പൊറിഞ്ചു സാറിൻറെ പരീക്ഷയെപ്പറ്റി നാട്ടിൽ പലർക്കും അറിയാം. ഇനി അറിയാത്തവരായി ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് വേണ്ടി പറയാം.
മേപ്പള്ളി യു. പി. എസിലെ ഹെഡ്മാസ്റ്ററായിരുന്നു പൊറിഞ്ചു സാർ. ഓരോ വർഷവും സ്കൂൾ വാർഷികത്തിന് ഓരോ സ്റ്റാൻഡേർഡിൽ നിന്നും ഓരോ ബെസ്റ്റ് സ്റ്റുഡൻ്റിനെ തിരഞ്ഞെടുത്ത് വാർഷികത്തിൽ സമ്മാനം നൽകാറുണ്ട്. ഓരോ സ്റ്റാൻഡേർഡിലെയും ഡിവിഷനുകളിലെ ക്ലാസ് ടീച്ചർമാരാണ് അതാത് ക്ലാസിലെ ബെസ്റ്റ് സ്റ്റുഡൻറ് മത്സരാർത്ഥിയെ നിർദ്ദേശിക്കുന്നത്. ആ മത്സരാർത്ഥികളിൽ നിന്ന് ഹെഡ്മാസ്റ്റർ ആ സ്റ്റാൻഡേർഡിലെ ബെസ്റ്റ് സ്റ്റുഡൻ്റിനെ കണ്ടെത്തും. അതാണ് നടപടിക്രമം.
അഞ്ചാം സ്റ്റാൻഡേർഡിലെ മൂന്ന് ഡിവിഷനുകൾ ആയ എയിലെയും ബിയിലെയും സിയിലെയും ക്ലാസ് ടീച്ചർമാർ തങ്ങളുടെ ക്ലാസിലെ ബെസ്റ്റ് സ്റ്റുഡൻറ് മത്സരാർത്ഥികളെ നിർദ്ദേശിച്ചു. അവർ ഫൈനൽ ടെസ്റ്റിനായി ഹെഡ്മാസ്റ്ററുടെ മുറിയിലെത്തി. ഹെഡ്മാസ്റ്റർ മൂന്നു മത്സരാർത്ഥികളെയും തൻറെ മേശയ്ക്കു മുമ്പിലെ മൂന്ന് കസേരകളിൽ ഇരുത്തി. എന്നിട്ട് പൊറിഞ്ചു സാർ തൻ്റെ ജോലികളിൽ മുഴുകി. മത്സരാർത്ഥികൾ അവിടെ മിഴിച്ചിരുന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ പൊറിഞ്ചു സർ അവരെ തിരികെ ക്ലാസ്സുകളിലേക്ക് പറഞ്ഞുവിട്ടു. ഒപ്പം അദ്ദേഹം റിസൾട്ട് അനൗൺസ് ചെയ്തു.
“എ-ഡിവിഷനിലെ മത്സരാർത്ഥിയാണ് വിജയിച്ചത്. “
ക്ലാസ് ടീച്ചർമാർ, മത്സരം എന്തായിരുന്നു എന്ന് അന്വേഷിച്ചപ്പോഴാണ് പൊറിഞ്ചു സാറിൻറെ ബുദ്ധി മനസ്സിലായത്.മൂന്നു മത്സരാർത്ഥികളും അദ്ദേഹത്തിൻറെ മുമ്പിൽ വെറുതെ ഇരുന്ന സമയത്ത് മേശമേൽ ഇരുന്ന ഒരു പേപ്പർ കാറ്റടിച്ച് തറയിൽ വീണു. എ-ഡിവിഷനിലെ കുട്ടിയാണ് ആ പേപ്പർ എടുത്ത് മേശമേൽ വച്ചത്. ഇത് ശ്രദ്ധിച്ച പൊറിഞ്ചു സർ ആ കുട്ടിക്ക് ആണ് മറ്റ് രണ്ടുപേരെക്കാൾ ഉത്തരവാദിത്വബോധം ഉള്ളത് എന്ന് മനസ്സിലാക്കിയാണ് അവനെ ബെസ്റ്റ് സ്റ്റുഡൻറ് ആയി തെരഞ്ഞെടുത്തത്.
