ഹർത്താൽ ജനകീയമായ പ്രതിഷേധ മാർഗ്ഗമാണ്. ജനാധിപത്യ ഭരണ സംവിധാനത്തിൽ ജനങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. നിലവിലുള്ള ഹർത്താലിന്റെ സ്വഭാവം കാലോചിതമായി ഇപ്രകാരം പരിഷ്കരിക്കേണ്ടതുണ്ട്.
- ഭരണഘടനയിൽ പൗരാവകാശത്തിന്റെ കൂട്ടത്തിൽ ഹർത്താൽ ചേർക്കുക.
- എല്ലാ ദേശീയ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും വർഷം കുറഞ്ഞപക്ഷം 12 ഹർത്താൽ എങ്കിലും നടത്തിയിരിക്കണം.
- ദേശീയ ഭരണപക്ഷ രാഷ്ട്രീയ പാർട്ടികൾ വർഷം കുറഞ്ഞതു 3 ഹർത്താൽ എങ്കിലും നടത്തിയിരിക്കണം.
- പ്രാദേശിക പാർട്ടികളും, വളർച്ച ആഗ്രഹിക്കുന്ന ചെറുകിട പാർട്ടികളും പ്രാദേശിക ഹർത്താൽ വർഷത്തിൽ ഒരിക്കലെങ്കിലും നടത്തിയിരിക്കണം.
- ഹർത്താൽ നടത്തിയിട്ടില്ലാത്ത രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം ഇലെക്ഷൻ കമ്മീഷൻ റദ്ദാക്കേണ്ടതാണ്.
- ഹർത്താലുകൾ എല്ലാമാസവും രണ്ടാം ശനിയാഴ്ച കഴിഞ്ഞു വരുന്ന തിങ്കളാഴ്ച കർശനമായും നടത്തിയിരിക്കണം.
- ഇപ്രകാരം ഹർത്താൽ ദിനങ്ങൾ കലണ്ടറിൽ ചുവപ്പിക്കേണ്ടതാണ്.
- ഹർത്താൽ ദിനത്തിൽ പുതിയ സർക്കാർ വാഹനങ്ങൾ ജനങ്ങൾക്കു കല്ലെറിയാനും, കത്തിക്കാനുമായി സൗകര്യപ്രദമായ പൊതു നിരത്തുകളിൽ മുൻകൂറായി തയാറാക്കി വയ് ക്കേണ്ടതാണ്.
- നശിപ്പിക്കപ്പെട്ട വാഹനങ്ങൾ മ്യൂസിയങ്ങളിൽ ഭാവി തലമുറയ്ക്ക് പ്രയോജനകരമായി തീരത്തക്ക വിധം പ്രദർശിപ്പിക്കേണ്ടതാണ്.
- ഹർത്താലിൽ പരിക്കു പറ്റുന്നവർക്കു സർക്കാർ ധനസഹായം നൽകേണ്ടതാണ്.
- ഹർത്താലിൽ വീര ചരമം അടയുന്നവരെ 'ധീര ദേശാഭിമാനി'കൾ ആയി പ്രഖ്യാപിക്കേണ്ടതും, പരമ വീര ചക്രം നൽകി ആദരിക്കേണ്ടതുമാണ്.
- ഹർത്താലിനെപ്പറ്റി പ്രൈമറി തലത്തിൽ തന്നെ കുട്ടികൾക്ക് അവബോധമുണ്ടാകത്ത വിധത്തിൽ സിലബസ് പരിഷ്കരിക്കേണ്ടതാണ്.
- കുട്ടികൾളെ ഫിസിക്കൽ എഡ്യൂകേഷന്റെ ഭാഗമായി ഹർത്താൽ വ്യായാമങ്ങൾ ചെയ്യിക്കേണ്ടതാണ്.
- അവസാനമായി ഹർത്താലുകൾ ദേശീയ ഉത്സവമായി കരുതി, നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമാക്കി മാറ്റേണ്ടതാണ്.