ഇന്ന് തട്ടകത്തമ്മയായ മുളയങ്കാവിലമ്മയുടെ കാവിൽ കെങ്കേമമായ പൂരാഘോഷമാണ്. മേടമാസത്തിലെ അവസാന ചൊവ്വയോ ഞായറോ ആണ് ഉത്സവമായി കൊണ്ടാടുന്നത്. ഒരു മാസമായി നീണ്ടു നിന്ന വേല പൂരങ്ങളുടെയെല്ലാം പരിസമാപ്തി.
'കണ തൊട്ടുമുളവരെ ' എന്നാണ് ചൊല്ല്.കണയം കാവിലാണ് പൂരം ആദ്യമായി അരങ്ങേറുന്നത്. മുളയങ്കാവിൽ സമാപനവും.
ഒരുപാടു ദേശങ്ങളുടെ ആരാധ്യയായ ദേവിയാണ് മുളയങ്കാവിലമ്മ. ശാന്തസ്വരൂപയായ ഭദ്രകാളി സങ്കല്പമാണിവിടെ. വിളിച്ചാൽ വിളിപ്പുറത്താണ് വാത്സല്യനിധിയായ അമ്മ എന്നാണ് വിശ്വാസം.
കുട്ടിക്കാലത്ത് പൊരിവെയിലേറ്റ് നടന്ന് ഏകദേശം മൂന്നുനാലു നാഴികയോളം നടന്നാണ് പൂരത്തിന് പോയിരുന്നത്. എല്ലാ കുട്ടികളും അമ്മമാരുടെ കൂടെ സന്തോഷിച്ച് തുള്ളിച്ചാടി പോകുമ്പോൾ എൻ്റെ യാത്ര അമ്മായിയുടെ (അച്ഛൻ പെങ്ങൾ ) കൂടെയാവും.
അമ്മയ്ക്ക് എങ്ങോട്ടും പോവാൻ താല്പര്യമുണ്ടായിരുന്നില്ല. ആകെ പോയിരുന്നത് ആശുപത്രിയിലേക്കു മാത്രം.
അമ്മായിയുടെ മകൾ സമപ്രായക്കാരിയാണ്. അവൾ ആവശ്യപ്പെടുന്നതൊക്കെ സ്നേഹപൂർവ്വം അമ്മായി വാങ്ങിച്ചു കൊടുക്കുമ്പോൾ ഒരധികപ്പറ്റുപോലെ ഞാനും അതെല്ലാം കണ്ട് ഉള്ളിലെ സങ്കടമൊതുക്കി അവരുടെ കൂടെയങ്ങനെ നടക്കും. പുതിയവള, മാല, കടലാസുകൊണ്ടുള്ള വിശറിപ്പൂവ്, കണ്മഷി ,ബലൂണ് എന്നിവയെല്ലാം അഭിമാനത്തോടെ കരസ്ഥമാക്കി അവൾ നടക്കുമ്പോൾ ഒരനാഥയെപ്പോലെ ഞാനുമൊപ്പം അനുഗമിക്കും.
പൂരക്കാഴ്ചകളിൽ ഏറ്റവും ആകർഷകമായിരുന്നത് അലങ്കരിച്ച് തട്ടുതട്ടായി ഉയർന്ന് തോരണങ്ങൾ കൊണ്ടലങ്കരിച്ച ബഹുവർണത്തേരുകളായിരുന്നു.
പൂതനും തിറയുമെല്ലാം കൊട്ടിൻ്റേയും മറ്റു താളമേളങ്ങളുടെയും അകമ്പടിയോടെ വീടുവീടാന്തരം കയറിയിറങ്ങി കാവിലേക്ക് പോകുന്ന കാഴ്ചയും കൗതുകമുണർത്തുന്നതു തന്നെ.
റോഡു മുഴുവൻ നിറഞ്ഞു കവിയുന്ന ജനസാഗരത്തിനൊപ്പമങ്ങനെ ഒഴുകിയൊഴുകി ദൂരയാത്രാ ക്ഷീണമൊന്നും അറിയാതെ തീയാളുന്ന വെയിലിനെ കുളുർനിലാവു പോലെ ഏറ്റുവാങ്ങി രസകരമായ ആ യാത്ര മറക്കാനാവില്ല തന്നെ. കിലോമീറ്ററുകളോളം ദൂരത്തിൽ റോഡിനിരുവശങ്ങളിലും വിവിധ വസ്തുക്കളുമായി കച്ചവടക്കാരുമുണ്ടാവും. അന്നേ ദിവസം കാവിൻ്റെ പരിസരങ്ങളിൽ കിട്ടാത്തത് ഒന്നുമില്ല എന്നു തന്നെ പറയാം." അച്ഛനേം അമ്മേം അല്ലാത്തതൊക്കെ വാങ്ങാൻ കിട്ടും " എന്നാണ് ചൊല്ല്.
കാഴ്ചകൾ കണ്ട് സൂര്യാസ്തമയത്തോടെ പകൽപ്പൂരം കണ്ട് തിരിച്ചു വരുമ്പോൾ രാത്രി പൂരം കാണാനുള്ളവർ ഒരുങ്ങി വരുന്നുണ്ടാവും. ചിലരുടെയെല്ലാം കൈയിൽ ചുരുട്ടിപ്പിടിച്ച പായുമുണ്ടാകും. അതു വിരിച്ച് ഇരിക്കുകയും വേണമെങ്കിൽ ഒന്നുറങ്ങുകയും ആവാം.
പാവക്കൂത്ത് നടക്കുന്ന അപൂർവ്വം കാവുകളിലൊന്നാണ് ഇവിടം. രാമായണ കഥയാണ് കൂത്തുമാടത്തിൽ അരങ്ങേറുന്നത്.പൂരം കഴിഞ്ഞ് പിറ്റേന്ന് വെടി പൊട്ടുന്ന ശബ്ദം കേൾക്കാം. അതോടെ അച്ചമ്മയുടെ പ്രഖ്യാപനവുമുണ്ടാകും.." "രാവണവധം കഴിഞ്ഞു, വെടി പൊട്ടി'' എന്ന്.
എല്ലാം ഓർമകളായി ഇന്നലെയെന്ന പോലെ മനസ്സിൻ്റെ തിരശ്ശീലയിൽ തെളിയുന്നു.