അഞ്ചാം സ്റ്റാൻഡേർഡിലെ ഈ തെരഞ്ഞെടുപ്പ് രീതി നാലാം സ്റ്റാൻഡേർഡിലെ ക്ലാസ് ടീച്ചർമാരും രഹസ്യമായി അറിയുകയും അവർ തങ്ങളുടെ ക്ലാസിലെ മത്സരാർത്ഥിക്ക് ഈ വിവരം കൈമാറുകയും ചെയ്തു.
നാലാം സ്റ്റാൻഡേർഡിലെ ബെസ്റ്റ് സ്റ്റുഡൻ്റിനെ തെരഞ്ഞെടുക്കാൻ എ,ബി,സി, ഡിവിഷനുകളിലെ മത്സരാർത്ഥികളെ പൊറിഞ്ചു സാറിൻറെ അടുത്തേക്ക് പറഞ്ഞയച്ചു.
സാർ അവരെ തൻറെ മേശയുടെ മുമ്പിലുള്ള മൂന്ന് കസേരകളിൽ ഇരുത്തി. അദ്ദേഹം തൻറെ ജോലികളിൽ വ്യാപൃതനായി. എ -ക്കാരൻ തറയിലൊക്കെ നോക്കി. പേപ്പർ ഒന്നും കാണുന്നില്ല. അപ്പോഴാണ് അരികിലായി ഒരു ബോക്സ് ഇരിക്കുന്നത് കണ്ടത്. അതിനകത്ത് ഒരു പേപ്പർ കിടപ്പുണ്ട്. അവൻ ആ പേപ്പർ എടുത്ത് മേശമേൽ വച്ചു. മറ്റു രണ്ടു പേരും കുനിഞ്ഞ് തറയിൽ നോക്കിയിരിക്കുകയാണ്. അല്പം കഴിഞ്ഞപ്പോൾ ബി - ക്കാരനും തറയിൽ നിന്ന് ഒരു പേപ്പർ എടുത്ത് മേശമേൽ വെച്ചു. അരമണിക്കൂർ കടന്നുപോയി. സാറ് ടെസ്റ്റ് അവസാനിപ്പിച്ചു. എന്നിട്ട് മൂന്നു പേരോടും ആയി ചോദിച്ചു:
“സത്യം പറയണം, തറയിൽ വീണ പേപ്പർ എടുത്തു മുകളിൽ വയ്ക്കുന്ന കാര്യം നിങ്ങളോട് ക്ലാസ് ടീച്ചർമാർ പറഞ്ഞിരുന്നു, അല്ലേ?”
മൂന്നുപേരും മടിച്ചുമടിച്ച് അത് സമ്മതിച്ചു. അപ്പോൾ സാറ് അവിടെ നടന്ന കാര്യങ്ങൾ മനസ്സിൽ അപഗ്രഥിച്ചു.
