mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

ജീവിതത്തിൽ ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിൽ പോയിട്ടുമുണ്ട് കുറെ കാലം അവിടെ താമസിക്കുകയും കുറെ നല്ല മനുഷ്യരെ സഹപ്രവർത്തകരായി കിട്ടിയിട്ടുമുണ്ട്. ദേശകാലഭേദങ്ങൾക്കു അതീതമായി അവ നിലനിർത്തി

പോരാൻ ശ്രമിച്ചിട്ടുമുണ്ട്. അവയിൽ എടുത്ത് പറയേണ്ട സ്ഥാപനങ്ങളിൽ ഒന്നാണ് മജ്‌ലിസ് കോളേജ്. വളാഞ്ചേരിയിൽ നിന്നും ആദ്യമായി പെരിന്തൽമണ്ണ റൂട്ടിൽ പഴയചന്ത സ്റ്റോപ്പിലേക്ക് ടിക്കറ്റ് എടുക്കുമ്പോൾ കണ്ടക്ടർക്കു പോലും അറിയാമായിരുന്നില്ല അങ്ങനെ ഒരു കോളേജ് അവിടെ ഉണ്ടെന്നുള്ളത്. ശൂദ്ധ മലയാളത്തിൽ 'പഴയ ചന്ത എന്നു പറഞ്ഞപ്പോൾ കണ്ടക്ടർ തല ഉയർത്തി എന്നെ തിരുത്തി,"ആ 'പയന്ത"എന്നു. ഇയാൾ എവിടെ നിന്നു വരുന്നു എന്ന അർത്ഥം വെച്ച ഒരു നോട്ടവും.

അത് വരെ ആ റൂട്ടിൽ സഞ്ചരിക്കാത്തതുകൊണ്ടും സ്റ്റോപ്പ്‌ അറിയാതെ പോകുമോ എന്ന ഭയം കൊണ്ടും അടുത്തിരുന്ന ആൾക്കാരോട് സ്ഥലം ആയോ എന്ന് ഇടക്കിടക്ക് ചോദിച്ചു കൊണ്ടിരുന്നു. ഓരോ ചോദ്യത്തിനും ഏതാണ്ട് ബസിലുണ്ടായിരുന്ന എല്ലാവരും ഒരുമിച്ചാണ് മറുപടി പറഞ്ഞിരുന്നത്. ചിലർ മുന്നിലെ സീറ്റിൽ നിന്നും ബുദ്ധിമുട്ടി കഴുത്തു തിരിച്ചാണ് സഹായിക്കാൻ ശ്രമിച്ചത്.

സൂക്ഷിച്ചു നോക്കിയപ്പോൾ യാത്രക്കാരിൽ ബഹു ഭൂരിപക്ഷവും വൃദ്ധന്മാരായിരുന്നു. തലയിൽ കെട്ടുള്ളവരോ കഴുത്തിൽ കള്ളികളുള്ള തോർത്തിന്റെ വലിപ്പത്തിലുള്ള ഷാൾ ധരിച്ച തനി ഗ്രാമീണർ. എന്റെ ചോദ്യങ്ങൾക്കു മത്സരിചാണവർ ഉത്തരം തന്നിരുന്നത്. കളങ്കമില്ലാത്ത പച്ച മനുഷ്യർ.

ചിലർക്ക് കോളേജ് അറിയാമായിരുന്നു. അവരുടെ വായിൽ നിന്നാണ് പിന്നീട് പല തവണ ദിവസവും കേൾക്കുന്ന ഒരു പേര് കേൾക്കുന്നത്. ഹംസക്ക. പേരറിഞ്ഞു പരിചയപ്പെടുന്നതിന് പിന്നെയും മാസങ്ങൾ വേണ്ടി വന്നു.

സ്റ്റോപ്പ്‌ ഇറങ്ങി ചുറ്റും നോക്കിയപ്പോൾ തികച്ചും ആളൊഴിഞ്ഞ ഒരു കവല. കടകൾ എന്നു പറയാൻ ഒരു കട മാത്രം. മധ്യവയസ്കനായ ഒരാൾ സാധനങ്ങൾ പൊതിഞ്ഞു കൊടുത്തു കൊണ്ട് അവിടെ നില്കുന്നു. ചോദിച്ചപ്പോൾ കുന്നിൻ മുകളിലേക്കു പോകുന്ന റോഡ് കാണിച്ചു തന്നു. ദൂരം ചോദിച്ചപ്പോൾ കുറെ വളവുകളെ കുറിച്ചാണ് പറഞ്ഞത്. അവസാനം അത് കഴിഞ്ഞാലുള്ള സ്കൂളിനെയും കോളേജിനേയും കുറിച്ചും.

