mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Satheesh Kumar)

കുട്ടിയും കോലും കളിയിൽ തോറ്റ് പണിഷ്മെന്റ് ആയി നൂറു മീറ്റർ ഓട്ടം ഓടി വിയർത്തു കുളിച്ച് പതയിളകി പട്ടിയെപ്പോലെ അണച്ചുകൊണ്ടിരുന്നപ്പോഴാണ് മുള്ളുഷാജി തന്റെ ഹെർക്കുലീസ് സൈക്കിളിൽ പാഞ്ഞു പറിച്ചു വന്നത്.

"നീയൊന്നു വന്നേ ഒരത്യാവശ്യ കാര്യം ഉണ്ട് " വന്നപാടെ മുള്ള് എന്നെ നോക്കിക്കൊണ്ട് പറഞ്ഞു.
"നീ ഴ ചീ..... @@@ അണപ്പ " ഞാൻ അണച്ചുകൊണ്ട് പറഞ്ഞത് മനസിലാകാതെ മുള്ള് രണ്ടു കണ്ണും എടുത്തു പുറത്തിട്ടുകൊണ്ട് എന്നെ നോക്കി "
"സോഡാ വേണോടാ നിനക്ക് ?"
"പിന്നേ പോരട്ടെ", ഒറ്റ ഓട്ടത്തിന് ഉണ്ണിപ്പിള്ള കൊച്ചാട്ടന്റ കടയിൽ നിന്നും ഒരു വട്ട് സോഡയുമായി മുള്ള് വന്നു.
"എന്താ ഷാജിയണ്ണാ കാര്യം " സോഡാ കുടിച്ചുകൊണ്ട് ഞാൻ ചോദിച്ചു
"ഡാ നാളെ ഞങ്ങളുടെ സ്കൂളിൽ യൂത്ത്ഫെസ്റ്റിവൽ ആണ്."
"അതിനെന്താ അണ്ണന്റെ വകയായി ഭരതനാട്യമോ കഥകളിയൊ വല്ലോം ഉണ്ടോ അവിടെ?" ഞാൻ ചോദിച്ചു.

"നീയൊന്ന് പൊയ്‌ക്കെ, നാടക റിഹേഴ്‌സൽ എന്നും പറഞ്ഞു രണ്ടാഴ്ചയായി ഉച്ചകഴിഞ്ഞുള്ള പീരീഡ്‌കൾ ഫ്രീ ആയി കിട്ടി. നാടകം ഒട്ട് പഠിച്ചതും ഇല്ല. എന്നും മഞ്ജുവിന്റെ ക്ലാസ്സിനു മുന്നിലൂടെ പരേഡ് നടത്തും. അവള് മൈൻഡ് ചെയ്യുന്നില്ലെടാ. നാളെ നല്ല ചാൻസ് ആണ് എനിക്ക് അവൾക്കൊരു ലവ് ലെറ്റർ കൊടുക്കണം" മുള്ള് ഷാജി എന്റെ കയ്യിൽ നിന്നും സോഡാകുപ്പി വാങ്ങിക്കൊണ്ട് സങ്കടത്തോടെ പറഞ്ഞു.

"ഷാജിയണ്ണാ അണ്ണന്റെ ഹൃദയത്തിന്റെ വിങ്ങലുകൾ എനിക്ക് മനസിലാകും. അണ്ണന്റെ ഈ സ്നേഹം മഞ്ജുവിന് വേണ്ടി മാത്രം ഉള്ളതാണ് ഹൃദയത്തിന്റെ വാതായനങ്ങൾ അണ്ണൻ തുറന്നിടൂ അണ്ണാ തുറന്നിടൂ അതിലേക്ക് മഞ്ജു വന്നു അള്ളിപ്പിടിച്ചു വലിഞ്ഞു കയറട്ടെ. " ഞാൻ മുള്ളിനെ ഒന്നുകൂടി പൊക്കി വാണത്തിൽ കേറ്റി.

