മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

boy

Jojy Paul

ക്രൈസ്റ്റ് കോളേജ് - പണ്ടൊക്കെ പത്താം ക്ലാസ്സിലെ പരീക്ഷകളുടെ ഫലം കാത്തിരിക്കുന്ന ഇരിഞ്ഞാലക്കുടയിലെയും പ്രാന്തപ്രദേശങ്ങളിലെയും ആൺകുട്ടികളുടെ വലിയൊരു സ്വപ്നമായിരുന്നു ക്രൈസ്റ്റ് കോളേജിൽ പഠിക്കണമെന്നത്.

പരീക്ഷ എഴുതുന്നതുവരെ എന്റെ ഉള്ളിലും ചെറിയൊരു ആഗ്രഹം ഉണ്ടായിരുന്നു. പരീക്ഷകളെല്ലാം കഴിഞ്ഞപ്പോഴേക്കും അത്തരം അനാവശ്യ ആഗ്രഹങ്ങളെല്ലാം മനസ്സിൽനിന്നും മാറ്റിയെടുക്കാൻ ഞാൻ പഠിച്ചു. എല്ലാവരും ആകാംഷയോടെ കാത്തിരുന്ന പരീക്ഷാഫലം പുറത്തുവന്നപ്പോൾ തീരെ ആകാംഷയില്ലാതിരുന്ന ഞാനും കടന്നുകൂടി. പുറത്തുപറയാൻ പറ്റാത്ത മാർക്ക് വാങ്ങിയതിൽ ഒരല്പം ജാള്യത തോന്നിയെങ്കിലും വലിയ അധ്വാനമൊന്നും കൂടാതെ കിട്ടിയതാണല്ലൊ എന്ന് സ്വയം ആശ്വസിച്ചു.

എല്ലാ മാതാപിതാക്കളെയുംപോലെ എന്റെ അമ്മയും എന്നെ ക്രൈസ്റ്റ് കോളേജിൽ വിട്ടു പഠിപ്പിക്കണം എന്നാഗ്രഹിച്ചതിൽ തെറ്റുപറയാനൊക്കില്ല. കോളേജിലെ ജോലിക്കാർക്കെല്ലാം ഓരോ കുട്ടിയെ ശുപാർശ ചെയ്യാം എന്നുള്ള അറിവ് കിട്ടിയ 'അമ്മ എന്നെയും കൂട്ടി അടുത്തവീട്ടിലെ ജോസേട്ടനെ കാണാൻ പോകാനൊരുങ്ങി. പലതവണ ഞാൻ മുടക്കാൻ നോക്കിയെങ്കിലും കോളേജിലെ ജോലിക്കാരനായ ജോസേട്ടൻ വിചാരിച്ചാൽ എനിക്കൊരു അഡ്മിഷൻ കിട്ടുമെന്ന് അമ്മക്ക് ഉറപ്പായിരുന്നു. എനിക്ക് കിട്ടിയ മാർക്കിന്റെ വലിപ്പത്തെക്കുറിച്ച് അമ്മക്ക് തീരെ ബോധ്യമുണ്ടായിരുന്നില്ല എന്ന് തോന്നുന്നു. ജോസേട്ടൻ വളരെ ആദിത്യമര്യാദയോടെ ചായ തന്ന് ഞങ്ങളെ സ്വീകരിച്ചു. "പണ്ടത്തെപോലെയല്ല ഇപ്പൊ അഡ്മിഷൻ ഭയങ്കര ടൈറ്റാട്ടാ" എന്നിടക്കിടെ ജോസേട്ടൻ ഓർമിപ്പിച്ചു കൊണ്ടിരുന്നു. ഇടക്ക് എപ്പോഴോ കിട്ടിയ ഇടവേളയിൽ ഞാനെന്റെ എസ്‌ എസ്‌ എൽ സി ബുക്ക് ജോസേട്ടന് കാണാൻ പാകത്തിൽ തുറന്നു വെച്ചു. മാർക്കിലേക്കു നോക്കിയ ജോസേട്ടന്റെ മുഖത്തു പെട്ടന്നൊരു ഞെട്ടൽ ഞാൻ കണ്ടു. "അല്ലാ, ചേടത്തിയാര് അകത്തോട്ടു ചെല്ല്" സമനില വീണ്ടെടുത്ത് ജോസേട്ടൻ അമ്മയെ അകത്തോട്ടു പറഞ്ഞയച്ചു.

