ഒരു കാലത്ത് പ്രവാസ സാഹിത്യം പുഷ്കലമായിരുന്നു മലയാള സാഹിത്യത്തിൽ. പാറപ്പുറത്ത്, കോവിലൻ, ആനന്ദ് ,മുകുന്ദൻ , വീ.കെ.എൻ, തുടങ്ങി ബന്യാമിൻ വരെ നീണ്ടു നിൽക്കുന്നു പ്രവാസ
എഴുത്തുകാരുടെ ആ നിര. ആ കണ്ണിയിൽ ഇഴചേർക്കാവുന്ന ഒരെഴുത്തുകാരൻ തന്നെയാണ് ശ്രീ ചാന്ദാങ്കര സലീമും. മുപ്പത് വർഷത്തെ തൻ്റെ പ്രവാസ ജീവിതത്തിനിടയ്ക്ക് നാടകങ്ങൾ, കഥാസമാഹാരങ്ങൾ, നോവലുകളുൾപ്പെടെ അനവധി സാഹിത്യോദ്യമങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. അവയിലവസാനത്തേതാണ് ഒയാസിസ് ബുക്സ് പുറത്തിറക്കിയിരിക്കുന്ന 'ഒട്ടകങ്ങൾ കാണാതെ പോയത്' എന്ന ഈ നോവൽ.
ഈ നോവൽ വായിക്കാനെടുക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വന്നത് ബെന്യാമിൻ്റെ ആടുജീവിതമെന്ന വിഖ്യാത നോവലാണ്. ആടുജീവിതവുമായി ഈ നോവലിനുള്ള അനിതരസാധാരണമായ സാമ്യമാണ് എന്നെ ആകർഷിച്ചത്.പ്രത്യേകിച്ച് ഭീതിദമായ അതിലെ മരു ജീവിതത്തിൻ്റെ പ്രതിപാദനവും മറ്റും. എന്നാൽആടുജീവിതത്തിനും മുമ്പാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത് എന്നുള്ള വസ്തുത എന്നെഅത്ഭുതപ്പെടുത്തുകയും ചെയ്തു. മലബാറിൽ പണ്ടു നടമാടിയിരുന്ന അറബിക്കല്യാണങ്ങളിലേക്ക് വെളിച്ചം വീശിക്കൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. പേർഷ്യയിൽ നിന്നും കോഴിക്കോട് ബേപ്പൂരിൽ ഉരു നിർമ്മാണവുമായി ബന്ധപ്പെട്ട് എത്തുന്ന ഇബ്രാഹിം എന്ന ആറബി യുവാവ് ഖദീജയെന്ന മലയാളി സുന്ദരിയെ നിക്കാഹ് കഴിക്കുന്നു. നാലഞ്ചു മാസങ്ങൾക്കു ശേഷം ഗർഭിണിയായ ഖദീജയെ ഉപേക്ഷിച്ച് അയാൾ കപ്പൽ കയറുന്നു. ഭർത്താവ് തിരികെ എത്തും എന്ന പ്രതീക്ഷയിൽ തൻ്റെ ജീവിതകാലം മുഴുവൻ കാത്തിരിക്കുന്ന ഖദീജ എം.ടിയുടെ മഞ്ഞിലെ വിമലയെ അനുസ്മരിപ്പിക്കുന്നു.
പിതാവാരെന്നറിയാതെ ഒരു യത്തീമായി വളർന്നു വരുന്ന റഹീമെന്ന യുവാവിൻ്റെ സ്വത്വം തേടിയുള്ള ഉദ്വേഗം നിറഞ്ഞയാത്രകളാണ് നോവലിൽ ആദിമധ്യാന്തം അല്പം പോലും രസച്ചരടു മുറിയാതെ നോവലിസ്റ്റ് കോറിയിട്ടിരിക്കുന്നത്. പിതൃത്വത്തിൻ്റെ വേരുതേടിയുള്ള ഈ യാത്രയിൽ നായകൻ നേരിടുന്ന വികാര തീവ്രമായ മുഹൂർത്തങ്ങളുടേയും ,ഭയാനകമായ മരുയാത്രകളുടെയും ആവിഷ്കാരം തഴക്കം വന്ന ഒരു നോവലിസ്റ്റിൻ്റെ നേർ ചിത്രങ്ങളാണ് കാഴ്ചവച്ക്കുന്നത്. കഠിനയാതനകൾക്കു ശേഷം കഥാനായകൻ തൻ്റെ പിതാവിനെ കണ്ടെത്തുന്നിടത്ത് 'നന്മയുടെ പ്രതിഫലം നന്മ മാത്രമാണെ'ന്ന വിശുദ്ധ വചനത്തെ ആത്മാവിൽ ആഴത്തിൽ പതിപ്പിക്കുന്നു ഈ കൃതി. ഗൾഫിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു യാത്രാ കൈപ്പുസ്തകമായും കരുതാനാകുന്നതാണ് ഈ നോവൽ. ദുബായ്, അമ്പുദാബി ,റാസൽ ഖൈമ തുടങ്ങിയ രാജ്യങ്ങളുടെ പ്രകൃതിയെക്കുറിച്ചും ,റോഡുമാർഗ്ഗങ്ങളെക്കുറിച്ചുമെല്ലാം സവിസ്തരം വർണ്ണിച്ചിട്ടുണ്ടിതിൽ.
കാലാകാലങ്ങളായി നടന്നു വരുന്ന പാലസ്റ്റീൻ - ഇസ്രയേൽ സംഘർഷങ്ങളുടെ ചരിത്രവും ഈ നോവലിൽ പ്രതിപാദ്യ വിഷയമാകുന്നുണ്ട്. പതിനൊന്നാം അധ്യായത്തിൽ 'രാജ്യമില്ലാ രാജ്യത്തെ പ്രജ' എന്ന വിശേഷണത്തോടെ അവതരിപ്പിച്ചിരിക്കുന്ന ഖാലിദ് എന്ന പാലസ്റ്റീനിയൻ യുവാവിൻ്റെ ജീവിതകഥയിലൂടെ ഇപ്പോഴും കത്തിനിൽക്കുന്ന ആ വിഷയത്തിൻ്റെ ആഗോള രാഷ്ട്രീയത്തെ പറയാതെ പറഞ്ഞിരിക്കുന്നു നോവലിസ്റ്റ്.
കഥയിലോ, കഥാപാത്രങ്ങളുടെ ജീവിതത്തിലോ ഇടപെടാതെ മാറി നിൽക്കുന്ന എഴുത്തുകാരൻ്റെ കർത്തവ്യം നോവലിസ്റ്റ് ഇവിടെ യഥാവിധി നിറവേറ്റിയിരിക്കുന്നു. പതിനേഴ് അദ്ധ്യായങ്ങളും , ഇരുനൂറു പേജുമുള്ള ഈ പുസ്തകം വായിച്ചു തീരുമ്പോഴേക്കും വായനക്കാരന് ,നോവലിസ്റ്റ് പണിതു വച്ച ഭൂമികയിൽ നിന്നും എളുപ്പമൊന്നും പുറത്തുകടക്കാനാവില്ല തന്നെ. അതു തന്നെയാണ് ഈ നോവലിൻ്റെ വിജയവും.