mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

jinesh malayath

ദൈവം!
നിങ്ങൾ ദൈവത്തെ കണ്ടിട്ടുണ്ടോ?

ഞാൻ കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. ദൈവത്തിന്റെ ലാളനയും കോപവും ഒരുപോലെ അനുഭവിച്ചിട്ടുണ്ട്. ദൈവത്തിന്റെ വൃദ്ധിക്കും ക്ഷയത്തിനും സാക്ഷിയായിട്ടുണ്ട്. നിസ്സഹായതയോടെ നിൽക്കുന്ന ദൈവത്തെ കണ്ടിട്ടുണ്ട്. എല്ലാം സംഹരിക്കാണെന്നോണം കലി പൂണ്ടു നില്ക്കുന്ന ദൈവത്തെയും ഞാൻ കണ്ടിട്ടുണ്ട്. 

കാരണം....

ഈ പ്രകൃതിയാണ് ദൈവം.നമ്മളെ നമ്മളാക്കുന്ന ദൈവം. മനുഷ്യനെയും മറ്റു ജീവജാലങ്ങളെയും സൃഷ്ടിക്കുന്ന ദൈവം. മറ്റെല്ലാം മനുഷ്യ സൃഷ്ടികളാണ്.

ഹിന്ദു ദൈവങ്ങളെ മറ്റു മതസ്ഥർ ആരാധിക്കുന്നില്ല. അവർക്കാർക്കും ഒരു ദോഷവും ഇന്നേവരെ സംഭവിച്ചിട്ടില്ല. അല്ലാഹുവിനെ ആരാധിക്കാത്തതിനാൽ ഒരു അമുസ്ലീമും നശിച്ചു പോയിട്ടില്ല. യേശുവിൽ വിശ്വാസമർപ്പിക്കാത്ത അന്യമതസ്ഥർ സന്തോഷത്തോടെ ജീവിക്കുന്നു. ഇതിലൊന്നും ഉൾപ്പെടാത്ത ശതകോടിക്കണക്കിന് മനുഷ്യേതര ജീവജാലങ്ങൾ ഇവരിലാരെയും വിശ്വസിക്കാതെ വിഹരിക്കുന്നു.

പക്ഷേ ഈ ലോകത്തിലെ നാനാ ജാതി ജീവജാലങ്ങളെയും നിയന്ത്രിക്കുന്ന ഒന്നേയുള്ളൂ. അത് പ്രകൃതിയാണ്.

പ്രകൃതിയെന്ന ദൈവം ഒരിക്കലും മനുഷ്യരുടെ ദൈവത്തെ പോലെ അതീന്ദ്രിയനല്ല. പ്രാർത്ഥിക്കുന്നവരുടെ മുന്നിൽ അനുഗ്രഹങ്ങൾ വർഷിക്കുകയും ധിക്കരിക്കുന്നവരെ കഷ്ടതയാൽ പരീക്ഷിക്കുകയും ചെയ്യുന്ന ഒരു മാടമ്പിയുമല്ല.

നമ്മൾ ആരാധിക്കുന്ന ഓരോ ദൈവങ്ങൾക്കും മുമ്പ് ഒന്നുണ്ട്. പ്രപഞ്ച സ്രഷ്ടാവ് എന്ന് നാം വിളിക്കുന്ന ആ ശക്തിയിൽ നിന്ന് എല്ലാം ഉരുത്തിരിഞ്ഞു എന്ന് ഏവരും ഒരേപോലെ വിശ്വസിക്കുന്നു. ആരാണ് ഈ പ്രപഞ്ചസ്രഷ്ടാവ്? ഈ പ്രകൃതിക്കല്ലാതെ മറ്റെന്തിനാണ് ആ സ്ഥാനം ഏറ്റെടുക്കാൻ കഴിയുന്നത്?

അപ്പോൾ നമ്മുടെ ദൈവങ്ങളോ?

തീർച്ചയായും അവരും ദൈവങ്ങൾ തന്നെയാണ്!

പ്രകൃതി എന്ന മഹാസത്യത്തിൽ നിന്നുരുത്തിരിഞ്ഞ, പ്രകൃതി നമുക്കായി സൃഷ്ടിച്ച അമാനുഷികമായ ചിന്താശേഷയുള്ള ദൈവദൂതരാണവർ.

പ്രകൃതിയെ വണങ്ങാനും സംരക്ഷിക്കാനും പ്രകൃതിയോടിണങ്ങി ജീവിക്കാനും നമ്മെ പഠിപ്പിക്കാനായി ഈ ഭൂമിയിൽ പിറവിയെടുത്ത അവതാരങ്ങൾ.

പ്രവാചകനാവട്ടെ അയ്യപ്പനും കൃഷ്ണനുമാവട്ടെ യേശുവാവട്ടെ എല്ലാവരും പറഞ്ഞത്‌ ഒന്നുമാത്രം. 

പ്രകൃതിയെ അറിഞ്ഞു ജീവിക്കൂ.

തങ്ങളുടെ ദേശത്തിനും കാലത്തിനും അനുയോജ്യരായവരെ ചേർത്ത് അവർ ഓരോ സമൂഹങ്ങളെ സൃഷ്ടിച്ചു.

