മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

പ്രധാന അധ്യാപകനോടൊപ്പം, അച്ഛനോടൊപ്പം, അമ്മയും സഹോദരീ സഹോദരങ്ങളുമായി താത്കാലികമായി ബെഞ്ചുകൾ ചേർത്തിട്ട ഒരു വേദി പങ്കിട്ടതിന്റെ ഓർമയിലാണീ ദിവസം അവസാനിക്കാൻ പോകുന്നത്. വർഷങ്ങൾക്ക് മുൻപ്,

അതായത് അഞ്ചിലോ ആറിലോ എന്നു കൃത്യമായി ഓർമയില്ല, സ്കൂൾ നേരത്തെ വിട്ടിരിക്കണം അന്ന്. രാവിലെ ഞങ്ങളോട് അച്ഛൻ ഇങ്ങോട്ടു പറഞ്ഞു സ്കൂളിൽ പോകണ്ട. പതിവില്ലാത്തതാണ്. ഉച്ച വരെ കളി തന്നെയായിരുന്നു. രാവിലെ സഹപാഠികൾ സ്കൂളിൽ പോകുന്നത് നോക്കി ഇന്നു വരുന്നില്ല എന്നറിയിച്ചു. സ്കൂളിൽ പോകാത്തതിന് കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. വീട്ടുകാരെല്ലാവരും തിരക്കിലായിരുന്നു. ഊണ് കഴിച്ച് കഴിഞ്ഞു അമ്മ പുതിയ സാരി ചുറ്റി പുറത്തേക്കെവിടേക്കോ പോകാനൊരുങ്ങുന്നത് കണ്ടപ്പോൾ കാര്യം അന്വേഷിച്ചു. മറുപടി കേട്ടപ്പോൾ അത്ഭുതം തോന്നി. അമ്മ സ്കൂളിലേക്കാണ്.

ജീവിതത്തിൽ അന്നേവരെ സഹോദരീ സഹോദരന്മാരും അച്ഛനും അല്ലാതെ അമ്മ സ്കൂളിൽ വന്നിട്ടില്ല. ഇതെന്തൊരു പുതുമ എന്നു വിചാരിച്ചിരിക്കുമ്പോൾ അടുത്ത സർപ്രൈസ്. ഞങ്ങളും സ്കൂളിലേക്കു പോകുന്നുണ്ടെന്നുള്ള അറിയിപ്പ്.

ഊണ് കഴിഞ്ഞ് സ്കൂൾ വിടാൻ നേരത്ത് സ്കൂളിലേക്കോ. വലിയ മടിയുള്ള കാര്യമാണ് ഉച്ചക്ക് ശേഷം സഹപാഠികളെ അഭിമുഖീകരിക്കുക എന്നത്. മുൻപൊരിക്കലും ഉണ്ടായിട്ടുമില്ല.

അമ്മ പോകുന്നുണ്ടെങ്കിൽ ഞങ്ങളും പോകാറുണ്ട് എല്ലായിടത്തേക്കും. കുറച്ചു കഴിഞ്ഞപ്പോൾ സ്കൂളിലെ പ്യൂൺ വന്നു വിളിക്കാൻ. തുളിച്ചാടി ഞങ്ങൾ മുന്നിലും അമ്മയും പ്യൂൺ വള്ളിയമ്മയും സംസാരിച്ചു പിന്നിലും.

സ്കൂളിൽ എത്തുന്നതിനു മുൻപ് അടുത്ത വീട്ടിലെ കുട്ടികൾ പുസ്തകെട്ടുമായി എതിരെ വരുന്നു. ചോദിച്ചപ്പോൾ സ്കൂൾ നേരത്തെ വിട്ടുവെന്നു അറിഞ്ഞു.

എല്ലാത്തിലും ഒരു നിഗൂഢത.

ഞങ്ങൾ അറിയാത്ത എന്തോ ഒന്നുണ്ട്. എന്താണെന്നു മനസിലായില്ല. അവസാനം സ്കൂളിൽ എത്തി. കുറെ ടീച്ചർമാർ വന്നു അമ്മയെ സ്വീകരിച്ചു കൊണ്ട് അകത്തേക്കു പോയി. അച്ഛൻ മാഷന്മാരോട് സംസാരിച്ചു നില്കുന്നുമുണ്ട് തൊട്ടടുത്തായി. പഠിപ്പിക്കുന്ന അധ്യാപകർ ഞങ്ങളോട് വലിയ വാത്സല്യത്തോടെയാണ് സംസാരിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ അച്ഛനെയും അമ്മയെയും വേദിയിലേക്ക് കൊണ്ടുപോയി.