"നിനക്ക് തേൻ മുട്ടായി വേണോ തിന്നാൻ?", മുള്ള് തിളങ്ങുന്ന കണ്ണുകളോടെ ചോദിച്ചു.
" ഓ മുടിഞ്ഞ മധുരം ആയിരിക്കും, ന്നാലും അണ്ണൻ നിർബന്ധിക്കുമ്പോൾ... ആ പോരട്ടെ " ഞാൻ മനസിൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
വീണ്ടും മുള്ള് ഉണ്ണിപ്പിള്ള കൊച്ചാട്ടന്റെ കടയിലേക്ക് ഓടി. തേൻ മുട്ടായി പകുതി കടിച്ചു തിന്നിട്ട് പകുതി കയ്യിൽ വെച്ചുകൊണ്ട് ഞാൻ ചോദിച്ചു "അണ്ണാ അണ്ണന് തേൻ മുട്ടായി വേണോ "
"എനിക്കൊരു തേങ്ങയും വേണ്ട. നീ വേഗം ഒരു ലെറ്റർ എഴുതിക്കെ "
"ന്നാ വേഗം പോയി പേപ്പറും പേനയും കൊണ്ടുവാ "
സ്വിച്ചിട്ടപോലെ മുള്ള് പാഞ്ഞുപോയി. അതേവേഗത്തിൽ തന്നെ പേപ്പറുമായി എത്തി. അല്ലെങ്കിലും മഞ്ജുവിന്റെ കാര്യം പറയുമ്പോൾ മുള്ളിന് ഗതികോർജം ഇച്ചിരി കൂടുതലാണ്.
"എന്റെ എല്ലാമെല്ലാമായ മഞ്ജുവിന് " എന്നങ്ങോട്ട് എഴുതി
"എന്റെ കരളിന്റെ കരളായ എന്ന് ആയാലോ?" മുള്ളിന്റെ സജക്ഷൻ ആണ് "അല്ലങ്കിൽ എന്റെ രാജകുമാരിക്ക് എന്നായാലോ......?"
പിന്നീട് എന്റെ പ്രിയതമക്ക്, എന്റെ സുന്ദരി കുട്ടിക്ക്, എന്റെ ജീവന്റെ ജീവന്, എന്റെ ഇഷ്ടപ്രാണേശ്വരിക്ക്..... എന്നിങ്ങനെ എഴുതി കുറെയധികം പേപ്പറുകൾ കുത്തികീറി.
"എന്നാ ഷാജിയണ്ണൻ തന്നെ അങ്ങ് എഴുത്" ഞാൻ പേന കയ്യിൽ കൊടുത്തു
"നിനക്ക് ഇന്നീം തേൻമുട്ടായി വേണമോടെ" മുള്ളിന്റെ രോദനം
"ദേ ഞാൻ അങ്ങോട്ട്‌ എഴുതും ഇങ്ങോട്ട് ഒന്നും പറയേണ്ട " അവസാനം 'എന്റെ മഞ്ജുവിന്' എന്നെഴുതി ഒരുഗ്രൻ പ്രേമലേഖനം തയ്യാറാക്കി. "ഇന്നാ പിടിച്ചോ ഇത് ഒറ്റ വായനയിൽ തന്നെ മഞ്ജു അണ്ണന്റെ മുന്നിൽ തലേം കുത്തി വീഴും. പക്ഷേ മഞ്ജുവിന്റെ അമ്മാവൻ ആ പുഷ്‌ക്കരനെ അണ്ണൻ ഒന്ന് ശ്രെദ്ധിക്കണം. കാലമാടനാ... കയ്യിൽ കിട്ടിയാൽ അണ്ണനെ വലിച്ചു കീറിക്കളയും" ഞാൻ പ്രേമലേഖനം മുള്ളിന്റെ കയ്യിൽ കൊടുത്തു.

