മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

(Santhosh.VJ)

ആലങ്ങാട്ടമ്പലത്തിൽ മുടിയേറ്റു ത്സവത്തോടനുബന്ധിച്ചു നടക്കുന്ന വെളിച്ചപ്പാടു തുള്ളൽ അരങ്ങേറുകയാണ്. ചെമ്പട്ടും കച്ചയുമുടുത്ത് കയ്യിൽ പൂക്കുലയുമായി തിരുനടയിൽ വെളിച്ചപ്പാട് ഒരുങ്ങി നിന്നു.

അനുഗ്രഹം വാങ്ങാനും, പ്രശ്ന പരിഹാരങ്ങൾ ചോദിച്ചറിയാനുമായി ഭക്തർ നാലു ചുറ്റിലും അണിനിരന്നു. വാദ്യഘോഷങ്ങൾ മുഴങ്ങാൻ തുടങ്ങിയതോടെ പൂക്കുലയുഴിഞ്ഞ് വെള്ളിച്ചപ്പാട് ഉറയാൻ തുടങ്ങി.
തുടക്കത്തിൽ മന്ദഗതിയിലാരംഭിക്കുന്ന തുള്ളൽ വാദ്യങ്ങൾ മുറുകുന്നതിനൊപ്പം ഉച്ചസ്ഥായിയിലെത്തുന്നതാണ് അനുഗ്രഹത്തുള്ളലിൻ്റെ രീതി.

വാദ്യഘോഷങ്ങൾ അമ്പലെത്ത പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഉയർന്നു പൊങ്ങി. കൈ കൊട്ടുകാർ ഘോഷത്തിന് പിന്തുണയേകി. ഭക്തർ കുരവയിട്ട് മേളത്തിന് കൊഴുപ്പുകൂട്ടിക്കൊണ്ടിരുന്നു. വെളിച്ചപ്പാട് തറയിലേക്കുരുണ്ടു വീണിട്ട് ദേവിയെ ശരീരത്തിലാവാഹിച്ചു കൊണ്ട് എഴുന്നേറ്റു നിന്നു തുള്ളാനാരംഭിച്ചു.ഹും... ഹ്രീം... ഞാൻ കാളി... ചുടലക്കാളി .... പൂക്കുല ശരീരത്തിനു ചുറ്റും ചുഴറ്റിക്കൊണ്ട് അയാൾ വിളിച്ചു പറഞ്ഞു. തുള്ളൽ അങ്ങിനെ പുരോഗമിക്കെ പെട്ടെന്ന് വെളിച്ചപ്പാടിൻ്റെ ചുവടുകൾ പിഴയ്ക്കാൻ തുടങ്ങി. എന്തോ ഒരു പന്തികേട്.മുഖത്ത് രൗദ്രഭാവം വിടരുന്നില്ല. തുള്ളൽ പൊലിക്കുന്നില്ല. ഭക്തർ പരസ്പരം നോക്കി; ദേവീകോപമാണോ? ചിലർ ആശങ്കപ്പെട്ടു.

