ദുര്‍ഘടം പിടിച്ച വഴികളിലൂടെയുള്ള യാത്രയാണ് ജീവിതമെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ഒരു സുന്ദരമായ നോവലാണ് പ്രബോധ്കുമാര്‍ സന്യാലിന്റെ 'യാത്രിക്' എന്ന ബംഗാളിനോവല്‍.
ഹിമാലയന്‍ യാത്ര മനസ്സില്‍ താലോലിച്ചു നടക്കുന്നവന്‍ എന്ന നിലയില്‍ അങ്ങോട്ടുയാത്ര തിരിച്ചവര്‍ എഴുതുന്നതെന്തും വായിക്കുക എന്റെ ഒരു ശീലമാണ്. എന്റെ സുഹൃത്ത് ബാബ്ജി ഹിമാലയന്‍ യാത്രയുടെ പശ്ചാത്തലത്തിലെഴുതിയ 'ജീവിതം പ്രണയലയം' മുതല്‍ എന്റെ കണ്ണില്‍ പെട്ടീട്ടുള്ള ഒട്ടനവധി പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു തീര്‍ത്തീട്ടുണ്ട്. എം കെ രാമചന്ദ്രന്‍, എം പി വീരേന്ദ്രകുമാര്‍, അവധൂത നാദാനന്ദ, ഷൗക്കത്ത്, സ്വാമി രാമ, രാജന്‍ കാക്കനാടന്‍ എന്നിവരുടെ പുസ്തകങ്ങളെല്ലാം അതില്‍ പെടും. ഇതില്‍ വീണ്ടും വീണ്ടും വായിക്കാന്‍ തോന്നുന്ന പുസ്തകങ്ങളുടെ കൂട്ടത്തിലാണ് യാത്രിക്കിന്റെ സ്ഥാനം.
നല്ല പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ ആനന്ദം മാത്രമല്ല, ഹൃദയത്തില്‍ നിന്നും നന്മയുടെ ഉറവുകള്‍ പൊട്ടുന്നതിന്റെ നൊമ്പരം നാമറിയാതെ അനുഭവ്യമാകുന്നു. അവകള്‍ ഒഴുകിയൊഴുകി എപ്പഴൊക്കെയോ അടിഞ്ഞുകൂടിയീട്ടുള്ള കറകളെ കഴുകി വൃത്തിയാക്കുന്നു. ഹൃദയത്തെ നിര്‍മ്മലമാക്കുന്നു. ആര്‍ദ്രമാക്കുന്നു. അതിവിദൂരമായ ഏതോ തപോവനത്തില്‍ കയറിയിറങ്ങി തിരിച്ചെത്തുന്നതിന്റെ ഒരു ആനന്ദം ഈ പുസ്തകം പ്രദാനം ചെയ്യുന്നു. വായന യാത്രകളാണ്. അതിമനോഹരമായ യാത്രകള്‍. മനോവ്യവഹാരമണ്ഡങ്ങളിലൂടെയുള്ള അതിശയകരമായ യാത്രകള്‍. കരയില്‍ സഞ്ചരിക്കുന്നതിനേക്കാള്‍ ആഴവും പരപ്പും അനന്തതയും അതു സമ്മാനിക്കുന്നു. വായിക്കാന്‍ അറിയുന്നവന്‍, അതിനു കഴിയുന്നവന്‍ എത്ര ഭാഗ്യവാനാണ്. ആ നിലയ്ക്ക് നമ്മളെല്ലാം പുണ്യം ചെയ്ത ജന്മങ്ങള്‍.
'ഈ ലോകത്തില്‍ മനസ്സിനിണങ്ങിയ മനുഷ്യനെ കണ്ടുകിട്ടുക വിഷമം. അതിനാല്‍ മനുഷ്യന്റെ മനസ്സ് തുണയറ്റതാണ്. നേരുപറഞ്ഞാല്‍ നമ്മളെല്ലാം ഏകാകികളത്രേ. മനുഷ്യര്‍ തമ്മില്‍ തമ്മില്‍ അടുക്കുന്നത് ഭൗതികമായ ചില ആവശ്യങ്ങള്‍ക്കുവേണ്ടിയാണ്. സ്വാര്‍ത്ഥം സാധിക്കാന്‍, ബന്ധുവിനെ സമ്പാദിക്കാന്‍, സൃഷ്ടിധര്‍മ്മം പുലര്‍ത്താന്‍ വേണ്ടി മാത്രം.' ഋഷികേശില്‍ നിന്നും കേദാര്‍നാഥിലേയ്ക്കും ബദരികാശ്രമത്തിലേയ്ക്കുമുള്ള കാല്‍നടയാത്ര പോകുന്ന ഒരു സംഘത്തില്‍ ഉള്‍പ്പെട്ട ഒരു യുവസന്യാസിയുടെ സഞ്ചാരക്കുറിപ്പുകള്‍ എന്നരീതിയില്‍ എഴുതപ്പെട്ട യാത്രിക് എന്ന നോവല്‍ തുടങ്ങുന്നത് ഈ വാക്കുകളിലൂടെയാണ്. ഈ ഭൂമിയില്‍ പിറന്നു വീഴുന്ന ഓരോ ജീവിയുടേയും ആത്മസത്ത പ്രബോധ്കുമാര്‍ സന്യാല്‍ ഈ വാക്കുകളിലൂടെ തുറന്നു വെയ്ക്കുന്നു.
