മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

പഴമ്പുരാണം ആണ്...

എട്ടും ഒൻപതും പത്തും പഠിച്ചത് വീട്ടിൽ നിന്നും അറുപതു കിലോമീറ്റർ അകലെയുള്ള ചെറുവത്തൂരിലെ

ടെക്‌നിക്കൽ സ്‌കൂളിലാണ്- ഹോസ്റ്റലിൽ നിന്നാൽ ഉഴപ്പും എന്ന് പറഞ്ഞു സാക്ഷാൽ കെ സി തോമസ് അവർകൾ, പരേതനായ എൻ അപ്പൻ, എന്നെ അവിടെയുള്ള ഒരു ബാലേട്ടന്റെയും യെശോദയെട്ടിയുടേയും വീട്ടിലാണ് നിർത്തിയത്. (കാസർഗോഡൻ ഭാക്ഷയിൽ "ഏട്ടി" എന്നാൽ ചേച്ചി എന്നർത്ഥം... )
ഞങ്ങൾ അഞ്ചാറു പേരുണ്ടായിരുന്നു, അവിടെ- സിദ്ധാർത്ഥൻ, ജോഷി, സിബി, ബിനോയ്, സാബു; പിന്നെ, ബാലേട്ടന്റെ മകൻ സുരേഷ്..

ആദ്യമൊക്കെ വല്ലാത്ത വിഷമം ആയിരുന്നു - വീട് വിട്ടു നിൽക്കുന്നതിന്റെ. സാവധാനം അത് ശീലമായി.. 'ഏട്ടി' അല്പം സ്ട്രിക്ട് ആണ്- വൈകുന്നേരം ആറു മണി ആകുമ്പോൾ കളി നിർത്തി, എല്ലാവരും പിന്നാമ്പുറത്തെ കിണറ്റിൻ കരയിൽ ചെന്ന്, കാലും മുഖവും കഴുകി പഠനത്തിലേക്ക് തിരിയണം. ഏട്ടിയുടെ മകൻ ആവും മിക്കവാറു സന്ധ്യാദീപം കൊളുത്തുക- അതില്ലേൽ ഈ ഞാൻ..ഭയഭക്തി ബഹുമാനത്തോടെ നിലവിളക്കു കൊളുത്തിയതിനു ശേഷം, കയ്യിൽ പറ്റിയിരിക്കുന്ന എണ്ണ തലയിൽ തേച്ചു ചേർക്കും; പിന്നെ ഉമ്മറത്തിരുന്നു വായിച്ചു പഠിത്തം...
വീട്ടിലെ എല്ലാ പണിയും കഴിഞ്ഞു ഏട്ടി, ഈറനണിഞ്ഞ മുടി അഴിച്ചിട്ടു ഞങ്ങൾ പടിക്കുന്നുണ്ടോ എന്നറിയാൻ കാവലായി മുറ്റത്തു കസേരയിൽ ഉണ്ടാവും; തൊട്ടപ്പുറം ബാലേട്ടനും ...

ശനിയാഴ്ചകൾ ആണ് ഏറെ രസം...ഒരു ദിവസത്തേക്കാൾ ഏറെ ദൈർഖ്യമുള്ള ദിവസം ആണ്, ശനിയാഴ്ചകൾ...
രാവിലെ എണീറ്റ ഉടനെ തൊട്ടടുത്തുള്ള കൊല്ലൻ കൃഷ്ണേട്ടന്റെ ആലയിൽപോകും. ഒരു പാട് 'പണകൾ' ഉള്ള സ്ഥലമാണ് ചെറുവത്തൂർ. ('പണ' എന്നാൽ, വെട്ടുകല്ല് വെട്ടിയെടുക്കുന്ന സ്ഥലം). അതുകൊണ്ടു തന്നെ, ധാരാളം ആൾക്കാർ മഴുവിന്റെ മൂർച്ച കൂട്ടുവാൻ രാവിലെ തന്നെ കൃഷ്ണേട്ടന്റെ ആലയിൽ എത്തും.

