ഇസ്താംബുള്ളിലെ ആദ്യ ദിവസം ഉച്ചഭക്ഷണം തേടിയുള്ള നടപ്പിൽ ഒരു ചെറിയ പാർക്കിനു മുന്നിലാണ് ആദ്യമായി പൂച്ചക്കൂടും
പൂച്ച ഭക്ഷണവും കണ്ണിൽ പെട്ടത്. 'കെഡി' എന്നാണ് ഇവിടെ അവരുടെ പേര്. എവിടെയും അവരുണ്ട് തെരുവിൽ, മോസ്കുകളിൽ, കടൽതീരത്ത്, പാർക്കുകളിൽ, ശ്മശാനങ്ങളിൽ. എല്ലായിടത്തും അവർക്ക് ഭക്ഷണവും വെള്ളവും വിശ്രമിക്കാൻ കൂടുകളും കരുതിയിരിക്കുന്നു. വഴിയാത്രക്കാർ അവരെ താലോലിക്കുന്നു. 99% മുസ്ളീങ്ങളാണെങ്കിലും മറ്റൊരു മുസ്ളീം രാജ്യത്തും കാണാത്തത്ര നായ്ക്കളെയും അവിടെ കണ്ടു. പക്ഷെ അവ തെരുവുനായ്ക്കളല്ല. ഓരോ തെരുവിലും പെറ്റ് ഷോപ്പുകളും വെറ്റിനറി ഷോപ്പുകളുമുണ്ട്.
ഇസ്താംബുളിൽ നഗരത്തിൽ മാത്രം 50000 തെരുവു പൂച്ചകളുണ്ടെന്നാണ് കണക്ക്. ശരിക്കും ഇതിലേറെ വരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. തന്റെ അടുത്ത് വിശ്രമിച്ച പൂച്ചയുടെ ഉറക്കം കെടുത്താതെ എഴുനേൽക്കാൻ ശ്രമിച്ച പ്രവാചകൻ നിലതെറ്റി വീണ് കൈ ഒടിഞ്ഞ കഥ ഈ സമൂഹത്തിൽ ഇവർക്കുണ്ടായിരുന്ന സ്ഥാനം പ്രഖ്യാപിക്കുന്നു.
പ്രവാചകനായ മുഹമ്മദ് നബിയെ ഒരു സർപ്പത്തിൽ നിന്നും ഒരു പൂച്ച രക്ഷിച്ച കഥ ഇവരുടെ സംരക്ഷണത്തിന് കാരണമായെന്നു പറയപ്പെടുന്നു. പൂച്ചയെ കൊന്ന പാപം തീരണമെങ്കിൽ ഒരു മോസ്ക് പണിതുനൽകണം എന്നിവർ വിശ്വസിക്കുന്നതിൽ നിന്നു മനസ്സിലാകും പൂച്ചയ്ക്ക് ഈ സമൂഹത്തിലുള്ള പ്രാധാന്യം.
പതിമൂന്നാം നൂറ്റാണ്ടു മുതൽ ഉള്ള രേഖപ്പെടുത്തപ്പെട്ട പൂച്ച ചരിത്രം പലയിടത്തുമുണ്ട്...