പിന്നെ കേട്ടത് ഓരോ അധ്യാപകരായി വന്നു അച്ഛനെ കുറിച്ച് ഓരോ കാര്യങ്ങൾ പറയുന്നതാണ്. അത് വരെ ഞങ്ങൾക്ക് പോലും അറിയാത്ത കാര്യങ്ങൾ. അറബിക് മാഷ് പറഞ്ഞ ഒരു കാര്യം അച്ഛന്റെ ചെറുപ്പത്തിലെ സൗന്ദര്യത്തെ കുറിച്ചായിരുന്നു. എനിക്കോർമ്മ വെക്കുമ്പോൾ തന്നെ തല നരച്ചു വൃദ്ധനായ ഒരാളായിരുന്നു അച്ഛൻ. ആ അച്ഛനെയാണ് മാഷ് പറയുന്നത്. സ്കൂളിൽ പോകുമ്പോൾ വേലിയരികിൽ സ്ത്രീകൾ അച്ഛനെ കാണാൻ കാത്തു നിന്നിരുന്നു പോലും. ഞാൻ അമ്മയെ അറിയാതെ നോക്കി. എല്ലാം കേട്ടിരിക്കുകയായിരുന്നു. പ്രത്യകിച് ഭാവഭേദമൊന്നും കണ്ടില്ല.

എല്ലാവരും സംസാരിച്ചു കഴിഞ്ഞപ്പോൾ അച്ഛൻ എണീറ്റു നിന്നു എന്തൊക്കെയോ പറഞ്ഞു. അവസാനം തൊണ്ടയിടറി കണ് നിറചാണ് സംസാരം അവസാനിപ്പിച്ചത്. അമ്മക്കൊരു സാരിയും അച്ഛന് ഒരു ടേബിൾ ഫാനും ഹെഡ്മാഷ് സമ്മാനിച്ചു. പിന്നെ ചായയും പലഹാരങ്ങളും ഉണ്ടായിരുന്നു. തമാശ പറഞ്ഞും ചിരിച്ചും എല്ലാവരും കുറച്ചു നേരം സ്കൂളിൽ ചിലവഴിച്ചു . അതിനു ശേഷം പ്രായമായ അധ്യാപകരെല്ലാവരും കൂടി വീട്ടിൽ അച്ഛനെയും ഞങ്ങളെയും കൊണ്ടാക്കി തിരിച്ചു പോയി.

അന്ന് അച്ഛനെന്തോ വലിയ മനഃപ്രയാസത്തിലായിരുന്നു എന്നു തോന്നി. പിറ്റേന് കാലത്ത് സ്കൂളിൽ പോകാൻ നേരത്തു അച്ഛൻ പുറപ്പെട്ടിട്ടിലായിരുന്നു. ചോദിച്ചപ്പോൾ ഇനി അച്ഛൻ സ്കൂളിലേക്കില്ല ഞങ്ങൾ തനിച്ചു പോയാൽ മതി എന്ന് പറഞ്ഞു.

ഒന്നും മനസിലാകാതെ പുസ്തകമെടുത്തു സ്കൂളിൽ ചെന്നപ്പോൾ കുട്ടികൾ പറഞ്ഞു അച്ഛൻ ജോലിയിൽ നിന്നും പിരിഞ്ഞു എന്നു. അത് ഒരു വല്ലാത്ത അരക്ഷിത ബോധം ഉണ്ടാക്കി. അത് വരെ എന്തുണ്ടായാലും അച്ഛന്റെ അടുത്തേക്ക് ഓടി ചെല്ലാമായിരുന്നു. ഇന്റർവെൽ സമയത്തു അച്ഛൻ ചായ കുടിക്കുമ്പോൾ ഞങ്ങൾക്കും വെള്ളച്ചായ വാങ്ങിത്തരുമായിരുന്നു. ആ ദിവസത്തോടെ ആ പതിവും നിന്നു. ഇനി എന്തായിരിക്കും ഉണ്ടാവുക എന്ന ഒരു ഭയം മനസ്സിൽ കയറി കൂടി.

അന്നു അച്ഛന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാനത്തെ പേജാണ് ഞങ്ങളെല്ലാവരും കണ്ടത്. ഇതിപ്പോൾ പറയാൻ കാരണമുണ്ട്. മെയ്‌ മാസത്തിലെ അവസാന പ്രവൃത്തി ദിനമാണ് ഈ ദിവസം പലർക്കും. ലോക്കഡോൺ അവർക്ക് നഷ്ടപ്പെടുത്തിയത് ഇത് പോലൊരു അനുഭവം ആണ്. ഒരു പക്ഷെ അവർ ഇരുന്നുകൊടുത്തിരുനെങ്കിൽ ജീവിതം മുഴുവൻ ഓർമ്മിക്കാൻ പോന്ന കുറെ കാര്യങ്ങൾ സഹപ്രവർത്തകർ അവരോടു പറഞ്ഞേനെ. കൊറോണയുണ്ടാക്കിയ സാമ്പത്തികനഷ്ടങ്ങളേക്കാൾ വലിയ നഷ്ടമാണ് ഇവർക്കു ഇതിലൂടെ കൈമോശം വന്നത്. എന്തായാലും നമുക്കോർക്കാം അവർ പകർന്നു നൽകിയ പ്രകാശപുഞ്ചങ്ങളെ. സൂക്ഷിക്കാം അവയെ ഒരു കാറ്റിലും കെട്ടുപോകാതെ. അവർ തന്നതേ ശാശ്വതമായി നമുക്കുള്ളൂ. അതിലെങ്കിലോ നമ്മൾ വെറും കുചേലവൃന്ദം.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