മെലിഞ്ഞ ഉണങ്ങിയ , താടി വച്ച ശരീരപ്രകൃതം ആണ് കൃഷ്ണേട്ടന്റെതു. കാവി നിറത്തിലുള്ള കരി പുരണ്ട ഒരു ലുങ്കി മാത്രം ഉടുത്തെ കണ്ടിട്ടുള്ളു. അന്ന് ഏകദേശം മുപ്പത്തഞ്ചു വയസ്സ് പ്രായം കാണുമായിരിക്കും.
രാവിലെ ചെന്ന്, കൃഷ്ണേട്ടൻ ചെയ്യുന്ന ജോലികൾ മറ്റു പണിക്കരുടെ കൂടെ നോക്കി ഇരിക്കും. തീരെ പൊക്കം കുറഞ്ഞ, അനങ്ങാതെ ഇരുന്നാലും വല്ലാത്ത ഒരുതരം ശബ്ദം പുറപ്പെടുവിക്കുന്ന ഒരു പഴയബെഞ്ചിലാണ് ഇരിപ്പു. ഇടയ്ക്കു ആലയിലെ നെരിപ്പോട് കത്തിക്കാനുള്ള ചക്രം തിരിച്ചു കൊടുത്തു കൃഷ്ണേട്ടനെ സഹായിക്കും.

അങ്ങിനെ കുറെ നേരം ഇരുന്നു കഴിയുമ്പോൾ ബോറടിക്കും..മറ്റു കൂട്ടുകാർ തെങ്ങിൻമടലുമായി cricket കളിക്കാൻ പോയിട്ടുണ്ടാവും. അതിനോടെന്തോ താല്പര്യം ഇല്ലാത്തതിനാൽ ഞാൻ മാത്രം ഒറ്റയ്ക്ക് കറങ്ങി നടക്കും...

ആലയുടെ തൊട്ടടുത്താണ് നീലേശ്വരത്തെ ഭാസ്കരേട്ടന്റെ ചാരായ ഷോപ്...ചാരായഷാപ്പിലെ എള്ളുണ്ട, കപ്പലണ്ടി മിടായി, അരിനുറുക്ക് ഇവയൊക്കെയാണ്, എന്റെ പ്രധാന ആകര്ഷണയിനങ്ങൾ.

ഭാസ്കരേട്ടനെ കണ്ടാൽ പഴയ സിനിമനടൻ വിന്സന്റിനെ പോലെ തോന്നിയിട്ടുണ്ട്. കയ്യുള്ള വെളുത്ത ബനിയനും വെള്ളമുണ്ടുമാകും വേഷം..രാവിലെ തീരെ തിരക്കില്ലാത്തതിനാൽ അവിടെ ചെന്ന് ഭാസ്കരേട്ടനോട് അല്പം സൊറ പറഞ്ഞിരിക്കും ചിലപ്പോൾ ഒരു എള്ളുണ്ട ഫ്രീയായി കിട്ടിയെങ്കിലുമായി...

വൈകുന്നേരം എപ്പോഴും അവിടെ കാണുന്ന ഒരു മുഖമാണ് രമേശന്റെ അച്ഛൻ രാഘവേട്ടന്റെ ..പേര് അത് തന്നെ ആണോ എന്ന് ശരിക്കോർമ്മയില്ല...നല്ല ഉയരം...സിക്സ് പാക്ക് ശരീരം; എണ്ണവച്ച് ചീകി ഒതുക്കിയ കറുത്ത മുടി; കട്ടകറുപ്പ് മീശ ;അരയിൽ ചുറ്റിയ ഒരു തോർത്ത് മാത്രമാവും വേഷം. കയ്യിൽ എപ്പോഴും ഒരു ബീഡി ഉണ്ടാവും...

എവിടെയും വഴക്കില്ല ഒച്ചപ്പാടില്ല ഉറക്കെയുള്ള ചിരികളും വർത്തമാനങ്ങളും മാത്രം..

അതെ- ഒരുപാട് നന്മയുള്ള ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു.

അങ്ങനെയിരിക്കെയാണ് അവിടേയ്ക്കു രവിമാഷും മിനിയേച്ചിയും വരുന്നത്. മാഷിന്റെ വീട് വടകരയാണ്. ട്രാൻസ്ഫർ കിട്ടി ചെറുവത്തൂരിലേക്കു വന്നു. കൂടെ, കോളേജ് പ്രണയിനി മിനിയേച്ചിയും കുഞ്ഞു മോനും..അവരും വീടിനോടു ചേർന്നുള്ള മുറിയിൽ താമസം തുടങ്ങി...

