mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

adiyozhukkukal

Binoby Kizhakkalbalam

നാല്  - അടിയൊഴുക്കുകൾ (1984)

Read Full

കരുണൻ എന്ന പരുക്കനായ മനുഷ്യന്റെ കഥയാണ് എം ടി വാസുദേവൻനായരുടെ രചനയിൽ ഐവി ശശി സംവിധാനം ചെയ്തു 1984ൽ പുറത്തിറങ്ങിയ അടിയൊഴുക്കുകൾ എന്ന ചിത്രം.

ഒരു വൻ താരനിരയുണ്ട് ഈ ചിത്രത്തിൽ. മമ്മൂട്ടി,മോഹൻലാൽ, റഹ്മാൻ, സീമ, മേനക, വിൻസന്റ്, സത്താർ, സുകുമാരി, ശങ്കരാടി അങ്ങനെ നീളുന്നു ആ നിര.

കഥയ്ക്കൊപ്പം സഞ്ചരിച്ച കഥാപാത്രങ്ങൾ ആയിരുന്നു ഇവരൊക്കെ. എം ടി വാസുദേവൻ നായരുടെ ശക്തമായ കഥയായിരുന്നു ഈ ചിത്രത്തിന്റെ മുതൽക്കൂട്ട്. എംടിയിൽ നിന്നും നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു കഥയായിരുന്നു ഈ ചിത്രത്തിന്റേത്. അതിൽ ശക്തമായ സംഭാഷണങ്ങളും ഉണ്ടായിരുന്നു.

"വിളിച്ചിട്ട് കാര്യമില്ലടി... കരുണൻ തിരിച്ചുവന്നപ്പോൾ ഈശ്വരൻ വെണ്ടുരുത്തി പാലം കടന്നുപോയി.... അറിയില്ലേ.... കായലിൽ ശവം പൊന്തുന്നത് കാണാൻ നീയും കാത്തിരിക്കുകയായിരുന്നു അല്ലേടി പൊല..... മോളെ.... "

ഇങ്ങനെയുള്ള സംഭാഷണങ്ങൾ തന്നെ അതിനുദാഹരണം. കരുണൻ നിഷേധിയായ ഒരു മനുഷ്യനാണ്. അയാളുടെ ജയിലിൽ നിന്നുള്ള വരവോടെയാണ് ചിത്രം ആരംഭിക്കുന്നത്. അയാളെ ചുറ്റിപ്പറ്റിയാണ് പിന്നെ കഥ മുന്നോട്ടു പോകുന്നത്. താൻ സ്നേഹിച്ച പെണ്ണ്, താൻ ആർക്കുവേണ്ടിയാണോ ജയിലിൽ പോയത്, ഇന്നവൾ അയാളുടെ ഭാര്യയാണെന്ന് അറിയുമ്പോൾ കരുണൻ അയാളോട്  പ്രതികാരത്തിന് ഇറങ്ങുകയാണ്. പക്ഷേ ഇന്ന് അയാൾ വലിയ നിലയിലാണ്. ഇതിനിടെ  കരുണനിലേക്ക് എത്തിപ്പെടുന്ന കുറെ കഥാപാത്രങ്ങൾ.... ചന്ദ്രൻ (റഹ്മാൻ), ഗോപി (മോഹൻലാൽ), ദേവയാനി (സീമ) ഇവരിലൂടെയാണ് പിന്നീട് ചിത്രം മുന്നോട്ടുപോകുന്നത്.

ജീവിതത്തിന്റെ തുരുത്തിൽ ഒറ്റപ്പെട്ടുപോകുന്ന കുറെ മനുഷ്യർ... അവരുടെ അതിജീവനമാണ് ഈ ചിത്രം.

മനോഹരമായിട്ടാണ് ഐവി ശശി ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഏതു കാലഘട്ടത്തിൽ ഇരുന്ന് നാമീ ചിത്രം കാണുമ്പോഴും ഒരിക്കലും ഈ ചിത്രം ഒരു വിരസത നമുക്ക് സമ്മാനിക്കുകയില്ല. കാരണം അത്രയേറെ ശക്തമായ കഥയും കഥാപാത്രങ്ങളുമാണ് ഈ ചിത്രത്തിൽ ഉള്ളത്. ഗാനങ്ങൾ ഒന്നുമില്ല ഈ ചിത്രത്തിൽ. എന്നാൽ പശ്ചാത്തല സംഗീതത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്.

കരുണൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രവുമാണ് ഇത്. 1984ലെ ഏറ്റവും നല്ല നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ ചിത്രത്തിലൂടെ അദ്ദേഹം  നേടുകയുണ്ടായി. അതുപോലെതന്നെ ആ വർഷത്തെ ഏറ്റവും നല്ല ഛായാഗ്രഹകാനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ജയാനൻ  വിൻസെന്റിന് ഈ ചിത്രത്തിലൂടെ ലഭിച്ചു.

ഒരു ബോട്ടിൽ അപരിചിതരെ പോലെ ഒരു തുരുത്തിൽ എത്തിപ്പെടുന്ന മൂന്നു മനുഷ്യർ.... അവസാനം സുഹൃത്തുക്കളെ പോലെ പോലീസുകാർക്കൊപ്പം മറ്റൊരു ബോട്ടിൽ ജയിലിലേക്ക് യാത്രയാകുന്നതോടെ ഈ ചിത്രം പൂർണ്ണമാകുന്നു.

ഇന്ന് പുറത്തിറങ്ങുന്ന സിനിമകളിൽ എത്ര സിനിമകൾ നമുക്ക് നാളെയ്ക്കുവേണ്ടി മാറ്റിവയ്ക്കാൻ ഉണ്ട് ... അതു പതുക്കെ മറവിൽ മാഞ്ഞുപോകും.... കഥയും കാമ്പും ഇല്ലാത്ത ചിത്രങ്ങൾ... മറവിയിൽ മാഞ്ഞു പോകാതെ ഇന്നും മനസ്സിനെ പിടിച്ചുലയ്ക്കുന്ന കുറേ ചിത്രങ്ങളുണ്ട്... അവയെ കണ്ടെത്തണമെങ്കിൽ കാലത്തിനൊപ്പം കുറെ പിറകോട്ട് സഞ്ചരിക്കണം... ആ സഞ്ചാരത്തിൽ 'അടിയൊഴുക്കുകൾ' പോലെയുള്ള കുറേ ചിത്രങ്ങളെ നമുക്ക് കണ്ടെത്താൻ സാധിക്കും.

വാണിജ്യപരമായും കലാപരമായും വളരെ മികച്ച വിജയം നേടിയ ചിത്രമാണ് അടിയൊഴുക്കുകൾ. തീർച്ചയായും മലയാള സിനിമയുടെ നല്ല കാലത്തിലേക്ക് നിങ്ങൾക്ക് തിരിച്ചു പോകണമെങ്കിൽ, അടിയൊഴുക്കുകൾ പോലുള്ള ചിത്രങ്ങളെ നിറഞ്ഞ മനസ്സോടെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

തുടരും

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