വാഹനങ്ങൾ ഒന്നും കാണാത്തതിനാൽ നടന്നു തുടങ്ങി. ആദ്യമൊക്കെ റോഡരികിൽ കുറച്ചു വീടുകൾ കണ്ടു. ശേഷമങ്ങോട്ട് തികച്ചും വിജനമായ പാത. വഴിയരികിൽ ഇരുവശത്തും പുൽകാടുകൾ മാത്രം. നേരിയ ഭയം ഉണ്ടായിരുന്നു മനസ്സിൽ. കാരണം ഒരു ഹാർട് അറ്റാക്ക് വന്നു വടക്കേ ഇന്ത്യയിലെ ജോലി രാജി വച്ചു നാട്ടിൽ ഒരു ജോലി നോക്കുന്ന സമയം കൂടിയായിരുന്നു അപ്പോൾ. കയറ്റം കയറരുത് എന്ന ഉപദേശം ചെവിക്കൊളാത്ത ഒരു കാര്യമാണല്ലോ ഇപ്പോൾ ചെയേണ്ടി വന്നത് എന്ന കാര്യവും മനസ്സിനെ സമ്മർദ്ദത്തിലാക്കി.

സാവധാനം നടന്നു കുറച്ചു കഴിഞ്ഞപ്പോൾ വലതു ഭാഗത്തു ഇടതൂർന്നു വളർന്നു നിൽക്കുന്ന കുറെ മരങ്ങൾ ഉള്ള പ്രദേശത്തു എത്തിച്ചേർന്നു. കുറച്ചു നേരം അവിടെ തന്നെ നിന്നു വിശ്രമിച്ചു. നായ്ക്കൾ കാണാൻ സാധ്യത ഉണ്ട്‌ എന്ന്‌ മനസ് പറഞ്ഞപ്പോൾ ഒട്ടും അമാന്തിക്കാതെ വേഗം കൂട്ടി നടന്നു. അപ്പോൾ ഒരു മിന്നായം പോലെ ഒരു സ്ത്രീ തലയിൽ ഒരു കെട്ടുമായി അവിടെ എവിടെയോ ഒരൂടുവഴിയിൽ ഇറങ്ങി നടന്നു അപ്രത്യക്ഷയായി. ശ്വാസം നേരെ വീണു. ഹാർട്ടിന് വല്ല കുഴപ്പവും വരുമോ എന്ന ഒരു പേടി എന്ത് ചെയ്യുമ്പോഴും അക്കാലത്തു കൂട്ടായുണ്ടായിരുന്നു. മനുഷ്യർ ചുറ്റുമുണ്ടല്ലോ എന്ന ചിന്ത പിരിമുറുക്കം കുറച്ചു.

അവിടന്നു മുതൽ കയറ്റങ്ങളിലാത്ത നിരപ്പായ റോഡാണ് കണ്ടത്. വലതു വശത്താണെങ്കിൽ റബ്ബർ മരങ്ങൾ നട്ടു പിടിപ്പിച്ച വലിയ ഒരു പറമ്പും. സാധാരണ ചെങ്കുത്തായ സ്ഥലങ്ങളിൽ ആണ് റബ്ബർ കൃഷി ചെയുന്നത്. എന്നാൽ അത്തരം സ്ഥലങ്ങൾ ഏറെ ഉണ്ടായിട്ടും മറ്റു കൃഷിക്കനുയോജ്യമായ ഈ ഭൂമിയിൽ എന്തിനാണ് റബ്ബർ കൃഷി ചെയ്തത് എന്നാലോച്ചു ഒരെത്തും പിടിയും കിട്ടിയില്ല.

