mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

അനുഭവങ്ങളുടെ തീച്ചൂളയില്‍ ഉരുകിയെരിഞ്ഞു പോയൊരു ആത്മാവിന്റെ തിരുശേഷിപ്പുകള്‍ അഗ്നിപര്‍വ്വത പ്രവാഹമായി അനുവാചകരുടെ മനസ്സിലേക്ക് ഒഴുകി നിറയുന്നത് നാം അറിയുന്നു. ആ ഒഴുക്കിന്

മലപ്പുറത്തെ ഒരു കുഗ്രാമത്തിൽ നിന്ന് ന്യൂയോർക്ക് നഗരത്തിലെ അംബരചുംബികൾ വരെയെത്തുന്ന ദൈർഘ്യമുണ്ടെന്നാണ് 'റഫീഖ് തറയിലിന്റെ, ജോസഫിന്റെ തിരുശേഷിപ്പ്' എന്ന കഥാസമാഹാരം വായിച്ചപ്പോൾ തോന്നിയത്.

ആധുനിക കഥകൾ പ്രത്യേകിച്ചും പാശ്ചാത്യ നാടുകളിൽ പ്രസിദ്ധീകരിക്കുന്നവ ജീവിതാവിഷ്ക്കാരം തനതായി ആഖ്യാനപ്പെടുന്നതാണെന്നുള്ളതാണ് ട്രെൻഡ്. കഥയ്ക്കുള്ളിൽ ഒരു 'കഥ' വേണമെന്ന് വായനക്കാർക്ക് താൽപ്പര്യമില്ലാത്തതു പോലെ ജീവിതത്തിന്റെ ഓരോ അവസ്ഥകളോടെ വളരെ തനിമയോടു കൂടിയാണ് എഴുത്തുകാരൻ പകർത്തിവെച്ചിരിക്കുന്നത്. പ്രവാസ ജീവിത ദുരന്തങ്ങൾ നിറഞ്ഞ സാഹിത്യ കൃതികൾ നമുക്ക് അന്യമല്ലെന്നറിയാം(ആടുജീവിതം). എന്നാൽ അമേരിക്കൻ മലയാളി ജീവിതവും, അവരുടെ ആകുലതകളെയും കുറിച്ചുള്ള കഥകൾ അധികം രചിക്കപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്.ഇവിടെയാണ് റഫീഖ് തറയിൽ എന്ന എഴുത്തുകാരൻ ആഴമേറിയ അവരുടെ മാനസിക വ്യഥകൾ വരച്ചിടാൻ ശ്രമിച്ചിരിക്കുന്നത്. 

കുറുക്കുവഴികളിലൂടെ ഒരു വലിയ വഞ്ചനയും ചതിയുമുൾക്കൊണ്ട് വിസ നേടാൻ ജോസഫിന്റെ ഭാര്യ ചെയ്യുന്ന ക്രൂരകൃത്യത്തിന്റെ കഥ പറയുന്ന 'ജോസഫിന്റെ തിരുശേഷിപ്പ്' എഴുത്തുകാരൻ തിരയുന്നതു പോലെ വരികളിൽ മുഴുവനും ജോസഫിനെ ഞാനും തേടുകയായിരുന്നു.   'ഫിഫ്ത് അവെന്യു'വിലെ നായകൻ നേരിടുന്നത് നിലനിൽപ്പിന്റെ പ്രശ്നമായ വിസ പുതുക്കിക്കിട്ടാതെ പോകുന്ന തീവ്ര സന്ദർഭമാണ്. 'അമേരിക്കൻ ഡ്രീംസ്' -ലെ നായികയ്ക്ക് അമേരിക്കൻ ജീവിതത്തിലെ അതിജീവന പ്രശ്നങ്ങൾ മനസ്സിലാകാതെ പോകുന്നതിലുള്ള സംഘർഷങ്ങളാണ് എഴുത്തുകാരൻ വരച്ചിടുന്നത്.
യാഥാസ്ഥിതികത്വത്തിൽ നിന്നോ ഗതാനുഗതികത്വത്തിൽ നിന്നോ പുറത്തു കടക്കാൻ ശ്രമിക്കുന്ന കഥാപാത്രങ്ങളെ ചില കഥകളിൽ കാണാം.' അറ്റൻഡർ' - ലെ നായകൻ ജോലി സ്ഥലത്തു നിന്ന് കിട്ടിയ പ്രചോദനങ്ങളാൽ പുതിയ വഴികൾ തേടാൻ ശ്രമിക്കുകയാണ്.

'മിസ് ഫിറ്റ്' എന്ന കഥയിൽ അവൻ അവളായി മാറുകയും. സമൂഹത്തിൽ അവനൊരു മിസ് ഫിറ്റ് ആണ്. എന്നാൽ അവന്റ പുതിയ രൂപഘടനയിൽ ഒന്നാം തരം ഫിറ്റും. എന്നാൽ കുടുംബ ബന്ധങ്ങൾ എപ്പൊഴും താങ്ങും തണലുമായി എത്തേണ്ടതില്ല എന്ന് 'അവസാനത്തെ അദ്ധ്യായം' സമർത്ഥിക്കുന്നു. ഉൾനാടൻ ഗ്രാമങ്ങളിലെ സ്വച്ഛത മുതൽ ന്യൂയോർക്ക് നഗരത്തിലെ കാഠിന്യങ്ങൾ വരെ ഈ കഥകളിൽ ഒളിഞ്ഞും തെളിഞ്ഞും വിലസുന്നുണ്ട്. ഒറ്റപ്പെട്ട് പോകുന്നവരുടെ, ജീവിത സംഘർഷങ്ങളിൽ പിൻതള്ളപ്പെട്ടു പോയവരുടെ, പരാജയപ്പെട്ടു പോയവരുടെ ഒക്കെ കഥകളാണ് അനുവാചകരുടെ ഉളളം സ്പർശിക്കാൻ പ്രാപ്തമാക്കുന്നത്. ആഖ്യാനത്തിലെ തെളിമ തന്നെയാണ് കഥാകാരന്റെ മുഖമുദ്ര. വായനാ ക്ഷമതയ്ക്ക് ആക്കം കൂട്ടാൻ അത് ധാരാളം. പച്ചയായ ജീവിതത്തിന്റെ പൊള്ളുന്ന നേർക്കാഴ്ചയിലെ ഓരോ വളവിലും തിരിവിലും വായനയുടെ ആകാംക്ഷ നിലനിർത്താൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം

 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