പുഷ്‌ക്കരനെ ഓർത്ത് ഒന്ന് നെടുവീർപ്പ് ഇട്ടിട്ട് നാളെ യൂത്ത്ഫെസ്റ്റിവൽ കാണാൻ വരണമെന്നും പറഞ്ഞ് മുള്ള് നാടൻ ബോംബ് പോലുള്ള പ്രേമലേഖനവുമായി പോയി.
പിറ്റേന്ന് കുളനടയിൽ നിന്നും ക്യാപ്റ്റൻ ബസിൽ സീ അടിച്ച് കാരക്കാട് മുള്ളിന്റെ സ്കൂളിൽ എത്തി. കൂടെ കട്ട ചങ്ക് ഷിബു ഈപ്പനും. യൂത്തുഫെസ്റ്റിവൽ പൊടിപൊടിക്കുന്നു. രംഗത്ത് നാടോടി നൃത്തം കൊഴുക്കുന്നു.
എന്നെക്കണ്ടതും പുന്നെല്ല് കണ്ട എലിയെപ്പോലെ ചിരിച്ചുകൊണ്ട് മുള്ള് വന്നു. മുന്നും പിന്നും നോക്കാതെ രണ്ട് സേമിയ ഐസ്ക്രീം വാങ്ങിക്കൊണ്ടുവന്നു തന്നു.

"അണ്ണാ എന്തായി കാര്യങ്ങൾ ലെറ്റർ കൊടുത്തോ, മഞ്ജു എവിടെ " ഞാൻ ആകെയൊരു ത്രില്ല് ഒക്കെ വന്ന് സേമിയ ഐസ്ക്രീം നുണഞ്ഞുകൊണ്ട് ചോദിച്ചു.
"ഇല്ലടാ കൊടുത്തില്ല അവൾ ഒപ്പനക്ക് ഉണ്ട്. മേക്കപ്പ് റൂമിലാ. ആൺ പിള്ളേരെ അങ്ങോട്ട്‌ അടുപ്പിക്കുന്നില്ല" മുള്ളിന് ആകെയൊരു വിഷമം.

ലൈൻ അടിക്കാരുടെ അയ്യരുകളിയാണ് യൂത്ത്ഫെസ്റ്റിവൽ പരിസരം മുഴുവൻ. ചിലർ ഐസ്ക്രീം നുണയുന്നു, ഇനി ചിലർ കണ്ണേറ് നടത്തുന്നു. ഇനിയും ലൈൻ വീഴാത്ത വൺവെ അടിക്കുന്ന കാമുകന്മാർ മുള്ളിനെപ്പോലെ പിടക്കുന്ന ഹൃദയവുമായി ഗതികിട്ടാതെ അലയുന്നു.

അരീക്കരക്കാരൻ പ്രമോദ് കെ പി തന്റെ 11 kv ലൈനായ ലിസാമ്മയുമായി വരാന്തയുടെ മൂലക്ക് ഹൃദയങ്ങൾ കൈമാറുന്ന തിരക്കിനിടയിൽ, മൂത്രം ഒഴിക്കാൻ മുട്ടി നിക്കറിൽ മുള്ളാത്തിരിക്കാൻ ബാത്‌റൂമിലേക്ക് ശരം കണക്കെ പാഞ്ഞു പോയ പ്യൂൺ കുട്ടൻ പിള്ളയെ കണ്ട്, പെട്ടന്ന് വ്യവസായികമായി അമോണിയ എങ്ങനെ ഉണ്ടാക്കുന്നു എന്നതിനെ പറ്റി മുടിഞ്ഞ സംശയ നിവാരണം തുടങ്ങി.

കാറ്റഴിച്ചുവിട്ട ബലൂൺ പോലെ തിരിച്ചു വന്ന കുട്ടൻപിള്ള വരാന്തയിൽ നിൽക്കുന്ന ലൈനുകളെ കണ്ടിട്ട് "പിന്നേ യൂത്ത്‌ഫെസ്റ്റിവല്ലിന്റെ ഇടക്കാണ് അവന്റെയൊരു അമോണിയ നിർമ്മാണം " എന്ന് കമന്റ് അടിച്ചിട്ട് പോയി.

