Some of our best stories
-
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
-
ബഡായിക്കഥ
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
-
മസിനഗുഡി
ആശുപത്രിക്കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ടേറെ നേരമായി. ദേഹമാസകലം വലിഞ്ഞുമുറുകുന്ന വേദന. ഒരൽപ്പം ചൂടുവെള്ളം കുടിക്കണമെന്ന് തോന്നുന്നു. തൊണ്ട വറ്റിവരണ്ടിരിക്കുകയാണ്. മൊബൈൽ തപ്പിയെടുത്ത് സമയം നോക്കി. മൂന്നാകുന്നതേയുള്ളു. നേരം വെളുക്കാനിനിയും ഏറെയുണ്ട്.കുമ്പളങ്ങ കനവുകള്‍
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്റർവ്യൂ
മൂന്നാമത്തെ ഇന്റർവ്യൂവിനും അവളെ കണ്ടപ്പോൾ അവൻ ഒന്നു തീരുമാനിച്ചു, യാദൃശ്ചികതയുടെ സിദ്ധാന്തപുസ്തകം ഇനി അടച്ചുവയ്ക്കാം എന്ന്.
ജീവിതാനുഭവങ്ങൾ
അഞ്ചാം ക്ലാസിലെ പ്രേമലേഖനം
- Details
- Written by: Jim Thomas
- Category: Experience
- Hits: 2588
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന കാലം-ക്‌ളാസ് ലീഡറും, ക്‌ളാസിൽ ഒന്നാമനും രണ്ടാമനും ഒക്കെയായി തിളങ്ങി നിൽക്കുന്ന സമയം...മലയാളം പഠിപ്പിക്കുന്നത് തൊമ്മൻസാറാണ് - പരമ രസികൻ; തമാശ കഥകളും പാട്ടുകളുമൊക്കെയായി നല്ല രസാണ് സാറിന്റെ ക്ലാസ്സിൽ ഇരിക്കാൻ...പഠിപ്പിക്കുക എന്നത് സാറിനു ഞങ്ങളൂടെ കൂടെ സൊറ പറഞ്ഞിരിക്കലാണ്. എപ്പോഴും വലിയൊരു വടി കയ്യിൽ ഉണ്ടാകുമെങ്കിലും തല്ലില്ല; അഥവാ തല്ലിയാൽ തന്നെ അതൊരു തൂവൽസ്പർശം പോലെ ആയിരിക്കും...അങ്ങിനെ, ഒരു ദിവസം സാറിന്റെ രസികൻ ക്ലാസ് നടക്കുന്ന സമയം-അങ്ങോട്ടുമിങ്ങോട്ടും നടന്നു ക്‌ളാസ് എടുക്കന്നതിന്റെ കൂടെ സാറ് അവളുടെ അടുത്ത് ചെന്നു. തല കുനിച്ചിരുന്നു ശ്രദ്ധയോടെ എന്തോ എഴുതിക്കൊണ്ടിരുന്ന അവൾ, പക്ഷെ സാറിന്റെ സാമിപ്യം അറിഞ്ഞില്ല. എഴുതിക്കൊണ്ടിരുന്ന നോട്ട് ബുക്ക് പതിയെ എടുത്ത സാറിന്റെ മുഖത്ത് ചിരി വിടർന്നു; നടുക്ക് മേശയ്ക്കരികിൽ ഒരു ചെറു ചിരിയോടെ വന്നു നിന്ന് സാർ, ഉറക്കെ നോട്ട് ബുക്ക് നോക്കി വായിച്ചു-"എന്റെ ഏറ്റവും പ്രിയപ്പെട്ട ജിമ്മിന്...."കുറച്ചു നേരമായി എഴുതിക്കൊണ്ടിരുന്ന അവൾക്കു പെൻസിൽ കൊണ്ട് അത്രയേ എഴുതാൻ സാധിച്ചുള്ളൂ. ക്ലാസ്സിൽ കൂട്ടച്ചിരി ഉണർന്നു. ആൺകുട്ടികൾ എല്ലാവരും എന്നെ നോക്കി ചിരിച്ചു. എന്റെ ആത്മാഭിമാനം തകർന്നടിഞ്ഞു...ഒരു പെൺകുട്ടി എനിക്ക് പ്രേമ ലേഖനം എഴുതുന്നു...!!!!