തന്റെ സാമ്രാജ്യത്തിലെ പരിമിതമായ പ്രകൃതി വിഭവങ്ങളെ അനുയോജ്യമായ രീതിയിൽ ഉപയോഗിക്കാൻ സ്വയം മാതൃകയായി  പഠിപ്പിക്കുകയും പച്ചക്കറികളുടെയും പഴങ്ങളുടെയും ദൗർലഭ്യം മൂലം മറ്റു ജീവികളുടെ മാംസത്തെ അവരോട് ക്ഷമായാചനം നടത്തി ഭക്ഷിച്ചുകൊള്ളുവാനും പ്രവാചകൻ തന്റെ ജനതയോട്  ഉപദേശിച്ചു.മരുഭൂമികളിൽ അവരുടെ ആരോഗ്യം നിലനിർത്താൻ അത് അത്യന്താപേക്ഷികമായിരുന്നു.അതിനായി പ്രകൃതി സൃഷ്ടിച്ച ജീവികളെ അദ്ദേഹം വിവേകപൂർവ്വം ഉപയോഗിച്ചു.ഒപ്പം പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതെങ്ങനെയെന്ന് തന്റെ ജനതയെ പഠിപ്പിച്ചു.അതിനായി നിയമങ്ങൾ നിർമിച്ചു.

ഇനി കൃഷ്ണനിലേക്ക് വരാം. സ്വന്തം സമുദായത്തെ പ്രകൃതിപരിപാലനവും പ്രകൃതിവിഭവങ്ങളുടെ ശേഖരണവും പഠിപ്പിച്ചു. അതിലൂടെ പ്രകൃതിയെ ആരാധിക്കുന്നതിന്റെ പ്രാധാന്യം മനസിലാക്കികൊടുത്തു. അതിലൂടെ ശക്തരായി തീർന്ന യാദവർ അഹങ്കാരികളാവുകയും പ്രകൃതിയെയും പ്രകൃതിയുടെ വക്താവായ കൃഷ്ണനെയും ധിക്കരിക്കുകയും സർവ്വനാശം ഏറ്റുവാങ്ങുകയും ചെയ്തു.

ശ്രീ അയ്യപ്പൻ ശബരിമലയിൽ പ്രകൃതിയിൽ ലയിച്ചു ചേർന്നപ്പോളാണ് ദൈവമായി അവരോധിക്കപ്പെട്ടത്. അതുവരെ ഏതൊരു മനുഷ്യനെയും പോലെ പരീക്ഷണങ്ങളുടെയും ദുരിതങ്ങളുടെയും ആകെത്തുകയായിരുന്നു അയ്യപ്പനും.

യേശു അവന്റെ ജനങ്ങളോട് പറഞ്ഞു "നാം പരിസ്ഥിതിയെ നിയന്ത്രിക്കേണ്ടത് നമ്മുടെ സ്വന്തം നേട്ടത്തിന് വേണ്ടിയല്ല, മറിച്ച് ദൈവമഹത്വത്തിന് വേണ്ടിയാണ്."

തന്റെ സാമുദായിക ജീവിതത്തിലൂടെയും പരസ്‌പരം പരിപാലിക്കാനുള്ള പഠിപ്പിക്കലിലൂടെയും അവന്റെ ഭൂമിയും നീതിയും സംബന്ധിച്ച ആശങ്കകളിലൂടെയും പരിസ്ഥിതി പ്രവർത്തകനായും പ്രകൃതിയുടെ ദാസനായും  യേശുവിനെ കാണക്കാക്കപ്പെടുന്നു.

പിന്നെ എവിടെയാണ് എല്ലാം മാറാൻ തുടങ്ങിയത്?

ദൈവത്തിന്റെ കൈകാര്യക്കാർ എന്ന് സ്വയം അവരോധിക്കപ്പെട്ട എല്ലാ വിഭാഗങ്ങളിലെയും പുരോഹിതവർഗ്ഗങ്ങൾ തങ്ങളുടെ അധീശത്തെ ചോദ്യം ചെയ്യപ്പെടാതിരിക്കാനായി മതത്തെ ആയുധമാക്കി. ദൈവത്തിന്റെ സൃഷ്ടിയാണ് പ്രകൃതി എന്ന് തിരുത്തി. അതിന് പിൻബലമേകാൻ പ്രകൃതി ദാസന്മാരായ ദൈവതുല്യർ നിർമ്മിച്ച നിയമങ്ങളിൽ തങ്ങൾക്കനുകൂലമായി ഭേദഗതി വരുത്തി. എന്നിട്ട് നിരക്ഷരരായ ജനവിഭാഗങ്ങളോട് പറഞ്ഞു. "ഇതാണ് ദൈവത്തിന്റെ നിയമം. ഈ നിയമങ്ങളെ നിങ്ങൾക്ക് ഉപദേശിച്ചു തരാനായി ദൈവം ഞങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു".

ശേഷം പ്രകൃതിയേക്കാൾ വലിയ ദൈവങ്ങളുണ്ടായി.ദൈവങ്ങളെക്കാൾ വലിയ പുരോഹിതരുണ്ടായി. അവർക്ക് എന്നെന്നും നിലനിൽക്കാനായി മതങ്ങളുമുണ്ടായി.

എല്ലാറ്റിനും പ്രകൃതിയും ഞാനും സാക്ഷി.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