"അടുത്തതായി നാടക മത്സരമാണ് വേദിയിൽ.... ചെസ്റ്റ് നമ്പർ....." നാടകത്തിനുള്ള അനൗൺസ്മെന്റ് മുഴങ്ങി. "ദൈവമേ പത്തു ബി യുടെ നാടകം "എന്ന് അലറിക്കൊണ്ട് മുള്ള് ഓടി
ഏതാനും മിനിറ്റുകൾക്ക് ശേഷം നാടകം തുടങ്ങി "കലാസ്നേഹികളെ പത്തു ബി യുടെ നാടകം ആരാഭിക്കുകയായി. "വെള്ളി വെളിച്ചം " നാടക രചന ശ്രീ..........", നാടകത്തിനെപ്പറ്റിയുള്ള വിവരണത്തിന് ശേഷം അങ്ങനെ കർട്ടൻ ഉയർത്തി.
"ദൈവമേ മുള്ളിന്റ നാടകമാണ്. ഇതു കണ്ടിട്ട് മഞ്ജുവിന് ഉള്ള സ്നേഹം കൂടി പോകാതെ ഇരുന്നാൽ മതിയായിരുന്നു" ഞാൻ ഷിബുവിനോട് പറഞ്ഞു.

ഒരു ചെറിയ സ്വീകരണ മുറിയുടെ കട്ട് ഔട്ട്. ഭിത്തിയിൽ ഒരു ഗാന്ധി ചിത്രം. ആരാണ്ട് നിർബന്ധിച്ച് അയച്ചത് പോലെ ജൂബയും മുണ്ടും ധരിച്ചു മുള്ളുഷാജി ഒരു കാരണവരെ പ്പോലെ കടന്നുവന്നു.
"എടീ ഗോമതി എടീ ഗോമതി.... " മുള്ള് അകത്തേക്ക് നോക്കി വിളിച്ചു.
"എന്നെ വിളിച്ചാരുന്നോ " എന്നു പറഞ്ഞു കൊണ്ട് മുള്ളിന്റെ ഭാര്യയായി വേഷം കെട്ടിയ ഗോപികുട്ടൻ കടന്നു വന്നു.

"എടീ വിഷ്ണു കോളേജിൽ പോയൊ, അവനെന്താ ഇത്രയും താമസിക്കുന്നത് " വീണ്ടും മുള്ള് ഡയലോഗ്
അപ്പോഴേക്കും ഒരു ഉഗ്രൻ ഹിപ്പി രംഗത്തേക്ക് കടന്നു വന്നു.
"വിഷ്ണു നീയെന്താ ഇത്രയും ലേറ്റ് ആയത് " മുഖത്തു കുറച്ചു ഭാവം ഒക്കെ വരുത്തിക്കൊണ്ട് മുള്ള് ചോദിച്ചു
കൊച്ചുബീഡിയും വലിച്ചുകൊണ്ട് ബാത്‌റൂമിന്റെ സൈഡിൽ നിന്ന മാന്തുകക്കാരൻ കുട്ടായി യാണ് തന്റെ രംഗം ആയെന്ന് ആരോ അലറി വിളിച്ചു പറയുന്നത് കേട്ട് ഓടി തല്ലി വന്ന് ഹിപ്പിയായി പൂത്തുലഞ്ഞു നിൽക്കുന്നത്.

പൂത്തുലഞ്ഞു തന്നെ കുട്ടായി കൂളായി നിന്നു. പറയേണ്ട ഡയലോഗ് അപ്പാടെ മറന്ന് കിളിപോയപോലെ കുട്ടായി മുള്ളിനെ നോക്കി. മുള്ള് നക്ഷത്രം എണ്ണിക്കൊണ്ട് ഗോപികുട്ടനെ നോക്കി. മുള്ളും ഗോപികുട്ടനും സംഘം ചേർന്ന് കൂട്ടായിയെ നോക്കി. കുട്ടായി നാലുപാടും നോക്കി. മൂവരുടെയും തൊണ്ട വറ്റിവരണ്ടു. വെള്ളിവെളിച്ചം അവാർഡ് സിനിമ പോലെ നിശ്ചലമായി.