ഇതിൽപ്പരം നാണക്കേട് വേറെയില്ലായിരുന്നു.ദേഷ്യംകൊണ്ട് ബാലൻ കെ നായരെ പോലെ ഞാൻ പല്ലുകൾ ഇറുമ്മി .അടുത്ത ഇന്റെർവെല്ലിൽ ഞങ്ങൾ കൂട്ടുകാർ ഒത്തുകൂടി.എനിക്ക് പ്രേമലേഖനം എഴുതിയ അവളെ വെറുതെ വിടാൻ പാടില്ല- എല്ലാവർക്കും ഏകാഭിപ്രായം.അപ്പോഴാണ്, കൂട്ടത്തിലെ ചാണക്യൻ ആ ഐഡിയ തന്നത്--മത്തായി സാർ ആണ് അന്ന് സ്‌കൂളിന്റെ പേടി സ്വപ്നം; അടി എന്നൊക്കെ പറഞ്ഞാൽ നല്ല ചൂരലിനു തന്നെ കിട്ടും, പെടയ്ക്കുന്ന അടി. രണ്ടു കൈ പോലെ തന്നെ എപ്പോഴും ചൂരൽ വടിയുമുണ്ടാകും കൂടെ...വലതു തോളിൽ കൈ വച്ച് അവൻ പറഞ്ഞു-"....നിന്റെ അമ്മ ഇവിടുത്തെ ടീച്ചറല്ലേ; ചാച്ചൻ സാറും...മത്തായി സാറിനോട് പറഞ്ഞു അവൾക്കിട്ടു നല്ല അടി വാങ്ങി കൊടുക്കണം..."എന്റെ മനസ്സിൽ പൂത്തിരി കത്തി; സന്തോഷം കൊണ്ട് അവനെ ഞാൻ കെട്ടിപിടിച്ചു.ബാക്കി പിരിയഡിലെല്ലാം മത്തായി സാറ് പോലും അറിയാതെ മത്തായി സാർ എടുത്ത കോട്ടേഷൻ മനസ്സിൽ ധ്യാനിച്ച് ഞാനിരുന്നു...-ആ സമയങ്ങളിൽ എനിക്കൊരു പ്രശനം ഉണ്ടായിരുന്നു- എന്തെഴുതിയാലും അക്ഷരത്തെറ്റ്; പോരാത്തതിന് ഒട്ടും കൊള്ളില്ലാത്ത കൈയക്ഷരവും...'പോയി..' എന്നെഴുതേണ്ടടിത്തു 'പേയി..' എന്ന് എഴുതും...എങ്കിലും എപ്പോഴും ക്‌ളാസിൽ ഒന്നമാണോ രണ്ടാമനോ ഒക്കെ ആകുന്നതിനാൽ അതത്ര ഗൗനിച്ചിരുന്നില്ല-അന്ന് വൈകുന്നേരം വീട്ടിലെത്തിയ ഉടനെ 'അമ്മ വരാൻ കാത്തിരുന്നു. അപ്പന്റെ അടുത്ത് അമ്മയെ കൊണ്ട് വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ...അപ്പൻ മത്തായി സാറിനു കൊട്ടേഷൻ കൊടുക്കുന്നു; മത്തായി സാർ അവളെ സ്കെച്ചിടുന്നു; കൈ, ചൂരലിനു അടിച്ചു പൊട്ടിക്കുന്നു....നാല് പെങ്ങന്മാർക്കു ശേഷം അവസാനം ഉണ്ടായ ആൺതരി എന്ന നിലയിൽ, മകന് സംഭവിച്ച ഈ മാനഹാനി, അപ്പനും വേണ്ട രീതിയിൽ തന്നെ കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നു...മറ്റൊന്നും കഴിക്കാതെ നഖം കടിച്ചു പറിച്ചു ഞാൻ കാത്തിരുന്നു...'അമ്മ വന്ന ഉടനെ കാര്യങ്ങൾ വിശദമായി ധരിപ്പിച്ചു. എന്തോ 'അമ്മ ചിരിച്ചതല്ലാതെ ഒന്നും കാര്യമായി പറഞ്ഞില്ല.....!!വൈകുന്നേരമായി, പെങ്ങന്മാർ എല്ലാവരും വന്നതോടെ കളിയാക്കൽ തുടങ്ങി.- 'അമ്മ വഴി അറിഞ്ഞതാവണം...ഇത്രയും വലിയൊരു അപമാനം നടന്നിട്ടും ആരും അതിനെ വേണ്ട വിധത്തിൽ എടുക്കാത്തതിൽ എനിക്ക് ദുഃഖം തോന്നി; ഇതിലും ഭേദം ഈ വേദനയിൽ പങ്കു കൊണ്ട എന്റെ കൂട്ടുകാർ ആണല്ലോ എന്ന് ഞാൻ ഓർത്തു ...