അങ്ങിനെ ഇരിക്കെ ഒരു ദിവസം ഗാന്ധിജിക്കു AKG യുടെ call വന്നു. വികസനത്തിന്റെ മാതൃക ഗാന്ധിജിക്കു കാട്ടിക്കൊടുക്കാം എന്നുള്ള വാഗ്ദാനത്തിൽ അദ്ദേഹം കാലിടറി വീണുപോയി. തന്റെ ഗ്രാമസ്വരാജ് ദു:സ്വപ്നങ്ങളിൽ നിന്നും ഒരു മുക്തി കിട്ടുന്നെങ്കിൽ ആയിക്കോട്ടെ എന്നദ്ദേഹം കരുതുകയും ചെയ്തു.
കേരപുരം വില്ലേജാപ്പീസിന്റെ അടുത്ത് വന്നപ്പോൾ തന്നെ വികസനം തങ്ങി നിറഞ്ഞു പുറത്തേക്കൊഴുകുന്ന കാഴ്ച മഹാത്മാവിനെ അത്ഭുതപ്പെടുത്തി. ആധുനിക വാസ്തു ശില്പ ലാവണ്യം വഴിഞ്ഞൊഴുകുന്ന വില്ലേജ് മന്ദിരം, പഴയ മാസ്റ്റേഴ്സിനെ വെല്ലുന്ന രീതിയിൽ വസ്ത്ര ധാരണം ചെയ്ത ഉദ്യോഗസ്ഥ വൃന്ദം, കമ്പ്യൂട്ടർ വൽക്കരിച്ച സേവന സൗകര്യങ്ങൾ, വൃത്തിയുള്ള മുറികൾ, കർണാനന്ദകരമായ കീബോർഡിന്റെ സംഗീതം. സന്ദർശകർക്ക് കാണുന്ന വിധത്തിൽ സർക്കാരിന്റെ പുരോഗമന നയങ്ങൾ എഴുതി പ്രദർശിപ്പിച്ചിരിക്കുന്നു. മഹാത്മാവ് ചോദിച്ചു "ഇവിടെ വരുന്ന ആളുകൾക്ക് ഇതു വായിച്ചു മനസ്സിലാക്കാൻ കഴിയുമോ?" AKG അഭിമാനത്തോടെ പറഞ്ഞു "അറിയുമോ? ഇവിടം ദൈവത്തിന്റെ സ്വന്തം നാടാണ്. ഇവിടുള്ളവർ എന്നേ 100 ശതമാനം സാക്ഷരരാണ്". മഹാത്മാവിനു രോമാഞ്ചമുണ്ടായി. ഓരോന്നും വിശദീകരിച്ചു കൊണ്ടിരുന്നപ്പോൾ AKG യുടെ മുഖത്ത് നിറഞ്ഞൊരു പുഞ്ചിരി ഉണ്ടായിരുന്നു. കേട്ടുകൊണ്ടിരുന്ന മഹാത്മാവിന്റെ മുഖത്ത് അത്ഭുതവും.
നിറഞ്ഞ മനസ്സുമായിട്ടാണ് മഹാത്മാവ് പുറത്തിറങ്ങിയത്. പുരോഗതിയിലുടെ ജനങ്ങൾക്ക് ലഭിച്ച നേട്ടങ്ങളിൽ അദ്ദേഹം വളരെ സന്തോഷിച്ചു. അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം സന്ദർശകർക്കിടയിൽ സുഭാഷ് ചന്ദ്രബോസ് നിൽക്കുന്നതു കണ്ടത്. കാണാതിരുന്നു കണ്ട ആശ്വാസത്തോടെ മഹാത്മാവ് ബോസിനോട് വിശേഷങ്ങൾ തിരക്കി. എന്താണ് അവിടെ എന്ന് ചോദിച്ചു. ബോസ് ഇപ്രകാരം പറഞ്ഞു "കുറെ വര്ഷങ്ങള്ക്കു മുൻപ് ഒരു കാർഷിക ലോൺ എടുത്തിരുന്നു. അതു കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തു. പക്ഷെ ഈടുവച്ച വസ്തു തിരികെ എന്റെ പേരിലാക്കാൻ എന്തോ ചെയ്യണമായിരുന്നു. അത് അന്നു പറ്റിയില്ല. അതൊന്നു പറ്റിച്ചെടുക്കാൻ കുറെ നാളായി ഇവിടെ കയറി ഇറങ്ങുന്നു. അവസാനം ഇതൊന്നു ശരിയാക്കിയെടുക്കാൻ എന്താ വേണ്ടതെന്നു തുറന്നു ചോദിച്ചു. അവർക്കു അഞ്ചു ഗാന്ധി വേണമെന്ന് പറഞ്ഞു."
മഹാത്മാവ് വാ പൊളിച്ചുപോയി. "അഞ്ചു ഗാന്ധിയോ?"
"അതെ ഒന്നും രണ്ടുമല്ല, അഞ്ചു ഗാന്ധി" ബോസ് ചുരുട്ടിപ്പിടിച്ച കൈ നിവർത്തികാണിച്ചു. അതിൽ അഞ്ചു പുതിയ ഗാന്ധികൾ വികാസനോന്മുഖമായി പരിലസിക്കുന്നുണ്ടായിരുന്നു.