(കണ്ണന്‍ ഏലശ്ശേരി)
എല്ലാവർക്കുമുള്ള ആത്മദേശങ്ങളിലൂടെയുള്ള ചില തിരിഞ്ഞു നടത്തങ്ങൾ എന്ന് ഓർമ്മകളെയും നോസ്ടാല്ജിയകളെയും ചേർത്ത് പറഞ്ഞുകൊണ്ട് ആമുഖത്തോടെ തുടങ്ങുന്ന ഈ പുസ്തകം ഇതിന് മുമ്പ്
എഴുത്തുകാരി എഴുതിയ ഭൂതകാലകുളിരിന്റെയും നനഞ്ഞു തീർത്ത മഴയുടെയും ബാക്കി ആയുള്ളതാണ്. ഓർമ്മകൾ പരസ്പരം കണ്ണികൾ കൂട്ടി വെച്ചുള്ള തുടർകഥ അല്ല പുസ്തകത്തിൽ. പെറുക്കി എടുത്ത ചില ചിത്രങ്ങൾ മാത്രം.
ഭൂതകാല കുളിർ എന്ന പുസ്തത്തിൽ ദീപ നിശാന്തിനെ വായിച്ചു തുടങ്ങിയവർ ഒരുപക്ഷെ 'ഒറ്റമരപ്പെയ്ത്ത്' വരെ വായിക്കാനുള്ള സാധ്യത കൂടുതലാണ്. സാധാരണ സമൂഹം പൈങ്കിളി എന്ന് മുദ്ര കുത്തിയ എഴുത്തുകൾ വായിക്കാൻ താല്പര്യപെടുന്നവർ തീർച്ചയായും വായിച്ചു തീർക്കും. എന്നാൽ പലർക്കും മലയാളത്തിലെ "പൈങ്കിളി സാഹിത്യം" നിരൂപണം ചെയ്യുന്നതും പരസ്യമായി വായിക്കുന്നതും കുറച്ചിലാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. (എന്റെ വെറും തോന്നൽ ആവാം).
എഴുത്തുകാരിയുടെ മുൻപുള്ള പുസ്തകങ്ങളെ താരതമ്യപെടുത്തി നോക്കുമ്പോൾ പിടിച്ചിരുത്തി വായിപ്പിക്കാനുള്ള പുസ്തകത്തിന്റെ കഴിവ് കുറച്ചു കുറഞ്ഞു പോയിട്ടുണ്ട്. (ഒരുപക്ഷെ "പൈങ്കിളി സാഹിത്യത്തെ" മടുത്തുപോയത് കൊണ്ടാവാം അതുമല്ലെങ്കിൽ എഴുത്തുകാരിയുടെ അറിയാൻ ആഗ്രഹിച്ച പല വിഷയങ്ങളും മുൻപുള്ള പുസ്തകങ്ങളിൽ വായിച്ചു തീർന്നതും കൊണ്ടാവാം.)
13 തലക്കെട്ടോടു കൂടിയുള്ള വളരെ ചെറിയ ഒരു പുസ്തകമാണിത്. ഷക്കീലയെ കുറിച്ച് അധികം കേൾക്കാത്ത കഥകൾ പറഞ്ഞുകൊണ്ടാണ് അധ്യായം ആരംഭിക്കുന്നത്. പുരുഷനെ കുറ്റപെടുത്തി കൊണ്ട് സ്ത്രീത്വം മാത്രം വിളിച്ചോതുന്ന ഒരു പുസ്തകം ആയി പോകുമോ എന്ന് തെല്ലിട ചിന്തിക്കാതിരുന്നില്ല. (വായിക്കുന്ന സമയത്തെ രാഷ്ട്രിയം അങ്ങനെ ചിന്തിക്കാൻ പോന്നതായിരുന്നു).
രസകരമായ എഴുത്ത് ശൈലി തന്നെ ആയിരുന്നു ഈ പുസ്തകത്തിലും ഉടനീളം. മാനുഷിക ബന്ധങ്ങൾ, പ്രണയം, രോഗങ്ങൾ, എഴുത്തുകാരിയുടെ കാഴ്ചപ്പാടുകൾ, സാമൂഹിക വിമർശനം, പ്രവാസം എന്നിങ്ങനെ പല തുലാസിൽ ഈ പുസ്തകം തൂക്കി നോക്കാൻ സാധിക്കും. സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ പച്ചയായ ജീവിതത്തിനപ്പുറം ഷാർജയിലെ ജീവിത പ്രയാസങ്ങൾ തുറന്നു കാണിക്കുന്ന ഭാഗങ്ങൾ നാടിനോടുള്ള മമത വർധിപ്പിക്കുന്നതായിരുന്നു.
ഭാഷാലാളിത്യവും തെളിമയും വായനക്കാരെ ഓർമ്മയുടെ മേച്ചിൽ പുറങ്ങളിൽ എത്തിക്കുന്നു.