(Shouby Abraham)
ഞാൻ എഴുതട്ടെ അരുതെന്നു പറയരുത് നിങ്ങൾ. നിങ്ങളുടെ അരുതിൽ അണഞ്ഞതാണെന്റെ ചിരിയും സ്വപ്നങ്ങളും അഭിലാഷങ്ങളും. അക്ഷരങ്ങളെ കൂടി വിലക്കിയാൽ ഞാൻ പിന്നെ എവിടെയാണെന്നെ കണ്ടെത്തുക.
ഈ നരയും വരയും ബാധിച്ച എനിക്ക് ഇനി എപ്പോഴാണ് സമയം? ഞാൻ എപ്പോഴാണ് ഞാനായി ജീവിക്കുക? എനിക്കന്യമായ എന്നെ തിരയുകയാണ് ഞാനിന്നീ അക്ഷര വീഥികളിൽ. വാക്കുകളോടും വരികളോടും ആരായുന്നു എവിടെ ഞാനെന്നു. കണ്ടെത്തണം എനിക്കെന്നെ ഇനി എത്ര ദൂരം ഏതു സമയം എന്നറിയില്ല പക്ഷെ മരണദൂതൻ വരുമുന്നേ എനിക്കൊരിക്കൽ കൂടി ഞാനാകണം. നിങ്ങൾക്ക് വേണ്ടി ചമയം കെട്ടി ആടി മടുത്തു ഞാൻ. ഈ വേദി വിടുമുന്നേ തരികെ എനിക്കെന്റെ ഉടയാടകളും അലങ്കാരങ്ങളും ഒരിക്കൽ കൂടി ഒരിക്കൽ കൂടി മാത്രമെങ്കിലും. ഞാൻ ഞാനായിക്കോട്ടേ... ഇനി മണ്ണിലലിയും മുന്നേ ഞാനെന്നെ ഒന്ന് മണ്ണിലുറപ്പിച്ചോട്ടേ.