mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ഞാൻ റോഡരികിൽ സുഹൃത്തിനെയും കാത്ത് നിൽക്കുകയായിരുന്നു. ചാർജ് വറ്റാറായ മൊബൈലിൽ നിന്നുമുയർന്ന കണ്ണുകൾ അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിനു താഴെ ചുറ്റിത്തിരിയുന്ന പൂച്ചയിലേക്ക് നീണ്ടപ്പോഴാണ് അത് കാണുന്നത്. ഒരു തത്ത-നിലത്ത് പോസ്റ്റിനോട് ചേർന്ന് മലർന്ന് കിടക്കുകയാണത്. ഞാനങ്ങോട്ട് ചെല്ലുന്നത് കണ്ട പൂച്ച മനസില്ലാമനസോടെ, ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ട്, കുറിയ കാലടികൾ വെച്ച് നടന്നകന്നു.

ചിത്രങ്ങളിലൊക്കെ കാണാറുള്ളത് പോലെ അത്ര കടും പച്ചയല്ല തൂവലുകൾ. വയറിനോട് ചേർന്ന ഭാഗത്ത് ഇനിയും ഇളം നിറമാണ്. ചുവന്ന കൊക്ക് അൽപം തുറന്ന് വെച്ചിട്ടുണ്ട്. എന്റെ വശത്തായുള്ള കണ്ണ് പാതി അടഞ്ഞിരിക്കുന്നു. പതിയെ വീശുന്ന തണുത്ത കാറ്റിൽ ആ ശരീരം ചെറുതായി ഇളകുന്നത് പോലെ തോന്നി. അൽപം അകലെയായി മുൻകാലുകളിലൂന്നി പൂച്ച എന്നെ തന്നെ നോക്കിയിരിക്കുകയാണ്.

എങ്ങനെയാവും അത് സംഭവിച്ചിരിക്കുക? ദേഹത്തെങ്ങും ചോരയൊലിക്കുന്ന മുറിവുകൾ കാണാനില്ലാത്തതിനാൽ ആ പൂച്ച പിടിച്ചതാവാൻ സാധ്യതയില്ല. അതോ ഇനി ഷോക്കേറ്റ് വീണതാണോ? അല്ലയിനി, നടന്ന് പോകവെ കുഴഞ്ഞ് വീണ് മരിക്കുന്ന മനുഷ്യരെപ്പോലെ പറക്കുന്നതിനിടെ കുഴഞ്ഞ് വീണതോ? ഒന്നും തീർച്ചപ്പെടുത്താനാവുന്നില്ല; ഒന്നൊഴികെ- ആ തത്ത മരിച്ചിരിക്കുന്നു. (തെറ്റിയതല്ല; മനുഷ്യനായാലും പക്ഷിമൃഗാദികളടക്കം ഏത് ജീവിയും ജീവൻ വെടിയുന്നതിനെ ചത്തു എന്നതിനേക്കാൾ മരിച്ചു എന്ന് പറഞ്ഞാണ് ശീലം) വഴിയിൽ നിന്ന് മാറി ഒരരിക് പറ്റിയുള്ള ആ കിടപ്പ് കണ്ടാൽ മരിക്കുവാനായി വന്ന് കിടന്നത് പോലെയുണ്ട്.