അപ്പോഴേക്കും സ്കൂൾ കഴിഞ്ഞു കോളേജ് എത്തിയിരുന്നു. കോളേജെന്നു പറഞ്ഞാൽ ഒരു മദ്രസ്സ കെട്ടിടം. ഒന്പതരക്കോ മറ്റോ മദ്രസ്സ വിട്ടാൽ കോളേജ് തുടങ്ങും. അന്നത്തെ കുട്ടികൾ ഇത് കോളേജല്ല മദ്രസ്സയാണെന്നു ഇടക്കിടെ പറയുമായിരുന്നു. മുകളിലുള്ള മുറികളും താഴെ രണ്ടും മുറികളുമായിരുന്നു ക്ലാസ്സ്‌ മുറികൾ. കമ്പ്യൂട്ടർ സയൻസ് എന്ന വിഷയം പരിചയപ്പെടുന്നത് ആദ്യമായി അവിടെ വെച്ചാണ്. ലാബ് ചുവട്ടിൽ ആയിരുന്നു. ഹെഡ് ഒരു അമ്യാർ കുട്ടി ആയിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത് എന്നു പറഞ്ഞാണ് പരിചയപ്പെട്ടത്.

കോണി കയറി ചെന്നാൽ നേരെ സ്റ്റാഫ്‌ റൂം. ആകെ പത്തോ പന്ത്രണ്ടോ അദ്ധ്യാപകർ. മലയാളം ഹിന്ദി അറബിക് ടീച്ചേർസ് ആണ് കംഫർട്ടബ്ൾ ആക്കിയത്. അപരിചിതരാണ് എന്ന തോന്നൽ ആദ്യ ദിവസം കൊണ്ട് തന്നെ മാറി. ഇംഗ്ലീഷ് ഡിപ്പാർട്മെന്റിൽ വളരെ ഫ്രണ്ട്‌ലി ആയ എന്നെക്കാൾ പ്രായം കുറഞ്ഞ ഒരു ചെറുപ്പക്കാരൻ ആണ്‌ ഉണ്ടായിരുന്നത്. മജീദ്. ടൈം ടേബിൾ വന്ന അന്നു തന്നെ കുറിച്ച് തന്നു. ആകെ രണ്ടു പീരിയഡ്. എട്ടു പീരിയഡ് എടുത്തിരുന്ന എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ക്ലാസ്സാണെങ്കിൽ മൂന്നര വരെ. പിന്നെ നടക്കണം ബസ് സ്റ്റോപ്പിലേക്ക്. കുട്ടികൾ പോയി തിരക്കൊഴിഞ്ഞാലായിരുന്നു അധ്യാപകരുടെ മടക്കം. അധികവും പ്രിൻസിപ്പലിന്റെ ജീപ്പിലാകും യാത്ര.

കിം എന്ന അപര നാമധേയത്തിൽ അറിയപ്പെട്ടിരുന്ന ഒരധ്യാപകനായിരുന്നു അദ്ദേഹം. ആദ്യം വട്ടപ്പേരാണെന്നാണ് ധരിച്ചത്. ഓരോ ദിവസം കഴിയുന്തോറും അദ്ദേഹത്തിന്റെ ആയകാലത്തെ കഥകൾ ഒപ്പം വർക്ക്‌ ചെയ്തിരുന്ന മാത്‍സ് റിട്ടയേഡ് അധ്യാപകൻ രാജൻ സാർ പറഞ്ഞു കേൾപ്പിക്കുമായിരുന്നു. കേട്ടത് വെച്ച് നോക്കിയാൽ ജോലി ചെയ്ത എല്ലാ കോളേജിലും അധ്യാപകരെയും വിദ്യാർത്ഥികളെയും ഒരു പോലെ വിറപ്പിച്ച ഒരു സിംഹം ആയിരുന്നു അദ്ദേഹം എന്ന്‌ മനസ്സിലായി.

ശങ്കയുണ്ടായിരുനെങ്കിലും മാന്യമായാണ് എന്നോട് ഇടപെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ കീഴിൽ ജോലി ചെയ്തത് കൊണ്ട് അക്കാലത്തു അത് തന്നെ ഒരു ഐഡന്റിറ്റി ആയിരുന്നു ആരെയെങ്കിലുമായി പരിചയം സ്ഥാപിക്കുമ്പോൾ. വീട്ടിൽ ഒരിക്കൽ പോയപ്പോളാണ് സാർ ഒരു നല്ല കർഷകനും കൂടിയാണെന്നു അറിഞ്ഞത്.