വൈകുന്നേരമായാൽ രവിമാഷ് കുളി കഴിഞ്ഞു വരും; മിനിയേച്ചിയുടെ കൂടെ. പിന്നെ മുതിർന്നവർ എല്ലാം ചേർന്ന് സൊറ പറഞ്ഞിരിക്കൽ... ഞങ്ങൾ കുട്ടികൾ പഠിത്തം കഴിഞ്ഞു അവരുടെ കൂടെ കൂടും. രവി മാഷ് സുന്ദരനാണ്. ബെൽബോട്ടം പാന്റും ഫുൾ സ്ലീവ് ഷർട്ടും, കറുത്ത ബൂട്ടും ധരിച്ചു പോകുന്നത് കാണാൻ നല്ല ചേലാണ്.

ബാലേട്ടന്റെ മകൾ "അല്ലയും" പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞു തയ്യൽ പഠനത്തിലേർപ്പെട്ടു അവിടെയുണ്ടായിരുന്നു (ലത എന്നാണ് പേര്; "അല്ല" എന്നതായിരുന്നു വിളിപ്പേര്..) എന്നെക്കാൾ മൂന്നു വയസ്സ് മൂത്തത്.. എന്നാലും അവിടെയുള്ള എല്ലാ അലമ്പുകൾക്കും ഞങ്ങൾ രണ്ടുപേരുമായിരുന്നു വിചാരണയ്ക്ക് വിധേയമാവുക..

പത്തിൽ പഠിക്കുമ്പോഴായിരുന്നു സംസ്ഥാന സ്‌കൂൾ കലോത്സവം, ഷൊർണൂരിൽ വച്ച് നടന്നത്. നാടകമത്സരത്തിൽ ഞങ്ങളുടെ ടീമും ഉണ്ടായിരുന്നു. ക്ലാർക്ക് ജയരാജൻ മാഷുടെ സംവിധാനത്തിൽ ഉള്ള "ഒഥല്ലോ" ആണ് നാടകം- ഇരുപതു മിനുട്ടാണ്; പക്ഷെ, ആകെ മുപ്പതു സെക്കൻഡിൽ താഴെയേ സംഭാഷണം ഉള്ളു; ബാക്കി എല്ലാം ആംഗ്യം ആണ്. ഒഥല്ലോ ആയി സുരേന്ദ്രനും, കാഷ്യസ് ആയി ഞാനും പിന്നെ സന്തോഷും ഉണ്ട്..

ശനിയാഴ്ചകളിലെ ജയരാജൻ മാഷിന്റെ റിഹേഴ്സൽ ക്യാമ്പ് നല്ല രസമാണ്. തീരെ മെലിഞ്ഞു, ആറടി പൊക്കമുള്ള, നീണ്ട താടിയും മുടിയും ഉള്ള മനുഷ്യൻ. ഉയരം കൂടുതലുള്ള കാരണം അല്പം വളഞ്ഞാണ് നില്കാറുള്ളത്. ചിരിക്കാറില്ല; എന്നാലും അഭിനയം കാണിച്ചു തരുന്നത് കാണാൻ പ്രത്യേക രസമാണ്. കൂടെ കുമാരൻ മാഷുമുണ്ടാകും..

വൈകുന്നേരത്തെ ട്രെയിനിൽ കുമാരൻ മാഷും ജയരാജൻമാഷും ഒക്കെയായി ഞങ്ങൾ ഷൊർണ്ണൂരിലേക്കു കലോത്സവത്തിൽ പങ്കെടുക്കാൻ യാത്ര തിരിച്ചു.
കലാമാമാങ്കത്തിന്റെ ദിവസങ്ങൾ..എപ്പോഴോ അരങ്ങേറിയ നാടകത്തിനു ശേഷം പല പല വേദികളിലായി അലഞ്ഞു നടക്കുന്ന സമയം..

