കഴിഞ്ഞ തവണ നാട്ടിൽ പോയപ്പോൾ, മാതൃഭൂമിയിൽ നിന്നും വാങ്ങിയ പുസ്തകങ്ങളുടെ കൂട്ടത്തിൽ അക്കിത്തത്തിന്റെ 'ഇടിഞ്ഞു പോളിഞ്ഞ ലോകം' ഉണ്ടായിരുന്നു. എവിടമാണ് ഇടിഞ്ഞു പൊളിഞ്ഞതെന്നറിയാൻ വാങ്ങിയതാണ്.
'സത്യപൂജ'-യിൽ തുടങ്ങി 'ഭാരതീയന്റെ ഗാന'-ത്തിൽ അവസാനിക്കുന്ന പതിനാറു കവിതകളുടെ സമാഹാരം. കുറെ കവിതകൾ വായിച്ചു മടക്കി വച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ജ്ഞാനപീഠം മലയാളത്തിലേക്കു വടിയുമൂന്നി കയറി വന്നത്. അപ്പോൾ ശരി, അങ്ങട് മുഴുമിപ്പിക്കാം എന്നു നിരീച്ചു.
ഭാരതത്തിലെ സാഹിത്യത്തിനുള്ള ഏറ്റവും മികച്ച പുരസ്കാരം മലയാളത്തിലേക്കു പടി കടന്നു വന്നിട്ടും, എന്തെ ഒരുത്സാഹമില്ലായ്മ എന്ന് ചിന്തിച്ചുപോയി. നിങ്ങളാരെങ്കിലും അങ്ങനെ ചിന്തിച്ചുവോ? ഇല്ലായിരിക്കും.
"വിമലതെ വന്ദ്യ സിംഹാസനാധിഷ്ഠിതേ,വിജയിക്ക സത്യമേ, ദേവി!" - എന്നാണു 'സത്യപൂജ'-യിൽ കവി പറയുന്നത്. 1998 ൽ ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പു പുറത്തുവന്നു. 20 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ആടിനെ ആവർത്തിച്ചു പറഞ്ഞു പട്ടിയാക്കുന്ന സത്യാനന്തരയുഗമാണ് നാം ഇന്നു നിൽക്കുന്ന പെരുവഴി. ഞാനും നിങ്ങളും തല കറങ്ങി വീഴുന്നത്, സത്യം ഏതെന്ന അന്വേഷണത്തിനു മുന്നിലാണ്.
ഗതിയില്ലാത്ത കുട്ടപ്പൻ എന്ന കോമരം, ഭസ്മം പൂശി ആൽത്തറയിലെ ദിവ്യനായി മാറുന്നതും, സമ്പന്നനാകുന്നതും, ദാരുണമായി ഹനിക്കപ്പെടുന്നതുമാണ് 'കുട്ടപ്പൻ എന്ന കോമര'-ത്തിലെ പ്രമേയം. ആൾദൈവങ്ങൾക്കും, ദിവ്യന്മാർക്കും നല്ല മാർക്കറ്റുള്ള ഈ 'ആധുനിക' കാലത്തു പക്ഷെ അവരാരും ദാരുണമായി അവസാനിക്കുന്നതു കാണുന്നില്ല. അതു കവിയുടെ ആഗ്രഹമാകാം.
ഫാക്ടറി ജോലിക്കാരനായി മാറിയ പണ്ടത്തെ പൂജാരിയുടെ മനോവ്യാപാരങ്ങളാണ് 'പണ്ടത്തെ മേശാന്തി' എന്ന കവിത. ആഢ്യത്വത്തിൽ നിന്നും ദാരിദ്ര്യത്തിലേക്കു മാറ്റി പ്രതിഷ്ഠിപ്പിക്കപ്പെട്ട ഒരു സാമൂഹിക പരിണാമത്തിന്റെ വിവരണം കൂടിയാണ് ഈ കവിത.
"കാണായതപ്പടി കണ്ണുനീരെങ്കിലും
ഞാനുയിർക്കൊള്ളുന്നു വിശ്വാസ ശക്തിയാൽ" എന്ന നിലാപാടു വെളിപ്പെടുത്തിക്കൊണ്ടു കവിത അവസാനിക്കുന്നു.
ചില തലമുടി നാരുകൾ നരച്ചു തുടങ്ങിയ കാലത്തും, ഉള്ളിലുറങ്ങിയ ഉണ്ണി, തൊടിയിലിറങ്ങി രസിക്കുന്നതു കവി അറിയുന്നു. അവിടെനിന്നും പോയ കവി കാണുന്നത് മറ്റു ചില ഉണ്ണികളെയാണ്. അഴുക്കു പുരണ്ട കൈകൾ നീട്ടി 'ദയയുടെ തുള്ളിക്കു' യാചിക്കുന്ന ഉണ്ണികളെ. 'നാറും നഖനിര'യുമായി തീവണ്ടിയിലും, ബസിലുമൊക്കെ പുതുമയുടെ പ്രതിനിധികളായി അവർ പ്രത്യക്ഷപ്പെടുന്നു. ഇവിടെ, പഴമയുടെ ചില നന്മകളെ എടുത്തുകാട്ടി പുതുമയുടെ ചില തിന്മകളെ പരസ്യ വിചാരണ ചെയ്യുകയാണ് കവി 'ഇടിഞ്ഞു പൊളിഞ്ഞ ലോകം' എന്ന കവിതയിലൂടെ ചെയ്യുന്നത്.
