്നു കരുതട്ടെയോ? മറുപടി എഴുതുമ്പോൾ എന്തെങ്കിലും തരത്തിലുള്ള സന്ദേഹമോ സങ്കോചമോ വേണമെന്നില്ല. എന്തും എഴുതാം. എങ്ങനെയും എഴുതാം. മുൻവിധികൾ ഒന്നുമില്ലാത്ത ഒരു പൊട്ടനാണ് ഞാൻ. വീട്ടിലെല്ലാവരെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുമല്ലോ? സുഖമെന്നു വിശ്വസിക്കുന്നു. സ്നേഹപൂർവ്വം...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