ലൈബ്രറി സയൻസ് പഠിപ്പിച്ചിരുന്ന പൗലോസ് സാർ ശരിക്കും ഒരത്ഭുതമായിരുന്നു. പരിചയപ്പെട്ടത് തന്നെ ഇംഗ്ലീഷിൽ സംസാരിച്ചു കൊണ്ടായിരുന്നു. കാലത്ത് കോഴിക്കോട്ട് നിന്നും പോന്നു മൂന്ന് മണിക്കോ മറ്റോ ഉള്ള ട്രെയിനിൽ തിരിച്ചു പോയിരുന്ന സാർ സെർവിസിൽ നിന്നും വിരമിച്ച ഒരാളാണെന്നറിയുമ്പോളാണ് ആശ്ചര്യം തോന്നിയത്. ഏതു വിഷയവും ഗഹനമായി കണ്ടു സംസാരിച്ചിരുന്ന അദ്ദേഹം ഒരു സരസനായ വ്യക്തിയായിരുന്നു.

പിന്നെ കുറച്ചു ചെറുപ്പക്കാർ അധ്യാപകരായി ഉണ്ടായിരുന്നു. അവർ അവരുടെ ലോകത്താണ് ജീവിച്ചിരുന്നത്.

ഇപ്പോഴും അവിടെ വർക്ക്‌ ചെയ്യുന്ന കുട്ടികളുടെ നസീർക്ക ഓർമയിൽ ഒരിക്കലും മായാത്ത ഒരു ചെറുപ്പക്കാരനാണ്‌ . പേര് പോലെ തന്നെ വെളുത്തു സുന്ദരനായ ഒരാൾ, പ്രേനസീറിനെ പോലെ.

കോളേജിലെ ആദ്യ ബാച്ചുമായി നല്ല അടുപ്പമായിരുന്നു. നല്ല കുട്ടികൾ. ശാസ്ത്ര വിദ്യാർത്ഥികൾ ആയിരുന്നു. തുറന്നു സംസാരിക്കുന്ന പ്രസന്നവദനരായ ചെറുപ്പക്കാർ. അടിപിടിയോ റാഗിങ്ങോ ഒന്നും ചെയ്യാത്ത കുറെ നല്ലവരായ സമീപവാസികൾ.

ഇന്ന് ആ കോളേജ് ഏറെ മാറിയിരിക്കുന്നു. വലിയ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, നിരവധി വിഷയങ്ങളും പ്രഗൽഭരായ അധ്യാപകരും ഉള്ള ഒരു കോളേജാണ് അതിന്ന്.ഏതാണ്ട് ഒൻപതു കൊല്ലം ജോലി ചെയ്തു പോകുമ്പോൾ സെന്റ് ഓഫ് ഒന്നും ഇല്ലാതെയാണ് പോയത്. കാരണം മടക്കമുണ്ടെങ്കിൽ അത് മജ്ലിസിലേക്കു തന്നെ എന്ന്‌ തീരുമാനിച്ചിരുന്നു. നാലഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും ഒരു രണ്ടാമൂഴം കൂടി വഴങ്ങിയാണ് രണ്ടു കൊല്ലം മുൻപ് അവിടെ നിന്നും പടി ഇറങ്ങിയത്.
ഒരു പട്ടാളക്കാരന്റെ ജാഗ്രതയും ഒരു ഡോക്ടറുടെ സേവനമനസ്കതയുമൊക്കെ ഒരധ്യാപകനും ഉണ്ടായിരിക്കണം എന്ന് പറഞ്ഞു തന്ന വിദ്യാലയമാണ് പ്രിയപ്പെട്ട മജ്‌ലിസ്. ഏതെങ്കിലും രൂപത്തിൽ ഇനിയും ദൂരത്തിരുന്നാണെങ്കിലും ആ സ്ഥാപനത്തിന്റെ ഭാഗഭാക്കാകുക എന്നത് അവിടെ നിന്നും പോന്ന ഏതൊരു അധ്യാപകന്റെയും അടങ്ങാത്ത ആഗ്രഹമായിരിക്കും.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