(കണ്ണന്‍ ഏലശ്ശേരി)
"നാം കണ്ടു മുട്ടുന്ന ഓരോ വ്യക്തികളും ഓരോ തരം മൂല്യങ്ങളുടെ അജ്ഞാത ഖനികളാണ്. അവരിൽ നിന്ന് പ്രസരിക്കുന്ന ഊർജം ശേഖരിച്ചു തന്നെയാവണം മനുഷ്യ സമൂഹം ഇപ്പോഴും നന്മയിൽ പുലരുന്നത്."
ഒരു ഇരട്ട നോവൽ വിഭാഗത്തിൽ പെടുന്ന നോവലാണ് അൽ - അറേബ്യൻ നോവൽ ഫാക്ടറി. മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് ഇതൊരു ഇരട്ട നോവൽ എന്ന് പറയുന്നത്. ഞാൻ ഈ ഗണത്തിൽ വായിക്കുന്ന ആദ്യത്തെ നോവലാണിത്. ഇരട്ട നോവൽ കൂട്ടത്തിൽ പെടുമെങ്കിലും സ്വന്തമായി ഒരു അസ്തിത്വമുള്ള ഒരു നോവലാണ് അൽ - അറേബ്യൻ നോവൽ ഫാക്ടറി. എങ്കിലും ഈ നോവലിൽ നിന്നും പല വഴികൾ മുല്ലപ്പൂ നിറമുള്ള പകലുകൾ എന്ന നോവലിലേക്കും അവിടുന്ന് തിരിച്ചും ഒഴുകുന്നു എന്ന് വായിക്കുമ്പോൾ തോന്നിയിരുന്നു. (ചിലപ്പോൾ അതെന്റെ മുൻ വിധി കൊണ്ട് ആവാം).
കാനഡയിലെ ടൊറോണ്ടോ സൺഡേ എന്ന മാഗസിനിലെ ജേർണലിസ്റ്റാണ് പ്രതാപ്. അദ്ദേഹത്തിന്റെ ബോസ് നട്ടപാതിരാത്രി വിളിച്ച് ഒരു പ്രൊജക്റ്റ് അസൈൻമെന്റ് കൊടുക്കുന്നു. ഒരു ലോകപ്രശസ്തനായ എഴുത്തുകാരന് പുതുതായി എഴുതുന്ന നോവലിലേക്കു ചേർക്കാനുള്ള വിവരങ്ങൾ ശേഖരിക്കുകയാണ് അസൈൻമെന്റ്. ആ വിവര ശേഖരണത്തിന് ഒരു ടീം രൂപീകരിക്കുന്നു. എന്നിട്ട് പ്രതാപ് ഉൾപ്പെട്ട ആ ടീം ഒരു അറബ് ദേശത്ത് എത്തുന്നു. ആ അറബ് ദേശത്തെ കലാപങ്ങളും, അവിടുത്തെ ജനജീവിതവും, അത് സംബന്ധിച്ച വിവരങ്ങളെല്ലാം ശേഖരിക്കലാണ് പ്രതാപിന്റെയും ടീമിന്റെയും പ്രൊജക്റ്റ്. അപകടകരമായ ഒരു സ്ഥലം എന്നതിനപ്പുറം ഏതാണ് ആ രാജ്യമെന്നോ ഏതാണ് പ്രതാപ് താമസിക്കുന്ന നഗരമെന്നോ നോവലിസ്റ്റ് വെളിപ്പെടുത്തുന്നില്ല.