ഹിമാലയത്തിലെ ധാമങ്ങളിലേയ്ക്കുള്ള യാത്രകള്‍ ഇന്ന് ഏറെ പുരോഗമിച്ചീട്ടുണ്ട് എന്നാല്‍ ഋഷികേശ് കഴിഞ്ഞാല്‍ നടന്നു മാത്രം മാസങ്ങളോളം യാത്ര ചെയ്താണ് പഴയകാലത്ത് ഇവിടങ്ങളില്‍ പുണ്യദര്‍ശനങ്ങള്‍ക്കായി ആളുകള്‍ പോയിരുന്നത്. അത്തരം കാലഘട്ടത്തിലെ, ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെ, യാത്രയാണ് പ്രബോധ്കുമാര്‍ യാത്രിക്കിലുടെ അനാവരണം ചെയ്യുന്നത്. ഇതിലെ പ്രധാന കഥാപാത്രം യാത്രയ്ക്കായി ഇറങ്ങിപുറപ്പെടുന്നത് തനിച്ചാണ്. കമ്പിളിയും സഞ്ചിയും ലോട്ടയും വടിയുമെടുത്ത് ഒറ്റയ്ക്ക് ഹിമാലയത്തിലേയ്ക്ക് യാത്ര പുറപ്പെട്ടപ്പോള്‍ തുണയ്ക്ക് ആരേയും കിട്ടിയില്ലല്ലോ എന്നോര്‍ത്ത് പരിഭവം തോന്നിയില്ല. എന്നാല്‍ യാത്ര തുടങ്ങാറായപ്പോള്‍ ഒരാശങ്ക. ഒരു കൂട്ട് അതാഗ്രഹിച്ചു. ഹരിദ്വാറില്‍ നിന്നും ഋഷികേശിലേയ്ക്ക് യാത്ര പുറപ്പെട്ടപ്പോള്‍ ആ ആശങ്ക വര്‍ദ്ധിതമായി, ഭയത്തെ ദുരീകരിക്കാന്‍ ഒരു കൂട്ട് എല്ലാവരും ആഗ്രഹിക്കുന്നു. അമ്മ, അച്ഛന്‍, സഹോദരങ്ങള്‍, ഭര്‍ത്താവ്, ഭാര്യ, മക്കള്‍ ബന്ധുക്കള്‍ എല്ലാം നിര്‍വഹിക്കുന്നതും ഇതുതന്നെ. ഭയത്തെ നീക്കം ചെയ്യപ്പെടുന്നതോടെ അതെല്ലാം അനാവശ്യമായിരുന്നെന്ന് തോന്നിയേക്കാം. എന്നാല്‍ ഭയത്തെ എങ്ങനെ നീക്കും. അതിനാല്‍ അറിയപ്പെടാത്ത ഇടങ്ങളിലേയ്ക്ക് പ്രവേശിക്കേണ്ടിവരുമ്പോള്‍ ആരും അറിയാതെ ഒരു കൂട്ട് ആഗ്രഹിച്ചുപോകുന്നു. ഭയം അതൊരു യാഥാര്‍ത്ഥ്യമാണ്. അജ്ഞതയാണ് അതിന്റെ കാരണമെന്നറിയുമ്പോഴും അറിയാതെ ഒരു കൂട്ടിനായി മനസ്സ് കേഴുന്നു. അതുതന്നെയാണ് ജീവിതത്തിന്റെ ആത്യന്തികമായ അസ്തിത്വം വെളിപ്പെടുത്തുന്നതും.