അടുക്കളയിൽ ചക്ക വെട്ടികൊണ്ടിരുന്ന ജോസേട്ടന്റെ ഭാര്യ മോളിഞ്ഞീൻ നിറഞ്ഞ കൈകൊണ്ടു അടുത്തിരുന്ന പൂച്ചക്കൊരടി വെച്ചു കൊടുത്തു. കിണുങ്ങി കൊണ്ടുവന്ന പൂച്ച എന്റെ കാലിൽ വന്നു മോന്ത ഉരസാൻ തുടങ്ങി. ഒരു ചവിട്ടു കൊടുക്കാൻ തോന്നിയെങ്കിലും അടങ്ങിയൊതുങ്ങി ഇരുന്നു. "എടാ, നീ ചായ കുടിച്ചോ?". "ഉവ്വ, കുടിച്ചു". കണ്ടോട്ടെ എന്ന് കരുതി കാലിയായ കപ്പു ഞാൻ ജോസേട്ടന്റെ അടുത്തേക്ക് നീക്കിവെച്ചു. "എന്നാ എണീറ്റെ" എന്നും പറഞ്ഞ് ജോസേട്ടൻ എസ്‌ എസ്‌ എൽ സി ബുക്കുമെടുത്ത്‌ പുറത്തേക്കു നടന്നു. ഞാനും ജോസേട്ടന്റെ പുറകെ മുറ്റത്തേക്ക് നടന്നു. "ഈ സാധനോം കൊണ്ട് ഞാൻ പ്രിൻസിപ്പാളച്ചന്റെ മുൻപിലേക്ക് ശുപാര്ശയുമായിട്ടു ചെന്നാലേ എന്റെ പണിവരെ അച്ഛൻ തെറിപ്പിക്കും" എന്നും പറഞ്ഞ് ജോസേട്ടനെന്റെ എസ്‌ എസ്‌ എൽ സി ബുക്ക് ഭദ്രമായി എനിക്ക് തിരിച്ചു തന്നിട്ട് അകത്തോട്ടു കയറിപ്പോയി. ക്രൈസ്റ്റ് കോളേജിൽ പഠിക്കാൻ പറ്റില്ലെന്നുള്ള യാഥാർത്യമോ, മാർക്ക് വളരെ കുറഞ്ഞു പോയല്ലോ എന്ന വ്യഥയോ എന്നിലൊരു വികാരവും ഉണ്ടാക്കിയില്ല. പക്ഷെ ജോസേട്ടൻ വഴി നാട്ടുകാര് മുഴുവൻ ഇതറിയുമല്ലോ എന്നോർത്ത് ഞാൻ ചൂളിപ്പോയി.

അടുക്കളയിൽ അമ്മക്കെന്താണാവോ പണിയെന്നോർത്ത്‌ ഒരല്പം മുഷിച്ചിലും തോന്നി. അപ്പഴേ പറഞ്ഞതാ ഇതൊന്നും ശരിയാവൂല്ലാന്നു. മുറ്റത്തു നിന്ന പ്രിയൂർ മാവിൽ യാതൊരും അല്ലലുമില്ലാതെ പുളിയുറുമ്പുകൾ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു നടക്കണ കണ്ടപ്പോൾ താഴെ കിടന്നിരുന്ന ഒരു പഴുക്കില എടുത്ത്‌ ഒന്ന് തേച്ചു അരച്ചു കൊടുത്തു. പെട്ടന്നുണ്ടായ പരിഭ്രാന്തിയിൽ ഉറുമ്പുകളെല്ലാം ചിതറിയോടിയെങ്കിലും പെട്ടന്ന് തന്നെ തിരിച്ച് വന്ന് അരഞ്ഞു ചേർന്ന ഉറുമ്പുകളുടെ അവശിഷ്ടങ്ങളെല്ലാം കടിച്ചെടുത്ത് എങ്ങോട്ടോ ഇഴഞ്ഞു പോയി. വളരെ നാളുകൾക്കു ശേഷമാണ് ഉറുമ്പുകളുടെ ആ പ്രവർത്തിയുടെ പൊരുൾ ഉൾക്കൊള്ളാനായത്. ഒരു പതറിച്ചയോ, പരാജയമോ മുന്നോട്ടുള്ള വഴികളിലെ തടസ്സമാവരുതെന്ന് ഉറുമ്പുകളെങ്കിലും പഠിച്ചു വെച്ചിട്ടുണ്ട്. ഏതു കോളേജിലാണാവോ അവര് പഠിച്ചത്?

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