ആ കാലത്തു എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് ഒരു മണിക്ക് ഞാനും അല്ലയും ചേർന്ന് പഴയ ഫിലിപ്സിന്റെ റേഡിയോവിൽ നിന്ന് ഒരു മണിക്കൂർ നീളമുള്ള ചലച്ചിത്ര ഗാനങ്ങൾ കേൾക്കുക പതിവായിരുന്നു..അന്നായിരുന്നു "ദേവദൂതർ പാടി.." "രാജീവം വിടരും നിൻ മിഴികൾ ..." പിന്നെ, ഏറെ ഇഷ്ടമുള്ള, മോഹൻ സിതാരയുടെ "രാരീ രാരീരം രാരോ..." എന്നീ പാട്ടുകൾ ഒരുപാട് കേട്ടിട്ടുള്ളത്. ..

ഉറക്കം തൂങ്ങിയ മിഴികളുമായി കൂട്ടുകാരുമൊത്തു വേദികൾതോറും അലഞ്ഞു അടക്കുമ്പോഴാണ് ആ പാട്ടു കേട്ടത്..ഒരു കുയിൽനാദം ആയിരുന്നു...

"രാരീ രാരീരം രാരോ..."

എന്തെന്നറിയില്ല... വല്ലാത്തൊരിഷ്ടം തോന്നി. ഓടിച്ചെന്നു ഏറ്റവും മുന്നിൽ ഉള്ള കസേരയിൽ സ്ഥാനം പിടിച്ചു. കറുത്തമിഡിയും,വെളുത്ത ടോപ്പും ധരിച്ച, ഒരു സുന്ദരി പാടുകയാണ്. നെറുകയിൽ ഒരു കറുത്ത പൊട്ടുണ്ട്.

"......പാടീ രാക്കിളി പാടീ
പൂമിഴികൾ പൂട്ടി മെല്ലെ..നീയുറങ്ങി ചായുറങ്ങി
സ്വപ്നങ്ങൾ പൂവിടും പോലേ നീളെ…"

പാട്ടു കഴിഞ്ഞതും അവൾ പോയതൊന്നും ഞാൻ അറിഞ്ഞില്ല.

മനസ്സിലായി- അവൾ മനസ്സിൽ കയറി എന്ന് മനസ്സിലായി...

പിന്നെ, ജെയിംസ് ബോണ്ട് സ്റ്റൈലിൽ ഒരന്വേഷണം ആയിരുന്നു. അവളുടെ കൂടെ കണ്ട സകലമാന കുട്ടികളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ആളെ കിട്ടി വടകര technical സ്‌കൂളിലെ ഷീജ.

കാര്യങ്ങൾ പിടിവിട്ടുപോയി..! കാതിൽ ഒരേ ഒരു ശബ്ദം- രാരോ രാരീ..."" മനസ്സിൽ ഒരേ ഒരു രൂപം- മിഡിയിട്ട കറുത്ത പൊട്ടുള്ള ആ സുന്ദരി..
കലോത്സവദിനങ്ങളിലൊക്കെ അവളുള്ളിടത്തു പോയി നിൽക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.അവൾ കാണാൻ വേണ്ടി പല നമ്പറുകളും ഇട്ടു നോക്കി. എന്തോ അവൾ എന്നെ കണ്ടു പോലുമില്ല.

അവസാനം, കലോത്സവത്തിന്റെ കൊടിയിറങ്ങി എല്ലാവരും പിരിയുന്ന സമയം.. രാത്രി ഏതാണ്ട് ഏഴു മണിയോട് കൂടി ഞങ്ങൾ എല്ലാവരും ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. രാത്രി പന്ത്രണ്ടു മണിക്കാണ് ഞങ്ങൾക്കുള്ള ട്രെയിൻ..

മനസ്സിൽ നിറയെ രാരീ രാരീരം രാരോ ആണ്; കൂടെ മിഡിയിട്ട ആ പെൺകുട്ടിയും...
പോരുന്നതിനു മുൻപ് അവിടെയെല്ലാം മഷിയിട്ടു നോക്കിയിട്ടും എന്തോ, അവളെ കാണാൻ കഴിഞ്ഞില്ല...