ആ തത്തയെ അങ്ങനെ നോക്കി നിൽക്കെ ചില തത്തയോർമ്മകൾ പാറി വന്നു. അമ്മയെ പേരെടുത്ത് വിളിക്കുന്ന, കൊയ്ത്ത് കാലമായാൽ സ്വയം കൂട് തുറന്ന് പറന്ന് പോയി മാസങ്ങൾ കഴിഞ്ഞ് തിരിച്ചെത്താറുള്ള, എന്നോ ആ പതിവ് തെറ്റിച്ച, അമ്മയുടെ അരുമയായ തത്തമ്മയെ പറ്റിയുള്ള കേട്ടറിവുകൾ. ഇടവഴിയിൽ പരിക്ക് പറ്റി കിടന്ന, വീട്ടിൽ കൊണ്ട് പോയി ഞങ്ങൾ നൽകിയ പാലും പഴവും കഴിച്ച്, പരിക്ക് മാറി പറന്നു പോയ മറ്റൊരു തത്ത. അവിടെയങ്ങനെ ഒരോന്നോർത്ത് നിൽക്കുമ്പോൾ എനിക്കാകെ ഒരു വീർപ്പുമുട്ടലനുഭവപ്പെട്ടു. ഓർമ്മകളെന്നെ ദുർബലനാക്കുന്ന പോലെ. അവിടെ നിന്നും നടന്നു മാറാൻ തോന്നിയെങ്കിലും കാലുകൾ അനങ്ങുന്നില്ല. മനസിന്റെ ഭാരം ശരീരത്തിലേക്കും പടർന്നത് പോലെ.

മൊബൈലിൽ സംസാരിച്ചു കൊണ്ട് നടന്ന് വരുന്ന യുവതിയുടെ കൈയ്യിൽ തൂങ്ങിയാണ് ആ മഞ്ഞ ഫ്രോക്കുകാരി അത് വഴി വന്നത്. തത്തയെ കണ്ടതും, കൈ വിടുവിച്ചു കൊണ്ട് ഓടിയെത്തിയ അവൾ അതിനടുത്തായി മുട്ട് കുത്തിയിരുന്നു.

"സീ മമ്മീ.... ഇറ്റ്സ് ഡെഡ്"

ആ കുഞ്ഞ് അവിടെയിരുന്ന് കരയുമോ എന്ന് ഞാൻ ഭയന്നു. അങ്ങനെയുണ്ടായാൽ താൻ കെട്ടി നിർത്തിയിരിക്കുന്ന ദു:ഖം അണ പൊട്ടിയൊഴുകുമെന്ന് തീർച്ചയാണ്.

"കം..." എന്ന് പറഞ്ഞു കൊണ്ട് മൊബൈലിൽ സംസാരം തുടർന്ന് കൊണ്ട് യുവതി നടന്ന് തുടങ്ങി. എണീക്കാനൊരുങ്ങിയ കുട്ടി എന്തോ ഓർത്തിട്ടെന്ന പോലെ വെട്ടിത്തിരിഞ്ഞ്, തത്തയുടെ ഒരു തൂവൽ പറിച്ചെടുത്തു.

''ഫോർ മൈ ആക്ടിവിറ്റി ബുക്ക്"

ആരോടെന്നില്ലാതെ അങ്ങനെ പറഞ്ഞ് കൊണ്ട് അവളോടിപ്പോയി യുവതിയുടെ കൈയ്യിൽ തൂങ്ങി.

ആക്ടിവിറ്റി ബുക്ക് അലങ്കരിക്കാൻ കിട്ടിയ തൂവലുമായി തുള്ളിച്ചാടി പോകുന്ന കുട്ടിയെ ഞാൻ നോക്കി നിൽക്കെ, തന്റെ വിശപ്പടക്കാനുള്ള ഭക്ഷണവും കടിച്ചെടുത്ത് കൊണ്ട് ആ പൂച്ച എന്റെ കാലുകൾക്കിടയിലൂടെ പാഞ്ഞു.

ഇതെഴുതുമ്പോൾ ചിലത് കൂടി ഓർക്കുന്നു. ചില മരണങ്ങൾ മരണത്തോടെ നിശ്ശബ്ദമൊടുങ്ങുന്നു. എന്നാൽ ചിലത് ദിവസങ്ങളോളം നമ്മുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളെ അലങ്കരിക്കുന്നു; ചർച്ചകളുടെ തീൻമേശകളിൽ ഭക്ഷണമായി വിളമ്പപ്പെടുന്നു. അങ്ങനെ മരണശേഷവും പല തവണ മരണപ്പെടുന്ന ചില മരണങ്ങൾ.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