ഇതെഴുതുമ്പോൾ ലാസ് വിഗാസിലെ കൂട്ടക്കൊലയിൽ 58 മനുഷ്യർ കൊല്ലപ്പെടുകയും 500 ൽ പരം ആളുകൾ മുറിവേൽക്കപ്പെടുകയും ചെയ്തു. ഇതിൽ ലോക ജനത വ്യാകുലപ്പെടേണ്ട കാര്യമുണ്ടോ?
ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ അമേരിക്കൻ ഐക്കനാടിന്റെ പ്രസിഡന്റ് ഇതിനെപ്പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്. "act of pure evil"
എന്നുവച്ചാൽ ഇതൊരു ദുഷ്കർമ്മ മാണെന്ന്. കഴിഞ്ഞു. തോക്കിനുള്ള നിയന്ത്രണം അമേരിക്കൻ രാഷ്ട്രീയത്തിലെ ചൂടുള്ള വിഷയമാണ്. തോക്കിനു നിയന്ത്രം ആവശ്യമില്ല എന്നു വാദിക്കുന്ന ലോബി വളരെ പ്രബലമാണ്. മുൻ പ്രസിഡന്റായ ബരാക് ഒബാമ നിയന്ത്രണം കൊണ്ടുവരാൻ പല വട്ടം ശ്രമിച്ചു പരാജയപ്പെട്ടതാണ്. ഇക്കാര്യത്തിലുള്ള ട്രംപിന്റെ നിശബ്ദത ഒരുപാടു കാര്യങ്ങൾ വിളിച്ചു പറയുന്നുണ്ട്.
ഇതൊരു ദുഷ്കർമ്മം ആണെന്നു പറഞ്ഞപ്പോൾ ഈ കൂട്ടക്കുരുതിയെ എത്രമാത്രം നിസ്സാരവൽക്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. തടയുവാൻ കഴിയാത്ത ഒരു ദുരന്തം പോലെ എന്ന മട്ടിൽ അതിനെ വിശദീകരിച്ചു കൊണ്ട് അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും, ഭാവിയിൽ അതു തടയുന്നതിൽ നിന്നും അദ്ദേഹം തന്ത്രപ്പൂർവം ഒഴിഞ്ഞുമാറി. ഒരുപക്ഷെ ഏതെങ്കിലുമൊരു തീവ്രവാദി ഒരമേരിക്കൻ പൗരനെ ഈ സ്ഥാനത്തു കൊന്നിരുന്നെങ്കിൽ എന്തൊക്കെ കോലാഹലങ്ങൾ ഉണ്ടാകുമായിരുന്നു!. ട്രംപ് എന്തൊക്കെ വിളിച്ചു പറയുമായിരുന്നു! എന്തൊക്കെ പ്രവർത്തികൾക്ക് തുടക്കം കുറിക്കുമായിട്ടിരുന്നു! എന്തൊക്കെ ലോക രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്യുമായിരുന്നു!
തോക്കു കൊണ്ടുള്ള സ്വയ രക്ഷയിൽ അമേരിക്കൻ ജനത ഒരുപാട് ദൂരം മുന്നോട്ടു പോയിക്കഴിഞ്ഞു. ഇനിയുമൊരു തിരിച്ചുപോക്ക് വളരെ പ്രയാസമുള്ളതാണ്. ആഗോളതാപനം പോലെ ഇനി പുറകോട്ടു കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ്.