“എ-ക്കാരൻ ഒരു പേപ്പർ എടുത്ത് മേശമേൽ വയ്ക്കാനായി താഴോട്ടു നോക്കി. പക്ഷേ തറയിൽ പേപ്പർ ഒന്നും കാണാത്തതിനാൽ അവൻ അടുത്തിരുന്ന വേസ്റ്റ് ബോക്സിൽ കിടന്ന ഒരു പേപ്പർ ആണ് എടുത്ത് മേശമേൽ വച്ചത്. അത് വേസ്റ്റ് പേപ്പർ ആണ് എന്ന അറിവ് പോലും അവന് ഇല്ലായിരുന്നു. ബി-ക്കാരൻ ആകട്ടെ മേശമേൽ വച്ചത് ഒരു പ്ലെയിൻ പേപ്പർ ആണ്. അത് കാണുമ്പോൾ തന്നെ അറിയാം, അവൻ മടക്കി പോക്കറ്റിലിട്ടു കൊണ്ടുവന്ന പേപ്പർ ഇവിടെവച്ച് താഴെയിട്ട് ശേഷം എടുത്തു മേശമേൽ വച്ചതാണെന്ന്. എന്നാൽ സി- ക്കാരൻ പേപ്പർ എടുത്തു വയ്ക്കുന്ന കാര്യം ടീച്ചറിൽ നിന്ന് അറിഞ്ഞിരുന്നുവെങ്കിലും ഇത്തരം വളഞ്ഞ വഴികൾ സ്വീകരിക്കാതെ വെറുതെ ഇരുന്നതിനാൽ ഈ മൂന്നു പേരിൽ അവൻ തന്നെയാണ് ബെസ്റ്റ് സ്റ്റുഡൻറ്. “
ഫലം പ്രഖ്യാപിച്ചശേഷം സാർ അവരെ പോകാൻ അനുവദിച്ചു. സി- ക്കാരൻ, വിജയിച്ച സന്തോഷത്തിൽ ഓടി തൻറെ ക്ലാസ് ടീച്ചറുടെ അരികിലെത്തി.
“ടീച്ചർ ഞാൻ തന്നെയാണ് ബെസ്റ്റ് സ്റ്റുഡൻറ്. “
ടീച്ചർക്കും സന്തോഷമായി.
“നീ തറയിൽ വീണ പേപ്പർ എടുത്ത് മുകളിൽ വച്ചോ? “
'’ഇല്ല ടീച്ചർ.”
“അതെന്താ? ഞാൻ പറഞ്ഞിരുന്നില്ലേ?”
“അതെ. ഞാൻ ഒരു പേപ്പർ മടക്കി പോക്കറ്റിൽ ഇട്ടിരുന്നു. അവിടെവച്ച് അത് തറയിൽ ഇടുകയും ചെയ്തു. പക്ഷേ ഞാൻ കുനിഞ്ഞ് എടുക്കുന്നതിന് മുമ്പ് അത് എൻറെ അടുത്തിരുന്ന ബി- ക്കാരൻ എടുത്ത് മേശമേൽ വച്ചു.“
“ങാ -സാരമില്ല. എന്തായാലും നീ വിജയിച്ചല്ലോ. കൺഗ്രാജുലേഷൻസ്.“
പൊറിഞ്ചു സാർ സ്കൂളിൽനിന്ന് വിരമിച്ചു എങ്കിലും അദ്ദേഹത്തിൻറെ സേവനം പി. എസ്. സി. പ്രയോജനപ്പെടുത്തി വരുന്നതായി പറഞ്ഞു കേട്ടു. അപ്പോൾ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല.
പക്ഷേ ഈയടുത്തകാലത്ത് പി.എസ്.സി. നടത്തിയ ‘ആനപ്പാപ്പാൻ’ എന്ന തസ്തികയിലേക്കുള്ള പരീക്ഷയുടെ ചോദ്യപേപ്പർ കണ്ടപ്പോഴാണ് പൊറിഞ്ചു സാർ അതിനു പിന്നിലുണ്ട് എന്ന് വിശ്വാസം ആയത്. ലോകത്തിലെ വലിയ വലിയകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ അതിൽ ഉണ്ടായിരുന്നെങ്കിലും ആനയെക്കുറിച്ചു മാത്രം ഒരു ചോദ്യവും ഉണ്ടായിരുന്നില്ല.
ആനപ്പുറത്തിരിക്കുമ്പോൾ പട്ടിയെ പേടിക്കേണ്ട കാര്യമില്ല. പക്ഷേ ആനയെയെങ്കിലും പേടിക്കേണ്ടേ?