തിണ്ണയിൽ ഞാൻ അപ്പൻ വരാൻ കാത്തിരുന്നു. മങ്ങിയ ബൾബിനു ചുറ്റും ഈയാം പാറ്റകൾ ഒന്നിക്കുന്നതും, അവ എന്റെ ചുറ്റും ചത്ത് വീഴുന്നതും ഞാൻ അറിഞ്ഞില്ല. മത്തായി സാറിന്റെ അടി കൊണ്ട് അവൾ കരയുന്ന രംഗം ഓർത്തു എന്റെ മനസ്സ് ആനന്ദം കൊണ്ടു; അത്- അത് മാത്രമായിരുന്നു എന്റെ മനസ്സിൽ...അവസാനം അപ്പൻ വന്നു. ഞാൻ സന്തോഷം കൊണ്ടു ചാടിയെണീറ്റുപക്ഷെ -ദേഷ്യത്തിൽ അപ്പൻ എന്നെ ഒന്നിരുത്തി നോക്കിയിട്ട് ഒന്നും മിണ്ടാതെ അകത്തേയ്ക്കു പോയി...കാര്യം മനസ്സിലായില്ല.നിക്കറിന്റെ വള്ളി ഒന്ന് കൂടെ വലിച്ചു കെട്ടി അടുക്കള വഴി അമ്മയുടെ അടുത്ത് പോയി ഒന്ന് റൗണ്ടടിച്ചു വീണ്ടും തിണ്ണയിൽ വന്നു ഞാൻ."ഇവിടെ വാടാ..."അപ്പന്റെ ശബ്‌ദമാണ്;-കോഴിക്കോട് റേഡിയോ നിലയത്തിലെ നാടകങ്ങളിൽ സ്ഥിരം പീലാത്തോസും, കയ്യഫാസും, മുതലാളിവില്ലനുമായിരുന്ന അപ്പന്റെ സ്വരത്തിലെ പന്തികേട് ഞാൻ തിരിച്ചറിഞ്ഞു...കൈകൾ മുന്നിൽ പിണഞ്ഞു കെട്ടി ഞാൻ അപ്പന്റെ അടുത്തേയ്ക്കു ചെന്നു നിന്ന്; ഭയം കാരണം മുഖത്തേക്ക് നോക്കിയില്ല."പ്രിയപ്പെട്ട ചേട്ടന്.... എന്നീ ബുക്കിൽ എഴുതെടാ...."കയ്യിൽ ഒരു പെൻസിലുമായി മേശപ്പുറത്തുള്ള പുതിയ, ഒരു ഇരട്ട വരി ബുക്ക് ചൂണ്ടി കാണിച്ചു അപ്പൻ പറഞ്ഞു.-സാധാരണ അപ്പൻ എന്നെ തീരെ വഴക്കു പറയാറില്ല; അടിക്കാറുമില്ല. പക്ഷെ, ഇന്ന് സ്ഥിതി അതീവ ഗുരുതരമാണെന്ന് ഞാൻ മനസ്സിലാക്കി.പെൻസിൽ വാങ്ങി ഞാൻ എഴുതി-"പ്രിയപ്പെട്ട ചോട്ടാ...."എഴുതി തീർന്നില്ല-ചന്തിയിൽ വടി കൊണ്ടുള്ള ഒരു അടി വീണു. പെൻസിൽ താഴെ ഇട്ടു രണ്ടു കയ്യും ചന്തിയിൽ പിടിച്ചു ഞാൻ പ്രത്യേക രീതിയിൽ നൃത്തം ചവുട്ടി.എവിടുന്നു ഈ കയ്യഫാസിനു വടി കിട്ടി എന്ന് ആലോചിക്കുന്നതിനു മുൻപേ കേട്ടു-"കൈയ് രണ്ടും മേശപ്പുറത്തു വയ്‌ക്കേടാ..."അവളെയും പ്രേമലേഖനവുമൊക്കെ മറന്നു കൈ രണ്ടും ഞാൻ മേശപ്പുറത്തു വച്ചു."ടമാർ... പടാർ...."രണ്ടു മൂന്നടി ചന്തിക്കു തന്നെ കിട്ടി. ഓടാൻ തുടങ്ങുന്നതിനു മുൻപ് പി ടി ഉഷ ജോഗിങ് ചെയ്യുന്നത് പോലെ ഞാൻ നിന്നിടത്തു നിന്ന് തുള്ളികൊണ്ടിരുന്നു. എന്റെ ദർബാർ രാഗത്തിലുള്ള സാധകം കേട്ട് 'അമ്മ ഓടി വന്നു, അപ്പനുമായിട്ടുള്ള സോഷ്യൽ ഡിസ്റ്റൻസ് ഇരട്ടിയാക്കി...അന്ന് പീലാത്തോസ് ഉത്തരവിട്ടു-എല്ലാദിവസവും വീട്ടിൽ വരുന്ന പത്രത്തിന്റെ ഫ്രണ്ട്പേജിന്റെ പകുതി ഭാഗം ഇരട്ടവര നോട്ട് ബുക്കിൽ എഴുതി തൊമ്മൻ സാറിനെ കാണിക്കണം എന്ന്...