സ്വദേശത്തോടും പരിഷ്‌കാരങ്ങളോടും ജനസമൂദായങ്ങളോടും ഞാന്‍ വിടവാങ്ങി. ഉറ്റവരും ബന്ധുക്കളും പരിചിതരുമായ എല്ലാവരോടും. കണ്ണുകളില്‍ ദൂരദേശം കാണുന്നതിനുള്ള കൊതി, ഉള്ളില്‍ ആവേശവും ഉത്സാഹവും. ഹൃദയത്തില്‍ അപകടം പിടിച്ച മാര്‍ഗ്ഗങ്ങളില്‍ക്കൂടെ പ്രയാണം ചെയ്യുന്നതിലുള്ള അദമ്യമായ ആനന്ദം. എന്നാലും മനുഷ്യന്റെ ഈ എല്ലാം ഇട്ടെറിഞ്ഞുള്ള യാത്രയുടെ പിന്നില്‍ നിന്ന് അറുതിയില്ലാത്ത ഒരു വേദനയുടെ ഞരക്കം കേള്‍ക്കാം.
സത്യാന്വേഷകരുടെ ഉള്ളിന്റെയുള്ളില്‍ നിന്നും ഉറവയെടുക്കുന്ന ഈ നിര്‍ചാലാണ് മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രചോദനമാകുന്ന ഉറവ. അത് കിനിഞ്ഞുകുളിര്‍ത്ത് കനപ്പെട്ട് ചെങ്കുത്തായ പാറക്കൂട്ടങ്ങളിലേയ്ക്കും കുഴികളിലേയ്ക്കും തലതല്ലി അടര്‍ന്നുവീണ് കുഴഞ്ഞുതിരിഞ്ഞ് ചരിഞ്ഞ പ്രതലങ്ങളിലൂടെ താഴോട്ടൂര്‍ന്ന് ചോലയായി. കുത്തിതിരിഞ്ഞ് പതഞ്ഞുചാടി പരന്നൊഴുകി തീരങ്ങളെ തലോടി സ്‌നേഹത്തിന്റെ ആര്‍ദ്രത നല്‍കി സമൂദ്രത്തിലേയ്ക്ക് ലക്ഷ്യം വെയ്ക്കുന്നു. യാത്രാമദ്ധ്യേ അനേകര്‍ക്ക് ആശ്വാസമായി, ജീവിതമായി സംസ്‌കൃതികള്‍ പടുത്തുയര്‍ത്ത് മുന്നോട്ട് പോകുന്നു. അവസാനം സമുദ്രത്തിന്റെ ഏകതയില്‍ അലിഞ്ഞില്ലാതാകുന്നു. എല്ലാ യാത്രകളും ഇങ്ങനെയൊക്കെത്തന്നെയാണ്. ഒരു സത്യാന്വേഷിയുടെ എല്ലാം ഇട്ടെറിഞ്ഞുള്ള യാത്രയുടെ പിന്നിലെ അറുതിയില്ലാത്ത വേദനയുടെ ഞരക്കവും ഈ പ്രക്രിയയുടെ തുടക്കം തന്നെയല്ലാതെ മറ്റൊന്നായിരിക്കില്ല.
ഹിമാലയത്തിന്റെ അടിവാരത്തില്‍ നിന്നുകൊണ്ട് ഞാന്‍ അകലേയ്ക്ക് നോക്കി. നീണ്ടു പരന്നുകിടക്കുന്ന പര്‍വ്വതമാല. എവിടെ തുടങ്ങുന്നു. എവിടെ അവസാനിക്കുന്നുവെന്നു നിശ്ചയമില്ല. എവിടെയാണ് ബദരീനാഥം. മേഘങ്ങള്‍ക്കപ്പുറം മേഘങ്ങള്‍. പര്‍വ്വതങ്ങള്‍ക്കപ്പുറം പര്‍വ്വതങ്ങള്‍. ഉത്തുംഗവും കഠിനവും നിര്‍ദ്ദയവുമായ പര്‍വ്വതങ്ങള്‍. ഈ യാത്ര അസാദ്ധ്യമാണെന്ന് എനിക്ക് തോന്നിപ്പോയി. ഇനിയും സമയം വൈകിയീട്ടില്ല തിരിച്ചുപോകുകയാണ് ഭേദം. അപ്പോഴാണ് ബന്ധുത്വം തോന്നിപ്പിക്കുന്ന ചിരിയുമായി ഒരു യുവബ്രഹ്മചാരി അടുത്തു വന്നിരിക്കുന്നത്. അതോടെ ആ ആശങ്കകള്‍ക്ക് ശമനമായി.