പ്രതാപ് ഈ അപകടകരമായ പ്രൊജക്റ്റ് ഏറ്റെടുക്കാനുള്ള കാരണം അദ്ദേഹത്തിന്റെ മുൻ കാമുകി ജീവിക്കുന്ന നഗരമാണെന്നതാണ്. ( ഇപ്പോഴും പ്രണയിക്കുന്ന കാമുകിയെ മുൻ കാമുകി എന്ന് വിശേഷിപ്പിക്കാമോ എന്നറിയില്ല !) ആ അറബ് നാട്ടിൽ പ്രതാപ് അനുഭവിക്കുന്ന കാര്യങ്ങൾ പറയുന്നതോടൊപ്പം ആ കാമുകിയായ ജാസ്മിനെ കണ്ടെത്തുമോ എന്ന സസ്പെന്സിലാണ് നോവൽ മുന്നോട്ട് പോകുന്നത്. പ്രതാപ് ആ രാജ്യത്ത് വെച്ച് സമീറ പർവിൻ എന്ന പെൺകുട്ടി എഴുതിയ നിരോധിക്കപ്പെട്ട Spring without smell എന്ന പുസ്തകം കാണാൻ ഇടയായതും അതിനെ തുടർന്ന് പ്രതാപിനും അദ്ദേഹത്തിന്റെ ടീമിനും ഉണ്ടാകുന്ന അനുഭവങ്ങളും നോവലിനെ മുന്നോട്ട് കൊണ്ട് പോകുന്നു.
അതിനിടയിൽ ഈ നോവലിൽ നോവലിസ്റ്റ് പറയുന്ന ഒരുപാട് കാര്യങ്ങളുണ്ട്, ഇറാനിയൻ റെവല്യൂഷൻ, അറബ് വസന്തം അല്ലെങ്കിൽ ജാസ്മിൻ റെവല്യൂഷൻ, ഇറാൻ ഇറാഖ് യുദ്ധം, ഏകാധിപതിയുടെ ക്രൂരതകൾ, ജനാധിപത്യത്തിന്റെ പോരായ്മകൾ, എങ്ങിനെയാണ് ഒരു മനുഷ്യൻ മനുഷ്യ ബോംബാകുന്നത്, എങ്ങിനെയാണ് ഒരു മനുഷ്യൻ തീവ്രവാദിയാകുന്നത്, അങ്ങനെ പല കാര്യങ്ങൾ.....
സ്വാതന്ത്ര്യം എന്നതിന്റെ ഇന്നത്തെ കാലത്തുള്ള പ്രസക്തമായ ഒരു രൂപം നോവലിൽ പറയുന്നുണ്ട്. നമ്മുക്ക് നമ്മുടെ ഭരണാധികാരികളെ ആശയപരമായി വിമർശിക്കാനും, സാമൂഹിക മാധ്യമങ്ങളിൽ വിമർശനാത്മകമായ പോസ്റ്റിടാനും, കമന്റിടാനും, കാർട്ടൂണുകൾ വരക്കാനും, സാധിക്കുമ്പോൾ നമ്മൾ അനുഭവിക്കുന്നത് ജനാധിപത്യത്തിലൂടെ ലഭിക്കുന്ന ഒരു സ്വാതന്ത്ര്യമാണെന്ന് ഈ പുസ്തക വായനയിലൂടെ എനിക്ക് തോന്നുന്നു. (വിമർശനം എന്നത് ശരിയായ രീതിയിൽ ഉൾകൊള്ളുമല്ലോ. ബുള്ളിയിങ്ങും, ബോഡി ഷേമിങ്ങും തുടങ്ങി തെറി വിളികൾ വരെയുള്ളവ ആശയ പരമായ വിമർശനങ്ങളല്ല.)
ശരിക്കുമുള്ള കഥയും ഭാവനയും ചേർത്ത് നോവലിസ്റ്റ് ആവിഷ്കരിച്ച ഈ നോവലിൽ അങ്ങിങ്ങായി ചില അക്ഷര പിശകുകൾ എന്റെ ശ്രദ്ധയിൽപെട്ടു. ബെന്യാമിനെ പോലുള്ള ഒരെഴുത്തുകാരന്റെ എട്ടോളം പതിപ്പുകൾ പുറത്തിറങ്ങിയ ഈ നോവലിൽ ഒരുപാട് എഡിറ്റിംഗും പ്രൂഫ് റീഡിങ്ങും ഒക്കെ കഴിഞ്ഞ് അക്ഷര പിശകുകൾ നിലനിൽക്കുന്നതിൽ എനിക്ക് അത്ഭുതം തോന്നുന്നു. നോവലില്‍ നിന്നും കുറിച്ച് വെക്കണം എന്ന്‍ തോന്നിയ ചില കുറിപ്പുകള്‍.
