"യൂ ഹാവ് ഓ സി ഡി, പ്രിയാ" ഇതാദ്യമായി പറയുന്നത് കാർത്തിയാണ്. അന്ന് അവനോടു ഞാൻ അങ്ങിനെയല്ലായെന്നു സമർത്ഥിക്കുവാൻ എന്തൊക്കെയോ ന്യായവാദങ്ങൾ നിർത്തി. എനിക്ക് തന്നെ തീർച്ചയില്ലാത്ത എന്തിന്റെയോ സത്തയത്രയും എന്റെ വാദങ്ങളിൽ നിഴലിച്ചിരുന്നു.
"യൂ മൈറ്റ് നീഡ് ഹെല്പ്" അവൻ അനുഭാവപൂർവം അന്നു പറഞ്ഞു. അതിനു ശേഷം പിന്നീട് ഞാനവനോട് സംസാരിച്ചതേയില്ല. എന്തു കൊണ്ടോ, അതിനു മുതിരുവാൻ കൂടി താത്പര്യപ്പെട്ടില്ല.
ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാതെ, മെസ്സേജുകൾക്ക് മറുപടി അയയ്ക്കാതെ ഞാൻ ഒളിച്ചിരുന്നു. ഒളിച്ചിരുന്നത് എന്നിൽ നിന്നു തന്നെയാണെന്ന് തിരിച്ചറിയുന്നത് പിന്നീട് മാത്രമാണ്. അവൻ പറഞ്ഞ ശരികൾ, ശരികളാണെന്ന് അറിയാവുന്നതും എനിക്ക് തന്നെ.
ഞാൻ എപ്പോഴും അങ്ങനെയായിരുന്നു.
വീടിന്റെ വാതിൽ ശരിക്ക് പൂട്ടിയിരുന്നു എന്നുറപ്പ് വരുത്തിയത്തിന് ശേഷവും പല തവണ തിരികെ ചെന്നു പരിശോധിച്ചിരുന്നു. ഒരിക്കൽ വീട്ടിൽ കള്ളൻ കയറിയതിനു ശേഷമാണതെന്നു ഞാൻ എന്നെ പറഞ്ഞു പഠിപ്പിച്ചു.
കഴിഞ്ഞുപോയ അപ്രിയ സംഭവങ്ങളെ അതേ തീവ്രതയോടെ ഞാൻ വീണ്ടും ചിന്തകളിൽ ജീവിപ്പിച്ചു. ഒരിക്കൽ ഏതോ ഒരു ചോദ്യത്തിനെ വളച്ചൊടിച്ച് അസുഖകരമായ മറുപടി അയച്ച സുഹൃത്തിന്റെ മെസ്സേജ് വീണ്ടും വീണ്ടും തുറന്നു നോക്കി, അതിൽ എന്റെ തെറ്റൊന്നുമില്ലെന്ന് പലകുറി ഉറപ്പു വരുത്തിയിരുന്നു ഞാൻ. വീണ്ടും വീണ്ടും അതേപ്പറ്റി ഉത്ക്കണ്ഠപ്പെട്ട് എന്നോട് തന്നെ നീരസപ്പെടുകയും.
ഇതൊന്നും തന്നെ ദൈനംദിന ജീവിതത്തെ ബാധിക്കാതിരുന്നത് വരെ ഞാൻ സുരക്ഷിതയാണെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ഇത്തരം ഉത്ക്കണ്ഠകൾ, ദേഷ്യമായും, സങ്കടമായും പ്രിയപ്പെട്ടവർക്ക് മുന്നിൽ പൊട്ടിയുടയുംവരെ. ശരിയുടെയും തെറ്റിന്റെയും നൂൽപാലങ്ങളിൽ മനസ്സു സഞ്ചരിക്കുവാൻ പാകപ്പെടുന്നത് ഞാൻ അറിഞ്ഞു കൊണ്ട് തന്നെയാണ്. അതിനെ വരുതിയിലാക്കാൻ അസാധ്യമെന്നു ഞാൻ അടിവരയിട്ടു.
"എന്റെ ജോലിയുടെ സ്വഭാവം അങ്ങിനെയാണ്". അന്ന് ഞാൻ കാർത്തിയോട് തർക്കിച്ചു.