'വഴിനിറയെ കുണ്ടുകളും കല്ലുകളും ആണ്. പുതിയ ചെരിപ്പുകൊണ്ട് കാല്‍ പൊട്ടിയിരിക്കുന്നു തോളില്‍ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയുടേയും കമ്പിളിയുടേയും കയറുകള്‍ ഇറുകി വേദനിക്കുന്നു. ക്ഷീണം വര്‍ദ്ധിച്ചുവരുന്നു. പലരും പലതും ഉപദേശിക്കുകയുണ്ടായി. എല്ലാം ഉപദേശം മാത്രമായി തോന്നി. വഴിയിലേക്ക് ഇറങ്ങിയപ്പോള്‍ ആ ഉപദേശങ്ങളെല്ലാം എത്രത്തോളം അര്‍ത്ഥവത്താണെന്ന് ആലോചിച്ചു നോക്കിയെങ്കിലും ഒരു പിടിയും കിട്ടിയില്ല.' ജീവിതയാഥാര്‍ത്ഥ്യങ്ങളെ നേരിടുമ്പോള്‍ ഒരുവന്‍ അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ ചിത്രം. ഉപദേശങ്ങള്‍കൊണ്ട് കെട്ടിവരിയാന്‍ ഒരുപാടുപേരുണ്ടാവും അതൊന്നും ഇറങ്ങി പുറപ്പെട്ടാല്‍ സഹായകമാവില്ല. സ്വയം ആര്‍ജ്ജിച്ചെടുക്കുന്ന അനുഭവം അതിനോട് ശരിയായി പ്രതികരിക്കാനുള്ള ആര്‍ജ്ജവം. നോവലിസ്റ്റ് ഓര്‍മ്മപ്പെടുത്തുന്നതും ഇതല്ലാതെ മറ്റൊന്നാകാന്‍ തരമില്ല.
'ആദ്യമെല്ലാം യാത്രികര്‍ വലിയ ഉത്സാഹത്തോടെയാണ് ആ വഴിയിലേയ്ക്ക് ഇറങ്ങുക. രണ്ടുനാലു ദിവസം കഴിഞ്ഞാല്‍ അവരുടെ നടത്തത്തിന് വേഗം കുറയുകയായി. ചിലര്‍ കിതച്ചുതുടങ്ങും. ചിലര്‍ ഞൊണ്ടി തുടങ്ങും. പലരും പിന്നിലാവും. ചിലര്‍ കിടപ്പിലാവും. മടുപ്പുതോന്നി തിരിച്ചുപോകുന്നവരും അപൂര്‍വ്വമല്ല. ആദ്യത്തെ ദിവസം അരോഗരും പ്രസന്നരും മധുരഭാഷികളും ആയി കാണപ്പെട്ടവരെല്ലാംക്രമേണ രോഗാതുരരും ക്ഷിപ്രകോപികളും പൊടിപുരണ്ടു വൃത്തികെട്ടവരും ആയിത്തീരും. പലരുടേയും മുഖത്ത് അസ്വാഭാവികമായവിധം വൈരാഗ്യഭാവം നിഴലിക്കും. തീര്‍ത്ഥയാത്രക്കാരുടെ സ്വഭാവം കൂലിക്കാരേക്കാള്‍ നന്നായി മറ്റാര്‍ക്കും അറിഞ്ഞുകൂട. അതിനാല്‍ ചുമട്ടുകിട്ടാത്ത കൂലിക്കാര്‍ വെറും കുട്ടയും പുറത്തുതൂക്കിയിട്ടുകൊണ്ട് ക്ഷമയോടെ എത്ര ദിവസം വേണമെങ്കിലും യാത്രക്കാരുടെ പിന്നാലെ മലകയറി വന്നുകൊണ്ടിരിക്കും. ക്രമേണ ഓരോരുത്തരായി കൂലിക്കാരെ വിളിക്കാന്‍ തുടങ്ങും.' ഒരു സമൂഹം ജീവിതം തുടങ്ങുകയും മുന്നോട്ടുകൊ1ണ്ടുപോകുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്നതെല്ലാം ഇവിടേയും കാണാനാകും. ധ്യാനനിരതമായ വാക്കുകളിലൂടെ ഓരോ വരികളും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
തീര്‍ത്ഥത്തിലേക്കെത്തിക്കുന്ന ഒരു നീണ്ട വഴിയാണ് തപസ്സ്. വഴി അവസാനിച്ചാല്‍ തപസ്സിദ്ധിയായി. ജീവിതത്തിലും ഇതുതന്നെ സ്ഥിതി. അവിച്ഛിന്നമായ അഗ്രഗതിയാണ് നമ്മെ പ്രാണധാരണക്ഷമരാക്കുന്നത്. അതാണ് നമ്മുടെ സാധന. പരമമായ ലക്ഷ്യത്തെ പ്രാപിക്കുവാന്‍ നാം മുന്നേറുകയാണ്. എവിടെയാണ് ചെന്നെത്തുക എന്നറിയില്ല.