നഗരത്തിൽ നിന്നും 'ജനരക്ഷയ്ക്കായി' എന്നു പറഞ്ഞെത്തുന്നവർ, ഗ്രാമത്തിലെ കൃഷീവലരെ വലയ്ക്കുന്ന ദൈന്യചിത്രമാണ് 'പേടിസ്വപ്നം' എന്ന കവിതയിലുള്ളത്. മനുഷ്യഹൃത്തിൽ കിളിർത്തു പെരുകുന്ന പാപമാണ് സർവ്വ നാശകാരിയായ ആണവായുധം എന്ന് 'അണ്വായുധം' എന്നകവിത കണ്ടെത്തുന്നു.
"ഹന്ത വെളിച്ചമെ, നിന്നെത്തിരയുവാ-
നെന്തിന്നെനിക്കൊരു തോന്നൽ തോന്നി" - എന്നു പറഞ്ഞുകൊണ്ടു 'വെളിച്ചം തിരഞ്ഞു' നടക്കുന്ന കവി കണ്ടെത്തുന്നത് ഇതാണ്.
"നീയാവാമിജ്ജഡബ്രഹ്‌മാണ്ഡകോടിയിൽ -
ജ്ജീവാതു കുത്തിയിടുന്ന സൂര്യൻ" -
നാഗരികതയുടെ കടന്നുകയറ്റത്തിൽ ഞെരിഞ്ഞു തകരുന്ന പുരാതന ഭാരതത്തെ ഓർത്തു വിലപിക്കുകയാണ് 'യുഗ പ്രളയത്തിൽ' എന്ന കവിതയിലൂടെ കവി ചെയ്യുന്നത്. എങ്കിലും കവി പ്രതീക്ഷ വെടിയുന്നില്ല. നമ്മൾ മറന്നുപോയ പച്ച മനുഷ്യനെ കവി കണ്ടു പകച്ചു പോവുകയാണ് 'അവനാര് ' എന്ന കവിതയിലൂടെ. തിയോസഫിക്കൽ സൊസൈറ്റിയും, ആനി ബസന്റും ആണ് 'അഡയാറിലെ മുത്തച്ഛൻ' എന്ന കവിതയുടെ പ്രമേയം. കവിയുടെ ദേശീയതയിലുള്ള നിലപാടാണ് 'ഭാരതീയന്റെ ഗാനം' അനാവരണം ചെയ്യുന്നത്. സോമം നൊട്ടിയ നാവിലും, സാമം പാടിയ കണ്ഡത്തിലും കവി അഭിമാനിയാണ്. ഇരുനൂറ്റാണ്ടുകൾ ക്ലേശം സഹിച്ച
ഭാരതത്തിന്റെ കഥയോർക്കെ, കണ്ണിൽ പൊടിയുന്ന കണം മുത്തായി മാറുന്നതിലൂടെ
"നമ്മൾ ജയിപ്പു ശോകത്തെ സ്സഖി,
നമ്മൾ രചിപ്പു നാകത്തെ"
എന്നു കവി വിളംബരം ചെയ്യുന്നു.
എല്ലാ കവിതകളും ഇവിടെ പരാമർശിച്ചില്ല എങ്കിലും കവിയുടെ നിലപാടുകൾ വ്യക്തമാകുന്ന കവിതകൾ ഇവിടെ കാണാം. ഗ്രാമസൗകുമാര്യങ്ങളിൽ അഭിരമിക്കുന്ന, പഴമയുടെ മാഹാത്മ്യങ്ങളിൽ പുളകം കൊള്ളുന്ന, നാഗരികതയുടെ അവ്യവസ്ഥയിൽ ആകുലമാകുന്ന, ഭാരതീയ വിചാരധാരകളിൽ അഭിമാനിക്കുന്ന ഒരു മനസ്സു നമുക്കിവിടെകാണാം. വായിച്ച കവിതകൾ, അതെഴുതിയ കാലഘട്ടത്തിന്റെ സന്ദേഹങ്ങൾ വെളിവാക്കുന്നതു തിരിച്ചറിയാൻ കഴിഞ്ഞു. അക്കിത്തത്തിന്റെ കവിതകൾ പലതും ആസ്വാദിച്ചു. ഏതെങ്കിലുമൊരു നിർവചനത്തിന്റെ കരുത്തിൽ കവിതയെയോ, കവിയെയോ വിലയിരുത്തുന്നതിനു ഞാൻ ഒരുക്കമല്ല. ജ്ഞാനപീഠസമ്മാനിതനായ കവിയെ ആദരിക്കുന്നു, അനുമോദിക്കുന്നു.
പിൻകുറിപ്പ്: മഹാത്മാവിനു ലഭിക്കാതെപോയ 'സമാധാന നോബൽ സമ്മാനം' വിലകുറച്ചത് 'നോർവീജിയൻ നോബൽ കമ്മിറ്റി' യുടെ വിശ്വാസ്യതയുടേതാണ്. രാഷ്ട്രീയപരവും, പ്രത്യയ ശാസ്ത്രപരവും, മതപരവുമായ കാരണങ്ങളാൽ പുകഴ്ത്തലുകളും, ഇകഴ്ത്തലുകളും, ഒഴിവാക്കലുകളും ഉണ്ടാകുമ്പോൾ, സമൂഹത്തിൽ ഉടഞ്ഞു പോകുന്ന മൂല്യവിഗ്രഹങ്ങൾ വളരെ വിലപ്പെട്ടതാണ്.