മുള്ള് ഏതാണ്ടൊക്കെ പറയാൻ കൂട്ടായിയെ കണ്ണു കൊണ്ട് കാണിക്കുന്നു. മുള്ളിന്റെ മുഖത്തെ ആ ഭാവം കണ്ടാൽ മുള്ള് ഹാർട്ട് അറ്റാക്ക് വന്ന് മരിക്കാൻ പോകുന്നത് പോലെയുണ്ട്. ഡയലോഗ് ഇല്ലാത്ത പത്തു പതിനഞ്ചു സെക്കന്റുകൾ ശ്മശാന മൂകത പോലെ കടന്നുപോയി. ഗോപിക്കുട്ടൻ നൂറുമീറ്റർ ഒട്ടത്തിന് തയ്യാറായപോലെ രണ്ടും കല്പിച്ചു നിൽക്കുവാണ്. ഓട്ടത്തിൽ സെക്കന്റ് എങ്കിലും നേടാൻ മുള്ളും റെഡിയായി.
കർട്ടൻ താഴ്ത്തി ഇടാൻ മുള്ള് കൈകൊണ്ട് ആംഗ്യം കാണിച്ചു.

"കൂയ് കൂയ് എടാ മുള്ളേ ഇറങ്ങി പോടാ അവന്റെ ഒരു വെള്ളി വെളിച്ചം " സ്റ്റേജിൽ ആകമാനം കൂക്കി വിളിയും ബഹളവും ആയി.
"കലാസ്നേഹികളെ പത്തു ബി യുടെ നാടകം വെള്ളിവെളിച്ചം ഇവിടെ പൂർണ്ണമാകുന്നു " എന്നലറിക്കൊണ്ട് മുള്ള് സ്റ്റേജിൽ നിന്നും ഇറങ്ങിയോടി.

ഞാൻ ഒരു സോഡായുമായി മുള്ളിന്റെ ക്ലാസ്സ്‌ റൂമിൽ എത്തിയപ്പോൾ . കൂട്ടായിയെ ഭിത്തിയിൽ ചാരി നിർത്തി പള്ളക്ക് കുത്താൻ ശ്രെമിക്കുന്ന മുള്ളിനെയാണ് കാണുന്നത്. അവസാനം ഗോപിക്കുട്ടന്റെ ശക്തമായ ഇടപെടലിൽ കുട്ടായി രക്ഷപെട്ടു.

"ഷാജിയണ്ണാ ദാ സോഡ കുടി, അഭിനയിച്ചു ക്ഷീണിച്ചതല്ലേ " ഞാൻ സോഡ മുള്ളിന്‌നേരെ നീട്ടി. മുള്ള് മടമടാന്ന് സോഡ കുടിച്ചു.

"എന്തായി ഷാജിയണ്ണാ ലെറ്റർ ന്റെ കാര്യം വല്ലതും നടക്കുമോ " ഞാൻ മുള്ളിനോട് ചോദിച്ചു
"ഇന്ന് യൂത്ത് ഫെസ്റ്റിവൽ കഴിഞ്ഞു പോകുന്ന വഴിയിൽ ഞാൻ എന്റെ മഞ്ജുവിന് എന്റെ ഹൃദയം കൈമാറിയിരിക്കും ഇല്ലങ്കിൽ പിന്നെ ഈ ഷാജി ജീവിച്ചിരുന്നിട്ട് തന്നെ കാര്യമില്ല. നീ നോക്കിക്കോ" മുള്ള് തന്റെ മാറിൽ അടിച്ചു കൊണ്ട് ഏതാണ്ട് ഒരു ഉന്മേഷം വന്ന് നാടക ഡയലോഗ് പോലെ പറഞ്ഞു.
മഞ്ജുവിന് തന്റെ ഹൃദയം കൈമാറാൻ മുള്ളിന് കഴിയുമോ. മഞ്ജു മുള്ളിന്റ ഹൃദയ വാതായനങ്ങൾ തുറന്ന് അകത്തു കയറുമോ അതോ മഞ്ജുവിന്റെ അമ്മാവൻ പുഷ്കരന്റെ കയ്യിൽ കിടന്നു മുള്ള് ശ്വാസം കിട്ടാതെ പിടയുമോ....?

കാത്തിരുന്നു കാണാം നാളെ...

തുടരും...

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