എന്താണ് അനുജാ, വല്ലാതെ വിഷമം തോന്നുന്നുണ്ടോ നടക്കാന്‍. വളരെ പിന്നിലായിപ്പോയല്ലോ. ഞാന്‍ നിങ്ങളുടെ വരവുകാത്ത് ഇവിടെ ഇരിക്കുകയാണ്. ഒരു കൂട്ടുകാരനെകൂടി കിട്ടി. അഘോരബാബു. കല്‍ക്കത്തക്കാരന്‍. അഘോരബാബുവിന്റെ ഭാര്യയേയും ശ്വശ്രുവിനേയും കണ്ടു. രണ്ടുപേരും നടന്ന് തളര്‍ന്നു വിളറി വിവശരായിരിക്കുന്നു. പക്ഷെ വെണ്ണീറില്‍ പൊതിഞ്ഞ കനല്‍പോലെ യുവതിയുടെ സൗന്ദര്യം എല്ലാവരേയും ആകര്‍ഷിച്ചു. രാധാറാണി. മുഖത്ത് കമനീയവും ശാന്തവുമായ ഒരു ശ്രീ. 'നിങ്ങള്‍ക്കു വലത്തേകാലിലാണോ വേദന. എനിക്ക് ഇടത്തേതിന്. കുറച്ചുനേരം കഴിഞ്ഞ് രാധാറാണി എന്റെ അടുക്കലേയ്ക്ക് വന്നീട്ട് അല്പം നാണത്തോടെ പറഞ്ഞു. ഞാന്‍ പോരുന്ന വഴിയ്ക്ക് ഒരിടത്ത് മാവുനില്‍ക്കുന്ന കണ്ടു. നിറയെ മാങ്ങ. കുറെ പൊട്ടിച്ചുകൊണ്ടു വന്നു. ചട്ടിണി ഉണ്ടാക്കിയീട്ടുണ്ട്. കുറച്ചു തിന്നണോ.
ലോകത്ത് എവിടെയോ സ്‌നേഹം എന്ന ഒരു ബന്ധം ഉണ്ടെന്ന കഥ ഞാന്‍ മറന്നിരിക്കുകയായിരുന്നു. എവിടെയോ അയാചിതമായഒരു ആത്മാര്‍ത്ഥത കുടിക്കൊള്ളുന്നുണ്ട്. ഒരാള്‍ക്കു മറ്റൊരാളുടെ കാര്യം ആലോചിച്ച് ഉദ്വേഗവും അയാള്‍ക്ക് നല്ലതുവരണമെന്നുള്ള മോഹവും ഉണ്ട് എന്നൊക്കെ ഞാന്‍ വിസ്മരിച്ചിരിക്കയായിരുന്നു. എനിക്കുതോന്നി രാധാറാണിഅകലെ കിടക്കുന്ന ബംഗാളിലെ ശ്യാമളശ്രീയുടെ കമനീയതയും മണ്ണിന്റെ വാത്സല്യവും വഹിച്ചുവന്നിരിക്കയാണ്.
കാലിലെ വേദന സഹിച്ചുകൊണ്ടുനടക്കാന്‍ ശീലമായി. ദേഹം ദുഃഖവും വേദനയുമായി സന്ധിയിലേര്‍പ്പെട്ടു. ശരിക്ക് അസ്വാസ്ഥ്യമില്ലാത്തവിധം നടക്കാന്‍ തന്നെ മറന്നു. എല്ലാ ദുഃഖവും ഇങ്ങനെത്തന്നെയാണ് മനുഷ്യനെ സഹനശീലനാക്കുന്നത്. വഴി നടന്നതിന്റെ എല്ലാവടുക്കളും ദേഹത്തിന്റെ എവിടെനോക്കിയാലും കാണാം. രൂപമാകെ മാറിയിരിക്കുന്നു. ഓരോ അംഗത്തിലും ഹിമാലയത്തിന്റെ മുദ്രകള്‍.