ഞാനൊരു ഇന്റീരിയർ ഡിസൈനറാണ്. വസ്തുക്കളെയും നിറങ്ങളെയും അതതു സ്ഥാനത്തു കൃത്യതയോടെ അടുക്കി വയ്ക്കുക എന്റെ ജോലി ആവശ്യപ്പെടുന്ന ഒന്നാണ്. ഇതൊക്കെ ഞാൻ എന്നോട് തന്നെ പറഞ്ഞിരുന്ന ന്യായങ്ങൾ തന്നെയായിരുന്നു.
യാഥാർഥ്യത്തിൽ, എന്റെ നിയന്ത്രണത്തിലോ അല്ലാതെയോ നടന്നു പോയ ആരോചകമോ അപ്രിയമോ ആയ ഏതൊരു സാഹചര്യത്തെയും ഞാൻ എളുപ്പത്തിൽ എന്റെ ചിന്തകളിൽ നിന്നും ഒഴിവാക്കിയിരുന്നില്ല. വീണ്ടും വീണ്ടും അതേപ്പറ്റി ഒരേ കോണിലൂടെ വീക്ഷിച്ച്, അതേ സാഹചര്യത്തിൽ വീണ്ടും മനസ്സിൽ ജീവിച്ചു കൊണ്ടിരുന്നു.
'ദിസ് ഇസ് ഇറ്റ്' എന്നു തോന്നിയ ഒരു ദിവസമാണ് കാർത്തിയെ നാളുകൾക്ക് ശേഷം തിരികെ വിളിക്കുന്നത്. 'ഐ നീഡ് ഹെല്പ്' എന്ന ഒറ്റ വാചകം കൊണ്ട് ഇടയിലുണ്ടായ വലിയൊരു മതിൽകെട്ടുടഞ്ഞു. ഇന്നർ എഞ്ചിനീയറിങ് എന്നോ മറ്റോ കുറെ വീഡിയോസ് അയച്ചു അന്നവൻ. മനസ്സിനെ പാകപ്പെടുത്തുകയാണ് വേണ്ടത് എന്ന് ഓർമിപ്പിച്ചു കൊണ്ടേയിരുന്നു. സഹായം പുറത്തു നിന്നല്ല, എന്നിൽ തന്നെയാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു.
ഒബ്സെസ്സിവ് കംപൽസീവ് ഡിസോർഡർ അഥവാ ഒ സി ഡി, ഒരവസ്ഥയാണ്. ശരിയായ സമയത്തു തിരിച്ചറിയപ്പെടുമെങ്കിൽ അതിജീവിക്കുവാൻ സാധിക്കുന്ന ഒരവസ്ഥ. തിരിച്ചറിയുക എന്നത് മാത്രമാണ് അതിലെ സങ്കീർണത. ഭൂരിഭാഗം വരുന്ന മനുഷ്യരും ജീവിതത്തിന്റെ ഒന്നല്ലെങ്കിൽ മറ്റൊരു ഒഴുക്കിൽ ഈ ചുഴിയിൽപെടുക തന്നെ ചെയ്യുന്നുമുണ്ട്. ചിലർ മറ്റൊരു സഹായവുമില്ലാതെ നീന്തി പുറത്തു കടക്കുമ്പോൾ, ചിലർ ചുഴിയിൽപെട്ടത് പോലും തിരിച്ചറിയാനാവാതെ വട്ടം ചുറ്റുന്നു. മനസ്സിനെ വരുതിയിലാക്കുക അനായാസമായ ഒന്നല്ല, എന്നാൽ ശ്രമപ്പെട്ടാൽ സാധിക്കുന്നതുമാണ്. അതു തിരിച്ചറിഞ്ഞിടത്താണ് ഞാൻ എന്നെ ജയിച്ചത്. ക്ഷമയോടെ കാത്തിരിക്കാൻ എനിക്ക് കാർത്തി ഉണ്ട് എന്ന ബോധ്യം വരുന്നത്.
ചില നേരങ്ങളിൽ 'ഐ നീഡ് ഹെല്പ്' എന്ന ചിന്ത നമ്മൾ നമുക്ക് തന്നെ നൽകുന്ന വലിയ സമ്മാനമാണ്.