"ഒരേ ദൈവത്തെ പലവിധത്തിൽ വിശ്വസിക്കുന്ന പലർക്ക് ഒരേ വീട്ടിൽ ഒന്നിച്ച് കഴിയാമെങ്കിൽ പല ദൈവങ്ങളിൽ വിശ്വസിക്കുന്ന പല മതസ്ഥർക്ക് നിശ്ചയമായും ഒരു ദേശത്തിലും ഒന്നിച്ചു ജീവിക്കാം. അതാവും ഏറ്റവും മികച്ച മാനവിക സമൂഹം."
"ഒരു മനുഷ്യന്റെ യൗവനം എത്ര സന്തോഷപൂർണമായിരുന്നു എന്നല്ല വാർദ്ധക്യം എങ്ങനെയെന്ന് അന്നോഷിച്ചു വേണം നാം അയാൾക്ക് മാർക്കിടാൻ"
"പ്രണയം ഒരു വാൽ നക്ഷത്രം പോലെയാണ്. ഒരു വ്യാഴവട്ടക്കാലം കൊണ്ട് പൂർത്തിയാക്കുന്ന സഞ്ചാരപഥമാണ് അതിനുള്ളത്. നഷ്ടപെട്ടുകൊള്ളട്ടെ വിദൂരങ്ങളിലേക്ക് ആണ്ടു കൊള്ളട്ടെ. യഥാർത്ഥ പ്രണയമാണെങ്കിൽ നിശ്ചയമായും അത് നമ്മളിലേക്ക് ഒരു ദിവസം വരുക തന്നെ ചെയ്യും. പണ്ട് ഞാൻ വായിച്ചിട്ടുള്ള പല പുസ്തകങ്ങളിലും നഷ്ടപ്പെട്ടു പോയതോ തിരസ്കരിച്ചു പോയതോ മറവിലാണ്ട് കിടന്നതോ ആയ പ്രണയങ്ങൾ ഒക്കെയും തിരിച്ചു വരാനെടുത്ത കാലം നീണ്ട പന്ത്രണ്ട് വർഷങ്ങൾ ആയിരുന്നു. പന്ത്രണ്ട് വർഷത്തിന് ശേഷവും അത് സംഭവിക്കുന്നില്ലയെങ്കിൽ അതിൽ പ്രണയമില്ലായിരുന്നു എന്ന് ഉറപ്പിക്കാം എന്ന് ആ പുസ്തകങ്ങൾ എന്നോട് പറഞ്ഞു. എന്നെ അത്ഭുതപെടുത്തിയ സംഗതി എന്തെന്നാൽ എന്റെ ജീവിതത്തിലും അത് സംഭവിച്ചത് പതിനൊന്നാം വർഷത്തിലോ പതിമൂന്നാം വർഷത്തിലോ ആയിരുന്നില്ല.കൃത്യം പന്ത്രണ്ടാം വർഷത്തിൽ തന്നെയായിരുന്നു എന്നതാണ്. എഴുത്തുകാരുടെ കാല്പനികതയല്ല കൃത്യമായ പ്രവചനമാണ് ആ മടങ്ങി വരവ് എന്ന് എനിക്കപ്പോഴേ മനസിലായുള്ളു."
DC Books ന്‍റെ 438 പേജുകളുള്ള (396 രൂപ വിലയുള്ള) ഈ ഒരു പുസ്തകം നല്ല കുറച്ച് വായനാ നിമിഷങ്ങള്‍ സമ്മാനിക്കുന്നു.