വെയിലില്‍ പൊരിയുന്ന ആ ദിവസം ഇന്നും എനിക്ക് നല്ല ഓര്‍മ്മയുണ്ട്. അഘോരബാബുവിനേയും കുടുംബത്തേയും വേര്‍പിരിഞ്ഞുപോന്ന ആ ദിനം. ആഹാരാദികള്‍ കഴിഞ്ഞ് ഞാന്‍ യാത്ര പറയുവാന്‍ ചെന്നു. രാധാറാണി എന്നെകണ്ടപ്പോള്‍ നിറഞ്ഞ കണ്ണുകളോടെ സഗല്‍ഗദം പറഞ്ഞു. എനിക്ക് ഒരനുജനേ ഉണ്ടായിരുന്നുള്ളൂ. അവന്‍ നിങ്ങളേപ്പെലെത്തന്നെയായിരുന്നു കണ്ടാല്‍... അവനിപ്പോള്‍ ഇല്ല... അമ്മേ മകനോടുവല്ലതും പറയാനുണ്ടെങ്കില്‍ പറയൂ... അമ്മ തലയുയര്‍ത്തി നോക്കി. ഞാന്‍ പറഞ്ഞു. ഏതായാലും മേല്‍വിലാസം എനിക്കു തരൂ. നാട്ടില്‍ തിരിച്ചു ചെല്ലുമ്പോള്‍ വല്ലപ്പോഴും... മേല്‍വിലാസം തരുവാന്‍ നിവൃത്തിയില്ല അനുജാ. വിസ്മയപൂര്‍വ്വം ഞാന്‍ ചോദിച്ചു. അതെന്താ. ആ അമ്മ അസ്ഫുടസ്വരത്തില്‍ പറഞ്ഞു. 'അതിരിക്കട്ടേ, മേല്‍വിലാസം നീ കൊടുത്തേക്കു റാണീ. എത്ര അയോഗ്യരായാലും അമ്മയും സഹോദരിയും ആണല്ലോ നമ്മള്‍. ഞാന്‍ പറഞ്ഞു. 'ശരി, എന്നാല്‍ പിന്നെയാവാം.' ഇതുംപറഞ്ഞ് ഞാന്‍ നമസ്‌കരിക്കാന്‍ തുടങ്ങുമ്പോള്‍ രാധാറാണിഎന്റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു. 'പറയാന്‍ കഴിയുന്നില്ല അനുജാ, സ്ത്രീകളുടെ അപമാനകലുഷിതമായ കഥപറയാന്‍ നാവു പൊങ്ങുന്നില്ല. എന്നാലും നിങ്ങളോട് മറച്ചുവെക്കണമെന്ന് വിചാരിക്കുന്നില്ല. അങ്ങനെ ചെയ്താല്‍ നമ്മുടെ ഈ ബദരീനാഥയാത്രയ്ക്ക് ഒരര്‍ത്ഥവുമുണ്ടാവില്ല.' ഞാന്‍ രണ്ടുപേരേയും മാറിമാറി നോക്കി. അമ്മയും മകളും തലകുനിച്ചുകളഞ്ഞു. തല ഉയര്‍ത്താതെ തന്നെ രാധാറാണി കണ്ണുനീരോടെ പറഞ്ഞു. 'ഞാന്‍ നിങ്ങളുടെ ജ്യേഷ്ഠത്തിയാണ്. പക്ഷേ, അഭിമാനമോ ചാരിത്ര്യമോ ഇല്ലാത്തവളാണ് ഞാന്‍. ജാതിയും മതവും ഇല്ലാത്തവളാണ്. ഞങ്ങള്‍... ഞങ്ങള്‍ വേശ്യകളാണ്.'
പെട്ടെന്ന് എന്റെ ചെവി ഇരമ്പുന്നതുപോലെ തോന്നി. ഞാന്‍ അന്തംവിട്ടു ചോദിച്ചു. 'എന്താണ് പറഞ്ഞത്.' മറുപടിയില്ല. മറുപടിയ്ക്ക് കാക്കുകയും ചെയ്തില്ല ഞാന്‍. ഞാന്‍ പുറത്തേക്കിറങ്ങി വേഗം വേഗം നടക്കുവാന്‍ തുടങ്ങി. ഞാന്‍ നീതിശാസ്ത്രവിദഗ്ദ്ധനല്ല. വേശ്യയെ വേശ്യയായി മാത്രം കാണുന്നവനല്ല ഞാന്‍. സാഹിത്യകാരസഹജമായ ഔദാര്യം പ്രകടിപ്പിക്കുന്നതില്‍ ഞാന്‍ ആര്‍ക്കും പിന്നിലല്ല. പക്ഷേ, ഇത്രയും ആകസ്മികമായ ഒരടി... ഞാന്‍ ഭാരമിറക്കി