അപ്പോൾ തന്നെ അന്നത്തെ പത്രത്തിന്റെ പകുതി പേജ് എഴുതാനും കല്പന വന്നു .ഏങ്ങലടിച്ചു എഴുതി കൊണ്ടിരുന്നപ്പോൾ, വൈകുന്നേരം തൊമ്മൻ സാറിനെ കവലയിൽ വച്ചു കണ്ട കാര്യം അപ്പൻ അമ്മയോട് പറയുന്നതും കേട്ടു - കൈക്ഷരവും അക്ഷരത്തെറ്റും നന്നാക്കണം എന്ന് സാറ് പറഞ്ഞു അത്രേ ..അപ്പന്റെ അടുത്ത് നിന്ന് ആദ്യമായ് കിട്ടിയ അടിയുടെ ആഘാതം കൊണ്ടാവണം , അവളെ മത്തായി സാറിനെ കൊണ്ട് തല്ലിക്കുന്ന കാര്യം പാടെ മറന്നു; മുന്നിൽ ഇരട്ട വര ബുക്ക് മാത്രം...മനോരമയുടെ മുൻ പേജിൽ വരുന്ന വാർത്തകൾ ഇരട്ടവരി ബുക്കിൽ കൂർമ്പിച്ച പെൻസിലും കൊണ്ടെഴുതി തൊമ്മൻ സാറിനെ കാണിച്ചു ചുവന്ന മഷിയിൽ ഒപ്പു മേടിച്ചു കൊണ്ടിരുന്നു ഞാൻ..ഒരാഴ്ച്ച കഴിഞ്ഞു-പതിവ് പോലെയുള്ള തൊമ്മൻ സാറിന്റെ മലയാളം ക്ലാസ്; അങ്ങോട്ടുമിങ്ങോട്ടും നടന്നു പഠിപ്പിച്ചുകൊണ്ടിരുന്ന സാർ, അവളുടെ അടുത്തേയ്ക്കു പതിയെ ചെന്ന് നോട്ടു ബുക്ക് എടുത്തു; ചിരിച്ചു കൊണ്ട് മേശയ്ക്കടുത്തു വന്നു ഉറക്കെ വായിച്ചു-"പ്രിയപ്പെട്ട മത്തായി..."എല്ലാവരും പിറകിലത്തെ ബെഞ്ചിൽ ഇരിക്കുന്ന മത്തായിയെ നോക്കി ചിരിച്ചു....കൂടെ ഞാനും-അപ്പന്റെ അടുത്ത് നിന്ന് ആദ്യമായിട്ടും അവസാനമായിട്ടും കിട്ടിയ ആ അടികൊണ്ട് ആവണം, ആ ഇരട്ട വരികൾക്കിടയിൽ പിണഞ്ഞു കിടക്കുന്ന അക്ഷരങ്ങളോട് പ്രണയം തോന്നി തുടങ്ങിയത്...പതിയെ, എഴുത്തു പോലെ വായനയും ഹരമായി തുടങ്ങി.....ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ 'സ്നേഹസേന' മാസിക സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ചെറുകഥ മത്സരത്തിൽ പ്രോത്സാഹന സമ്മാനം കിട്ടി.മടമ്പം ബിസിഎം വായനശാലയിലെ ഏതാണ്ട് നല്ല പുസ്തകങ്ങൾ ഒക്കെയും വായിക്കാൻ കഴിഞ്ഞു...അതുമില്ലാതെ...നല്ലയൊരു കൈയക്ഷരത്തിനും ഉടമയായി...ഒരടിയാൽ തൊമ്മൻ സാറിനിതൊക്കെ ചെയ്യാമായിരുന്നു; പക്ഷെ, അത് ചെയ്യിക്കേണ്ടവരെ കൊണ്ട് ചെയ്യിച്ചു...ഇന്നും ഒരുപാട് പുസ്തകങ്ങൾ അലമാരയിൽ ഇരുന്നു എന്നെ നോക്കി പല്ലിളിക്കുന്നുണ്ട്- ഓരോ പ്രാവശ്യവും നാട്ടിൽ പോകുമ്പോൾ ആർത്തിയോടെ മേടിക്കുന്നവ...പക്ഷെ -എഫ്ബിയും വാട്സാപ്പും ഉള്ളപ്പോൾ എന്ത് വായന...??അപ്പൻ വന്നു ഒരിക്കൽ കൂടി ചന്തിക്കു രണ്ടടി തന്നിരുന്നെങ്കിൽ......കുറച്ചുകാലം കൂടി അപ്പൻ ഇന്നലെ സ്വപ്നത്തിൽ വന്നു...