വിരഹവേദന നിറഞ്ഞ മനസ്സുമായി ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിലെ ഒരു ബെഞ്ചിൽ ഞാനിരുന്നു. അടുത്തിരുന്ന സന്തോഷ് എന്തെല്ലാമോ പറയുന്നുണ്ട് .പക്ഷെ, ഒന്നും എന്റെ ചെവിയിൽ കയറുന്നില്ല..

മനസ്സ് നിറയെ ഷീജയാണ്; കാതിൽ അവളുടെ പാട്ടും..!!

ആ സ്വപ്നലോകത്തു അങ്ങിനെ നിൽക്കുമ്പോഴാണ്, അല്പം അകലെ നിന്ന് കുറച്ചു കുട്ടികൾ വരുന്നത് കണ്ടത്. സൂക്ഷിച്ചു നോക്കി. അത് അവൾ തന്നെ..ഷീജ..!!

വല്ലാത്തൊരു സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു. ഇരുന്നിടത്തുനിന്നും ചാടിയെണീറ്റു.
പിന്നെ, അവളുടെ ശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമമായിരുന്നു. ആയിരം വട്ടം അവളുടെ മുന്നിലൂടെ സന്തോഷിനെയും കൂട്ടി തെക്കു വടക്കു നടന്നു. ഈ ഭൂമുഖത്തു ഞാൻ എന്നൊരാൾ ഉള്ളതായിട്ടേ അവൾ ശ്രദ്ധിക്കുന്നില്ല..എന്റെ ശ്രമം തുടർന്നുകൊണ്ടേയിരുന്നു...

പന്ത്രണ്ടു മണിയായി ട്രെയിൻ വന്നു. ഞങ്ങൾ എല്ലാവരും ട്രെയിനിൽ കയറി. അവർ മറ്റൊരു കമ്പാർട്‌മെന്റിലും...

വീണ്ടും ദുഃഖാർത്ഥനായി ഞാൻ...

തിരികെ വീട്ടിലെത്തി. എവിടെ തിരിഞ്ഞാലും രാരീരാരീരം പാട്ടും അവളുടെ മുഖവും...പഠിക്കാൻ പുസ്തകം വരെ തുറക്കാൻ കഴിയുന്നില്ല. അവസാനം കാര്യങ്ങൾ എല്ലാം 'അല്ലയോടു പറഞ്ഞു അല്ലയാണ് പറഞ്ഞത് സ്‌കൂളിലേക്ക് ഒരു ലെറ്റർ അയക്കാൻ..

ഒരു ഇൻലൻഡ് വാങ്ങി, ആരും കാണാതെ നല്ല വടിവൊത്ത കയ്യക്ഷരത്തിൽ നീണ്ട ഒരു കത്തെഴുതി...പൈങ്കിളി സ്റ്റൈൽ ആണെന്നാണ് ഓർമ്മ..

കത്ത് പോസ്റ്റ് ചെയ്ത അന്ന് മുതൽ മറുപടിക്കായി കാത്തിരിക്കാൻ തുടങ്ങി. സ്‌കൂൾ മേൽവിലാസം ആയിരുന്നു കൊടുത്തത്...എല്ലാദിവസവും സ്‌കൂളിലെ ലെറ്റർ ബോർഡിൽ പോയി നോക്കും....

കഴിഞ്ഞ ദിവസം, അതിരാവിലെ കൺ‌തുറന്നു, ഒഥല്ലോ ആയി അഭിനയിച്ച സുരേന്ദ്രനെ, കുറേകാലം കൂടി ഓർമ്മ വന്നു. സുരേന്ദ്രനിലൂടെ ഓർമ്മകൾ പഴയ പ്രണയത്തിലേക്കും...

തൊട്ടടുത്ത് കിടന്ന ഭാര്യയുടെ ശബ്ദം കേട്ടതിനാലാവണം, പെട്ടെന്ന് തന്നെ, ഓർമ്മകളെ ഡിലീറ്റ് ചെയ്തു..

അവളുടെ കായിക ശക്തിയുടെ മുന്നിൽ ഞാൻ ഒന്നുമല്ല ..സ്വരക്ഷയാണല്ലോ പ്രധാനം...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