ഒരിടത്തിരുന്നു. ഇരിക്കുവാനുള്ള ശക്തിപോലും കെട്ടുകഴിഞ്ഞിരുന്നു. അതിനാല്‍ നിവര്‍ന്നുകിടന്നു. ഹാവൂ, ഇനി എഴുന്നേല്‍ക്കാന്‍ ഇടവരാതിരിക്കട്ടേ. എല്ലാ അല്ലലുകള്‍ക്കും അവസാനം വരുത്തുന്ന പ്രശാന്തമായ മരണം വന്നണയട്ടെ. എങ്ങുമില്ല തണല്‍. മുഖത്തുത്തന്നെ വെയില്‍ അടിക്കുന്നു. കയ്യില്‍ വെള്ളം തീരെ ഇല്ല. ഉള്ളില്‍ കിടന്നു കത്തുന്നു. ഇതെന്തൊരു സമാധാനമില്ലായ്മ. സൈ്വര്യക്കേട്. എന്റെ ദുര്‍ബലമായ ഹൃദയം ഇന്നത്തെ സംഭവത്തെ എന്തായിട്ടും സത്യമാണെന്നു സമ്മതിക്കാന്‍ കൂട്ടാക്കാത്തതെന്ത്. ഇതുനേരുതന്നെയാണെന്നോ. വിശ്വാസപൂര്‍വ്വം പൂജിച്ചാരാധിച്ച വിഗ്രഹം ഇതാ തകര്‍ന്നു വീണുകിടക്കുന്നു. സത്യനാരായണനായ സൂര്യഭഗവാനേ.. അവള്‍ക്ക് യാതൊരു തരത്തിലുമുള്ള കളങ്കവുമില്ലെന്ന് അങ്ങയേക്കാള്‍ ഏറെ നന്നായി അറിയാവുന്നത് ആര്‍ക്കാണ്. സ്‌നേഹദാക്ഷിണ്യാദിഗുണഗണങ്ങളില്‍ അവള്‍ ഏതൊരു തറവാട്ടുകാരിയോടും കിടപിടിക്കും. എന്നീട്ടും താന്‍ പതിത്വമുള്ളവളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയത് എന്തിന്. അവളില്‍ യാതൊരുവിധത്തിലുള്ള വഞ്ചനയും ഇല്ല, സ്വാര്‍ത്ഥതയുമില്ല. കാമവാസനയെ കാണിക്കുന്ന മര്യാദകെട്ട ഒരു അംഗചലനംപോലുമില്ല. അവള്‍ ലോകത്തില്‍ മറ്റാരെക്കാളും ഹീനചരിതയല്ല. കൊള്ളരുതാത്തവളല്ല. അല്ല, രാധാറാണി വേശ്യയല്ല.
സ്ത്രീ-പുരുഷ ബന്ധങ്ങളിലെ ലൈംഗികതയേക്കാള്‍ അവര്‍ തമ്മിലുള്ള സൗഹൃദവും പാരസ്പര്യവുമാണ് ഈ കഥാപാത്രങ്ങളെ വരഞ്ഞുകാട്ടുന്നതുവഴി തെളിഞ്ഞുനില്‍ക്കുന്നത്. ഇതു തീര്‍ത്ഥാടനമല്ല. പൂര്‍വ്വജന്മാര്‍ജ്ജിതമായ പാപത്തിനു പ്രായച്ഛിത്തമാണ്. എന്ന് ശക്തമായി അടിവരയിടുന്നു.
ഇതും ജീവിതത്തിന്റെ ഒരു മുഖമാണ്. അപമാനിക്കുന്നവരെയും ഉപദ്രവിക്കുന്നവരെയും ജയിച്ചുകീഴടക്കാന്‍ മനസ്സുകൊതിക്കുന്നു. നമുക്കു പൂര്‍ണ്ണമായും കീഴടങ്ങിനമ്മെ ആശ്രയിച്ചുകഴിഞ്ഞുകൂടുവാന്‍ വിചാരിക്കുന്നവരോട് ഉപേക്ഷ. അവരെ തിരസ്‌കരിക്കല്‍. പ്രേമത്തിനു രണ്ടു വശം. ഒരുവശത്ത് ഒരുത്തനെ ആലംബമാക്കി ഹൃദയം രസം കൊണ്ടും നിറംകൊണ്ടും ആസക്തമാകുന്നു. പ്രേമത്തെ കേന്ദ്രമാക്കികൊണ്ടാണ് മനുഷ്യാത്മാവ് വികസിക്കുന്നത്. മറ്റൊരുവശത്ത് കിട്ടാത്തതിന്റെ പുറകെ നാം പാഞ്ഞു ചെല്ലുന്നു.