വെളിച്ചപ്പാടിൻ്റെ പങ്കപ്പാട് ഭക്തരെ ങ്ങനെ അറിയാനാണ്. തുള്ളലിനു മുമ്പായി രണ്ടു മൂന്നു കരിക്കുകൾ കുടിച്ചിരുന്നു. അതാണിപ്പോഴത്തെ പ്രശ്നഹേതു.മൂത്രശങ്ക കലശ്ശലായിരിക്കുന്നു. എന്തു ചെയ്യുമിനി ? അയാൾ ആശങ്കപ്പെട്ടു. നാടകത്തിന് ഇടയ്ക്കിടെ തിരശ്ശീലയിടുമ്പോലെ തുള്ളലിന് ബ്രേക്കു കൊടുക്കാൻ പറ്റുമോ? തുടങ്ങിയാൽപ്പിന്നെ മത്തങ്ങാക്കുരുതിയോടെയേ അവസാനിപ്പിക്കാവൂ എന്നാണ്. അതിനിനിയും മണിക്കൂറുകളെടുക്കും. മൂത്രസഞ്ചി ആകട്ടെ നിറഞ്ഞു കവിഞ്ഞു. തുള്ളിയപ്പോഴുണ്ടായ കുലുക്കത്താൽ രണ്ടു മൂന്നു തുള്ളി തുള്ളൽത്തട്ടിലും പതിച്ചിട്ടുണ്ട്. വയറെരിച്ചിലാണെങ്കിൽ സഹിക്കാൻ മേല ."ദേവീ..നീയേ തുണ... നീയേ തുണ.... അയാൾ മനമുരുകി ദേവിയെ വിളിച്ചു. പ്രതിപുരുഷൻ്റെ വിളി ദേവി കേൾക്കാതിരിക്കുമോ?ക്ഷിപ്രം പ്രസാദിച്ച് വേണ്ട നിർദേശങ്ങൾ നൽകി. ശിഷ്യൻ്റെ മനസ്സിൽ പെട്ടെന്നൊരു ലഡു പൊട്ടിച്ചിതറി. മന്ദതയൊക്കെ പറിച്ചെറിഞ്ഞ് അയാൾ വർദ്ധിത വീര്യത്തോടെ തുള്ളാൻ തുടങ്ങി. ഭക്തർക്കാവേശ മായി. വാദ്യക്കാർ കൊട്ടിക്കയറി. വെളിച്ചപ്പാട് അലറി, " ഹീ ...ഹുറേ.. ആരാ നീ? ഞാൻ ദേവി... മഹാകാളി'' .ചോദ്യവും ഉത്തരവും അയാൾ തന്നെ നൽകി."എന്തു വേണം നിനക്ക്? എൻ്റെ .. തല തിളയ്ക്കുന്നു, ജലധാര വേണം! എന്തു ജലധാര?.. മഞ്ഞൾ വെള്ളം, മഞ്ഞൾവെള്ളം കൊണ്ടു വരൂ ... ദേവിയുടെ തല തിളയ്ക്കുന്നു. ഭക്തരെ നോക്കിയുള്ള ദേവിയുടെ കല്പന ശ്രവിച്ച ഒരു ദേവീ ഭക്തൻ വേഗം പോയി ചെമ്പിൽ നിറച്ചിട്ടിരുന്ന മഞ്ഞൾ വെള്ളം ഒരു കുടത്തിലാക്കി കൊണ്ടുവന്നു. ഒഴിക്കൂ വേഗം വെള്ളമൊഴിക്കൂ തല കുനിച്ചു പിടിച്ചു കൊണ്ട് വെളിച്ചപ്പാട് തുള്ളിപ്പറഞ്ഞു. ഭക്തൻ കുടത്തിലെ മഞ്ഞൾ വെള്ളം അയാളുടെ തലയിലേക്ക് പകർന്നു.

തലയിലൂടെ, ശരീരത്തിലൂടെ താഴേക്കൊഴുകിയിറങ്ങിയ വെള്ളത്തോടൊപ്പം ചെമ്പട്ടിനടി യിൽക്കൂടി ആരുമറിയാതെ വെളിച്ചപ്പാട് മറ്റൊരു മഞ്ഞ ജലധാരയൊഴുക്കി വിട്ടു. രണ്ടു ജലധാരകൾ കൂടിച്ചേർന്ന് അതൊരു പുഴയായി തളത്തിലേക്കൊഴുകിയിറങ്ങി. ദേവിയുടെ സ്നാന ജലം പുണ്യതീർത്ഥമെന്നോണം ഭക്തർ മൊന്തകളിൽ ഉൾക്കൊണ്ടു. ചിലരത് പാനം ചെയ്ത് ആനന്ദപുളകിതരായി ഒരു നിമിഷത്തേക്ക് വെളിച്ചപ്പാട് നിർവൃതിയിലാണ്ടു നിന്നു. പിന്നീട് ആവേശത്തോടെ ഉറഞ്ഞു തുള്ളാൻ തുടങ്ങി.

 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