(Remya Ratheesh)
മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷം അയാൾ ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു . അവിവാഹിതനായ അയാൾക്ക് ഇക്കുറിയെങ്കിലും വിവാഹം കഴിക്കണമെന്ന ആഗ്രഹമുണ്ട്. അതിനായി
അയാൾ ബ്രോക്കറെ സമീപിച്ചു . വധുവാകാൻ പോകുന്ന തന്റെ പെൺകുട്ടിയെ കുറിച്ച് അയാൾക്ക് ഒത്തിരി സങ്കൽപ്പങ്ങൾ ഉണ്ട് .
"പെണ്ണ് സുന്ദരിയായിരിക്കണം കാവ്യാ മാധവന്റെ കണ്ണ് ,സംയുക്താവർമ്മയുടെ മുടി , മീരാ ജാസ്മീന്റെ കുസൃതി , നവ്യാ നായരുടെ ശാലീനത , കല്പനയെപ്പോലെ കോമഡി പറയുന്ന പെണ്ണായിരിക്കണം." ചെറുക്കന്റെ ഡിമാന്റുകൾ കേട്ട ബ്രോക്കർ പറഞ്ഞു .
"നിങ്ങൾ പറഞ്ഞ പോലുള്ള കുട്ടിയൊക്കെ ഉണ്ട് പക്ഷെ..."
ബാക്കി പറയാതിരുന്ന ബ്രോക്കറോട് ചെറുക്കൻ ജിജ്ഞാസയോടെ ചോദിച്ചു .
"എന്താ...അവൾക്ക് പഠിപ്പില്ലേ...?"
"അതല്ലടോ "
"പിന്നെ പണമില്ലാത്തതാണോ ...? "
"അതുമല്ലെടോ ''
" പിന്നേ...?"
"പിന്നെ എന്താണെന്ന് വെച്ചാ പറഞ്ഞ് തുലയ്ക്കെടോ...? "ക്ഷമ കെട്ട് ചെറുക്കൻ ദേഷ്യത്തോടെ അലറി .
"വേറൊന്നുമല്ല അവളിപ്പോ എന്റെ കുട്ട്യോളുടെ അമ്മയാ...അത് മതിയെങ്കിൽ ... "
അതുകേട്ട് വാ പൊളിച്ച ചെറുക്കന്റെ വായിൽ ഒരു സിസറും വെച്ചു കൊടുത്ത് ബ്രോക്കർ നടന്നു നീങ്ങി. അല്ല പിന്നെ പേരിനു പോലും പെമ്പിള്ളാരെ കിട്ടാനില്ല അപ്പോഴാണ് അവന്റെയൊരു സങ്കല്പം.