സന്യാസത്തിന്റെ കാപട്യരൂപങ്ങളും വളരെ വ്യക്തമായി വരഞ്ഞുവെയ്ക്കുന്ന രംഗങ്ങള്‍ ഈ നോവലിലുണ്ട്. രാത്രി വളരെനേരം സഹചാരിയായ ബ്രഹ്മചാരിയോട് വര്‍ത്തമാനംപറഞ്ഞുകൊണ്ട് കിടന്നു. കഞ്ചാവ് തലയ്ക്കു പിടിച്ച് ബ്രഹ്മചാരി പലതും പറയാന്‍ തുടങ്ങി. എന്തൊല്ലാം ആലോചനകളാണ് അദ്ദേഹത്തിന്റെ മനസ്സില്‍. എന്തെല്ലാം മനോരാജ്യങ്ങളും പരിപാടികളും. അദ്ദേഹം പറഞ്ഞു. ദൈവത്തില്‍ പൂര്‍ണ്ണമായും വിശ്വാസമില്ലെങ്കില്‍.... ഞാന്‍ മഠം സ്ഥാപിച്ചാല്‍ അതിന്റെ എല്ലാ ചുമതലകളും നിങ്ങള്‍ത്തന്നെ ഏല്‍ക്കണം ഏട്ടാ. മഠം സ്ഥാപിക്കാതിരിക്കില്ല ഞാന്‍. കുറച്ചുനാളത്തേയ്ക്കുകൂടി വേണ്ടി വന്നേയ്ക്കാം എന്റെ ഈ ഭിക്ഷാവൃത്തി. ആവശ്യത്തിനാണുപണം അതു സൂത്രം പ്രയോഗിച്ചും.... ബ്രഹ്മചാരിഏതാനും നിമിഷം എന്തോ ആലോചിച്ചീട്ട് വീണ്ടും പറഞ്ഞു. ലഹരി ഇറങ്ങുന്നതിനു മുമ്പുതന്നെ പറയാമല്ലോ ഏട്ടനോട്. കുറേനാളായി ഏട്ടനോട് ആലോചിക്കണമെന്ന് വിചാരിക്കുന്നു. പറഞ്ഞേക്കാം ഇപ്പോള്‍ത്തന്നെ. കുറച്ചുപണം സമ്പാദിച്ചുവെച്ചീട്ടുണ്ട്. ഇനിയും വേണം രണ്ടായിരത്തോളം. എന്താണ് പ്ലാനെന്നോ. ബംഗാളില്‍ തന്നെ തിരിച്ചുപോകും. നല്ല കാലാവസ്ഥയുള്ള ഏതെങ്കിലും ഒരിടത്ത്-ഒരു ഗ്രാമത്തില്‍. മുന്നുനാലു ദിവസം മുമ്പേകൂട്ടി രാത്രി സമയം ആരും കാണാതെ ഗ്രാമത്തലയ്ക്കുള്ള ഏതെങ്കിലും ഒരു മൈതാനത്തിലെ മരച്ചവട്ടില്‍ ഒരു ശിവലിംഗം കുഴിച്ചിട്ടീട്ട് വരും. മുന്നു ദിവസം കഴിഞ്ഞ് സന്ന്യാസിവേഷത്തില്‍ അവിടേയ്ക്കുതന്നെ തിരിച്ചു ചെല്ലും. എല്ലാവരോടും പറയും-കൈലാസത്തില്‍ നിന്നു വരികയാണ് കല്പനയും കൊണ്ട്. വടവൃക്ഷച്ചുവട്ടില്‍ ദൈവം അവതരിക്കും-സ്വയംഭൂമഹാദേവന്‍. ഒരു ക്ഷേത്രം പണിയീക്കണം അവിടെ. ബ്രഹ്മചാരിസന്തോഷത്തോടെ പറഞ്ഞു. ഈ മരമണ്ടൂസന്മാരുണ്ടോ നമ്മുടെ നാടറിഞ്ഞു. ഈ നാട്ടില്‍ ഏറ്റവും ആദായകരമായ തൊഴില്‍ ദൈവങ്ങളെക്കൊണ്ടുള്ളതാണ്.
'ഈ ലോകത്തില്‍ മനസ്സിനിണങ്ങിയ മനുഷ്യനെ കണ്ടുകിട്ടുക വിഷമം. കണ്ടുകിട്ടിയാലോ പിരിയാന്‍ ഏറെ വിഷമം. അതിനാല്‍ മനുഷ്യന്റെ മനസ്സ് തുണയറ്റതാണ്. നേരുപറഞ്ഞാല്‍ നമ്മളെല്ലാം ഏകാകികളത്രേ. ഓരോ വ്യക്തിയുടേയും ദൈനംദിനപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഈ നോവല്‍ മുന്നോട്ടുവെയ്ക്കുന്നത്. നമ്മളെല്ലാം ഏകാകികളാണ്. പക്ഷേ, നമ്മളെല്ലാം യാത്രികരാണ്. ഈ യാത്ര തുടരാന്‍ നമ്മേ പ്രാപ്തമാക്കുന്നത് സഹയാത്രികരാണ്. സാമൂഹ്യബോധമാണത്. ഏകാന്തത അനുഭവിക്കുമ്പോഴും സ്വയം പീഢിതമാകുമ്പോഴും മനസ്സിന്, ശാന്തതയും സമാധാനവും സന്തോഷവും തരുന്ന നോവല്‍.